നിയമസഭയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കാണ് അംഗങ്ങള്‍ക്ക് സംരക്ഷണമെന്നും അക്രമങ്ങള്‍ക്കല്ല എന്നും ഹൈക്കോടതി. അതിനാല്‍ കയ്യാങ്കളിക്കേസ് തള്ളാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് തള്ളണമെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജി തളളി. സഭയ്ക്കകത്ത് അക്രമത്തിന് നിയമപരിരക്ഷ ഇല്ലെന്ന് ഹൈക്കോടതി സംശയലേശമെന്യേ വ്യക്തമാക്കി.
മന്ത്രിമാരായിരുന്ന ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, എംഎൽഎമാരായിരുന്ന കെ. കുഞ്ഞഹമ്മദ്, കെ. അജിത്, വി. ശിവൻകുട്ടി, സി.കെ. സദാശിവൻ തുടങ്ങിയ ആറ് ജനപ്രതിനിധികളെ പ്രതികളാക്കിയാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് കുറ്റപത്രം സമർപ്പിച്ചത്. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഇടതു മുന്നണി സർക്കാർ സമർപ്പിച്ച ഹർജി നേരത്തെ തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ അപ്പീൽ ഹർജിയുമായി സമീപിച്ചത്.
സംഭവം നടന്നത് സഭയ്ക്കകത്ത് ആയിരുന്നതിനാൽ പ്രതി ചേർക്കപ്പെട്ട മന്ത്രിമാർക്കും എംഎൽഎമാർക്കും ജനപ്രതിനിധികൾക്കുള്ള പരിരക്ഷ ലഭിക്കുമെന്നായിരുന്നു സർക്കാർ വാദം.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേസിലെ വിചാരണ നടപടിയുമായി പ്രോസിക്യൂഷന് മുന്നോട്ടു പോകാവുന്ന സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ കോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രിയായിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. സ്പീക്കറുടെ കസേരയും മൈക്ക് സ്റ്റാൻഡ്, കമ്പ്യൂട്ടറുകൾ, ഹെഡ്ഫോണുകൾ തുടങ്ങി നിരവധി സാധനങ്ങൾ നശിപ്പിക്കപ്പെട്ടു. രണ്ടു ലക്ഷം രൂപയുടെയെങ്കിലും പൊതുമുതൽ നശിപ്പിച്ചു എന്നായിരുന്നു കുറ്റപത്രം. പിണറായി സർക്കാർ അധികാരത്തിൽവന്ന ശേഷം വി. ശിവൻകുട്ടി എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് പിൻവലിക്കുന്നതിന് സർക്കാർ കോടതിയെ സമീപിച്ചത്.