മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക പട്ടിക പുറത്തു വന്നു. പ്രധാനപ്പെട്ട കാര്യം നിലവിലെ എംഎല്‍എമാരില്‍ ഭൂരിഭാഗവും മണ്ഡലം മാറിയാണ് ഇത്തവണ എത്തുന്നത്. വികെ ഇബ്രാഹിം കുഞ്ഞിന് സീറ്റ് നിഷേധിച്ച നേതൃത്വം മകനും മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഗഫൂറിനെ കളമശ്ശേരിയില്‍ പരിഗണിക്കും.
വേങ്ങരയില്‍ പികെ കുഞ്ഞാലിക്കുട്ടിയും മലപ്പുറത്ത് കെപിഎ മജീദുമാകും സ്ഥാനാര്‍ഥികളാകുക. രാജ്യസഭാ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുവെങ്കിലും പിവി അബ്ദുള്‍ വഹാബ് മഞ്ചേരിയിലെ പട്ടികയിലുണ്ട്. എംകെ മുനീറാണ് മണ്ഡലം മാറുന്ന പ്രമുഖരില്‍ ഒരാള്‍. കോഴിക്കോട് സൗത്തിലെ സ്ഥാനാര്‍ഥിയായ മുനീര്‍ ഇത്തവണ കൊടുവള്ളിയിലാകും മത്സരിക്കുക. അരീക്കോട് എംഎല്‍എ കെഎം ഷാജിയെ കാസറകോഡ് പരിഗണിക്കുമ്പോള്‍ എന്‍ എ നെല്ലിക്കുന്നും പട്ടികയിലുണ്ട്. അഴീക്കോട് അഡ്വ. കരിം ചേലേരിയാകും മത്സരരംഗത്ത് എത്തുക. എന്‍ ഷംസുദ്ദീന്റെ പേര് തിരൂരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മണ്ണാര്‍ക്കാടാണ് പ്രഥമ പരിഗണന.
12 മണ്ഡലങ്ങളില്‍ ഒന്നിലേറെ പേരുകള്‍ പരിഗണനയിലുണ്ട്. മഞ്ചേശ്വരത്ത് എകെ അഷറഫും കല്ലട്ടറ മായിന്‍ ഹാജിയും കുന്ദമംഗലത്ത് സിപി ചെറിയ മുഹമ്മദും, നജീബ് കാന്തപുരം, റസാഖ് മാസ്റ്ററുമാണ് പരിഗണനയിലുള്ളത്.
പെരിന്തല്‍മണ്ണ എംഎല്‍എ മഞ്ഞളാംകുഴി അലിയെ ഉമര്‍ അറക്കലിനൊപ്പം മങ്കടയിലാണ് പരിഗണിക്കുന്നത്. പികെ ഫിറോസ് താനൂരിലെ പട്ടികയിലാണ് ഉള്ളതെങ്കിലും കോഴിക്കോട് സൗത്തില്‍ എത്താനും സാധ്യതയുണ്ട്. ചേലക്കരയില്‍ പരിഗണിക്കുന്ന ജയന്തി രാജനാകും ഏക വനിതാ സ്ഥാനാര്‍ഥി. ഇകെ സുന്നികളുടെ എതിര്‍പ്പ് പരിഗണിച്ചാണ് നീക്കമെന്നാണ് സൂചന. നിലവിലെ മണ്ഡലത്തില്‍ മത്സരിക്കാന്‍ പരിഗണിക്കുന്നത് ഇവരേയാണ് കുറ്റ്യാടി പാറക്കല്‍ അബ്ദുള്ള, കൊണ്ടോട്ടി ടിവി ഇബ്രാഹിം, ഏറനാട് പികെ ബഷീര്‍, കോട്ടക്കല്‍ സൈനുല്‍ ആബിദീന്‍, വള്ളിക്കുന്ന് ഹമീദ് മാസ്റ്റര്‍, ഗുരൂവായൂരില്‍ സിഎച്ച റഷീദ്, തിരൂരങ്ങാടിയില്‍ പിഎംഎ സലാം. വെള്ളിയാഴ്ച ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അന്തിമപട്ടിക തയ്യാറാകും. തിങ്കളാഴ്ചയാകും സ്ഥാനാര്‍ഥി പ്രഖ്യാപനം.
അഴീക്കോട് മത്സരിക്കാനില്ലെന്ന് കെഎം ഷാജി നേരത്തെ അറിയിച്ചിരുന്നു. പകരം കാസര്‍ഗോഡ് സീറ്റ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. കാസര്‍ഗോഡല്ലാതെ മറ്റൊരു സീറ്റിലേക്കും മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും ഷാജി വ്യക്തമാക്കി. എന്നാല്‍ കാസര്‍ഗോഡ് സീറ്റില്‍ ഇത്തവണയും എന്‍എ നെല്ലിക്കുന്നിന് തന്നെയാണ് മുന്‍തൂക്കം .
ശക്തമായ ഇടതുപാരമ്പര്യമുള്ള അഴീക്കോട് മണ്ഡലം 2011ലാണ് ഇടതുമുന്നണിയില്‍ നിന്നും ഷാജി പിടിച്ചെടുത്തത്. സിപിഐഎമ്മിന്റെ പ്രകാശന്‍ മാസ്റ്ററെ പരാജയപ്പെടുത്തിയായിരുന്നു ഷാജിയുടെ കടന്നുവരവ്. തുടര്‍ന്ന് 2016ല്‍ എംവി നികേഷ് കുമാറിനെ പരാജയപ്പെടുത്തി മണ്ഡലം നിലനിര്‍ത്തി. വിജിലന്‍സ് കേസിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഷാജി മത്സരിക്കുന്നില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പ്ലസ്ടു അഴിമതിക്കേസില്‍ അറസ്റ്റിലായേക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ മണ്ഡലത്തിലെ ജയസാധ്യതയില്‍ ആശങ്കയുണ്ട്.
എംകെ മുനീര്‍ കൊടുവള്ളിയില്‍ മത്സരിക്കുന്നതിനെതിരെ പ്രാദേശികമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള നേതാക്കള്‍ക്ക് അവിടെ മത്സരിക്കേണ്ടതുണ്ട്. അതിനാലായിരുന്നു മുനീര്‍ വരുന്നതില്‍ അതൃപ്തി അറിയിച്ചത്. മണ്ഡലത്തില്‍ തന്നെയുള്ള സ്ഥാനാര്‍ത്ഥി ഇവിടെ മത്സരിക്കണമെന്ന് നിയോജക മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കുകയായിരുന്നു.