കേരളത്തില്‍ ഒരു വിധത്തില്‍ 139 മണ്ഡലത്തിലും യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങിയിട്ടും കോഴിക്കോട്ടെ എലത്തൂരിലെ ഔദ്യോഗിക സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ അടിപിടി തീരുന്നില്ല. യു.ഡി.എഫിന് ഇവിടെ രണ്ട് സ്ഥാനാര്‍ഥികളുണ്ട് ഇപ്പോഴും. ഭാരതീയ നാഷണല്‍ ജനതാ ദള്‍ (ബി.എന്‍.ജെ.ഡി.) എന്ന ഒരു പാര്‍ടിയുണ്ട് അവിടെ. അവരുടെ സ്ഥാനാര്‍ഥിയുണ്ട്. ഈ പാര്‍ടിയെപ്പറ്റി ആരും അധികമൊന്നും കേട്ടിരിക്കാനിടയില്ല. എന്നാല്‍ എലത്തൂര്‍ മണ്ഡലത്തിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളില്‍ പാര്‍ടിക്ക് സംഘടനാ സംവിധാനമുണ്ട്, ചേളന്നൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ അഞ്ച് അംഗങ്ങളുണ്ട്. ബി.എന്‍.ജെ.ഡി.യുടെ വിദ്യാര്‍ഥി നേതാവായ റാഷി ആണ് ഒരു യു.ഡി.എഫ്. സ്ഥാനാര്‍ഥി. എം.കെ.രാഘവന്‍ എം.പി. ശക്തമായി പിന്താങ്ങുന്നത് റാഷിയെ ആണ്.
മറ്റൊരു സ്ഥാനാര്‍ഥി മാണി സി.കാപ്പന്റെ നാഷണലിസ്റ്റ് കേണ്‍ഗ്രസ് കേരള-യുടെ സുല്‍ഫിക്കര്‍ മയൂരി ആണ്. ഇവരില്‍ ആരാകണം ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡണ്ട് കെ.വി.തോമസ് വിളിച്ചു ചേര്‍ത്ത യോഗത്തിലും തീരുമാനമായില്ല. തര്‍ക്കം മൂത്തു നിന്നതിനാല്‍ ഇനി കെ.പി.സി.സി. തീരുമാനിക്കട്ടെ എന്നു പറഞ്ഞ് തോമസ് മാഷ് രക്ഷപ്പെടുകയാണുണ്ടായത്. എന്നാല്‍ സുള്‍ഫിക്കര്‍ മയൂരിയെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസിലെ ചില വിഭാഗത്തില്‍ നീക്കം ഉള്ളത്. മാണി സി.കാപ്പനാവട്ടെ സീറ്റ് തങ്ങളുടെതു തന്നെയാണെന്ന വാദവുമായി ഉറച്ചു നില്‍ക്കുന്നുണ്ട്. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രചാരണവുമായി ബഹുദൂരം മുന്നേറിക്കഴിഞ്ഞിട്ടും യു.ഡി.എഫില്‍ തര്‍ക്കം തീര്‍ന്നിട്ടില്ല.