തന്റെ നവരസ പരമ്പരയിലെ എട്ടാമത് ചിത്രമായ ഹാസ്യം ഫലിതരസ പ്രധാനമല്ലെന്നും കറുത്ത ഹാസ്യമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും സംവിധായകൻ ജയരാജ് . കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഹാസ്യം എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിനുശേഷം പ്രേക്ഷകരുടെ ചോദ്യങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
മരണമാണ് സിനിമയുടെ വിഷയം. മുൻ ചിത്രമായ ഭയാനക ത്തിലും മരണം കടന്നുവരുന്നുണ്ട് .മരണദൂതനായി പോസ്റ്റ്മാനാണ് അവിടെ കടന്നു വരുന്നത്. മരണത്തെ ഒരു വിഷയമായി അവതരിപ്പിച്ചിട്ടുണ്ട് രണ്ടു സിനിമകളിലും .
വിഷയവുമായി ബന്ധപ്പെടുത്തിയാണ് മരണം ഉപയോഗിക്കേണ്ടി വന്നത് ഹാസ്യം എന്ന സിനിമ കണ്ട് എല്ലാവരും ചിരിക്കാൻ ശ്രമിക്കുമെങ്കിലും അതിനുമപ്പുറം കറുത്ത യാഥാർത്ഥ്യങ്ങളിലേക്ക് പ്രേക്ഷക ശ്രദ്ധ പതിയണം എന്ന് തോന്നിയിരുന്നു. ചാപ്ലിൻ സിനിമയിൽ ഉപയോഗിച്ച സോഷ്യൽ ട്രാജഡി എന്ന സങ്കേതം ഉദാഹരിച്ച് ജയരാജ് പറഞ്ഞു. മെഡിക്കൽ കോളേജ് ഡോക്ടറായി മികച്ച അഭിനയം കാഴ്ച വെച്ച ഒറ്റപ്പാലത്തെ ഡോക്ടർ പി.എം.മാധവൻ ജപ്പാൻ്റെ ഭാര്യയായി അഭിനയിച്ച സബിത ജയരാജ് എന്നിവരും ഹാസ്യം കാണാനെത്തിയിരുന്നു. അരക്കുതാഴെ തളർന്നുപോയ ഡോക്ടർ മാധവൻ വീൽചെയറിലിരുന്നാണ് സിനിമ കണ്ടത്