നന്ദിഗ്രാം ബംഗാള്‍ രാഷ്ട്രീയത്തിലെ വി.ഐ.പി. പടനിലമാകുകയാണ്. അത് ഒരുനാള്‍ സി.പി.എമ്മിന്റെ ചാവുനിലം ആയിരുന്നു. അവിടുന്നാണ് മമത ബാനര്‍ജി കുതിച്ചുയര്‍ന്നത്.
ഇത്തവണ താന്‍ നന്ദിഗ്രാമിലാണ് മല്‍സരിക്കുക എന്ന് മമത വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മുഖ്യഎതിരാളിയെയും പ്രഖ്യാപിച്ചു കഴിഞ്ഞു. അത് മറ്റാരുമല്ല, മമമതയുടെ മന്ത്രിസഭയില്‍ കഴിഞ്ഞ ഡിസംബര്‍ വരെ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത കഴിഞ്ഞാല്‍ രണ്ടാമനുമായി പരിഗണിക്കപ്പെട്ടിരുന്ന സുവേന്ദു അധികാരിയും.’
മമതയുമായി തെറ്റിപ്പിരിഞ്ഞ സുവേന്ദു ബി.ജെ.പി.യില്‍ ചേര്‍ന്നു. ഇപ്പോള്‍ മമതയ്‌ക്കെതിരെ ബി.ജെ.പി.യുടെ പ്രധാന പോര്‍മുനയാണ്. എന്നാല്‍ മമതയും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. തന്നെ ചതിച്ചയാളെ മടയില്‍ പോയി തോല്‍പിക്കുക എന്നതാണ് മമതയുടെ പോരാട്ടവീര്യം. നന്ദിഗ്രാമിലെ സിറ്റിങ് എം.എല്‍.എ. ആണ് സുവേന്ദു അധികാരി.