എന്തെല്ലാം അഭ്യൂഹമായിരുന്നു, എല്ലാം അസ്ഥാനത്താക്കി മുസ്ലീംലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. കെ.എം.ഷാജിയെ അഴീക്കോട്ടുകാര്‍ തിരസ്‌കരിച്ചെന്നും അദ്ദേഹം പെരിന്തല്‍മണ്ണയില്‍ വരെ മല്‍സരിക്കാന്‍ നോക്കുന്നു എന്നൊക്കെയുള്ള എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ചു കൊണ്ട് ഷാജിക്ക് അഴീക്കോട് തന്നെ നല്‍കി. ഒരു പാട് അഭ്യൂഹങ്ങള്‍ പറഞ്ഞുകേട്ടത് മറ്റൊരു നേതാവായ എം.കെ.മുനീറിന്റെ മണ്ഡലത്തിന്റെ കാര്യത്തിലാണ്. കോഴിക്കോട് സൗത്തില്‍ സി.പി.എം.സ്ഥാനാര്‍ഥി ഉണ്ടെങ്കില്‍ മുനീര്‍ അവിടെ നില്‍ക്കില്ലെന്നും എന്നാല്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ മുനീര്‍ തന്നെയായിരിക്കും സൗത്തില്‍ എന്നൊക്കെ വാര്‍ത്തകള്‍ വന്നെങ്കിലും ഒടുവില്‍ പട്ടിക വന്നപ്പോള്‍ കോഴിക്കോട് സൗത്തില്‍ ഒരു വനിതയെ മല്‍സരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കാല്‍നൂറ്റാണ്ടിനു ശേഷമാണ് ലീഗ് ഒരു വനിതയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയിരിക്കുന്നത്. മുനീര്‍ ആകട്ടെ കൊടുവളളിയില്‍ മല്‍സരിക്കും.
കുഞ്ഞാലിക്കുട്ടി സ്ഥിരം മണ്ഡലമായ വേങ്ങരയില്‍ ജനവിധി തേടുന്നു. രാജ്യസഭയിലേക്ക് എന്നു കേട്ടിരുന്ന കെ.പി.എ.മജീദ് തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ഥിയാകും. കളമശ്ശേരിയില്‍ ടിക്കറ്റ് നല്‍കിയിരിക്കുന്നത് പാലം അഴിമതിക്കേസില്‍ പ്രതിയായി ഇത്തവണ പുറത്തുനില്‍ക്കേണ്ടി വന്ന ഇബ്രാഹിം കുഞ്ഞിന്റെ മകനായ വി.ഇ. ഗഫൂറിനാണ്. മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണയില്‍ നിന്നും തന്റെ പഴയ തട്ടകമായ മങ്കടയിലേക്ക് മാറിയിട്ടുണ്ട്.
രാജ്യസഭയിലേക്ക് വീണ്ടും പി.വി.അബ്ദുള്‍ വഹാബ് തന്നെ പോകും. മലപ്പുറം ലോക്‌സഭയിലേക്ക് സ്ഥാനാര്‍ഥി അബ്ദുസമദ് സമദാനി മല്‍സരിക്കും.
സംസ്ഥാന പ്രസിഡണ്ട് ഹൈദരാലി ശിഹാബ് തങ്ങള്‍ ആണ് വെള്ളിയാഴ്ച വൈകീട്ട് 25 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയത്. 27 സീറ്റ് ആണ് ലീഗിന് ഉള്ളത്. ഇതില്‍ പേരാമ്പ്ര, പുനലൂര്‍ അല്ലെങ്കില്‍ ചടയമംഗലം സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.
1മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ്
- കാസറഗോഡ് : എന്‍എ നെല്ലിക്കുന്ന്
- അഴീക്കോട് : കെ.എം ഷാജി
- കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുള്ള
- കുറ്റ്യാടി : പാറക്കല്‍ അബ്ദുള്ള
- കോഴിക്കോട് സൗത്ത് : അഡ്വ. നൂര്‍ബീന റഷീദ്
- കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രന്‍)
- തിരുവമ്പാടി : സി.പി.ചെറിയ മുഹമ്മദ്
- മലപ്പുറം : പി. ഉബൈദുല്ല
- വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
- കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം
- ഏറനാട് : പി. കെ ബഷീര്‍
- മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ്
- പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം
- താനൂര്‍ : പി.കെ. ഫിറോസ്
- കോട്ടക്കല്‍ : കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍
- മങ്കട : മഞ്ഞളാംകുഴി അലി
- വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി
- തിരൂര്‍ : കുറുക്കോളി മൊയ്തീന്‍
- ഗുരുവായൂര്‍ : അഡ്വ. കെ.എന്‍.എ. ഖാദര്‍
- തിരൂരങ്ങാടി : കെ.പി.എ. മജീദ്
- മണ്ണാര്‍ക്കാട് : അഡ്വ. എന്‍. ഷംസുദ്ദീന്‍
- കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂര്‍
- കൊടുവള്ളി : ഡോ. എം.കെ. മുനീര്‍
- കോങ്ങാട് : യു.സി. രാമന്‍
- പുനലൂര്‍/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും
- പേരാമ്പ്ര : പിന്നീട് പ്രഖ്യാപിക്കും