ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉന്നതനായ വിവാദ ബിഷപ്പ് കെ.പി.യോഹന്നാനെതിരായി നിലവിലുള്ള 500 കോടി രൂപയുടെ കള്ളപ്പണക്കേസില്‍ ആദായ നികുതി വകുപ്പ് നടപടി തുടങ്ങി.
ബിലീവേഴ്‌സ ചര്‍ച്ചിന്റെ അധീനതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് കണ്ടുകെട്ടിയിരിക്കയാണ്. ശബരിമല വിമാനത്താവളത്തിനായി കേരള സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ആലോചിച്ചിരുന്ന ഭൂമിയാണ് ചെറുവള്ളി എസ്‌റ്റേറ്റ്. ഇവിടെ പ്രാഥമിക പഠനം നടത്താന്‍ ഒരു കോടി രൂപ നല്‍കി ഒരു അമേരിക്കന്‍ കമ്പനിയെ നിയോഗിക്കുകയും ചെയ്തിരുന്നു സര്‍ക്കാര്‍. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ചര്‍ച്ച് പിന്നീട് രംഗത്തു വന്നു.
എന്നാല്‍ എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഏറ്റെടുക്കല്‍ നടപടിക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കം ചെയ്യുകയും ചെയ്തു. ഇതിനെതിരെ ചര്‍ച്ച് സേവ് ഫോറം സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിരുന്നു. ഈ കേസിലെ നടപടികള്‍ നടന്നു വരുന്നതിനിടെയാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പ് ഈ ഭൂമി തന്നെ കണ്ടുകെട്ടിയിരിക്കുന്നത്. കോട്ടയം ജില്ലയിലാണ് ഈ എസ്‌റ്റേറ്റ് സ്ഥിതി ചെയ്യുന്നത്.
ശബരിമല വിമാനത്താവളത്തിനായി 2263.13 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 2017-ലാണ് പിണറായി സര്‍ക്കാര്‍ ചെറുവള്ളി എസ്റ്റേറ്റിനെ തിരഞ്ഞെടുത്തത്. എന്നാല്‍ നേരത്തെ ഹാരിസണ്‍ മലയാളത്തിന്റെ കയ്യിലായിരുന്നു ഈ ഭൂമി. ഇത് പാട്ടഭൂമിയാണ്. അത് കോടികള്‍ ചെലവിട്ട് കെ.പി.യോഹന്നാന്‍ വാങ്ങുകയായിരുന്നു. പാട്ടഭൂമി സ്വകാര്യവ്യക്തി വില കൊടുത്ത് വാങ്ങിയത് നിയമപ്രശ്‌നമായി. തുടര്‍ന്നാണ് ഭൂമി വിമാനത്താവളത്തിന് വില്‍ക്കാനായി പദ്ധതി വരുന്നത്. യഥാര്‍ഥത്തില്‍ ഈ ഭൂമി സര്ക്കാരിന്റെത് തന്നെയാണെന്നും കെ.പി.യോഹന്നാനുമായി ഒത്തുകളിച്ച് അദ്ദേഹത്തിന് പണം കൊടുത്ത് സര്‍ക്കാര്‍ സര്‍ക്കാരിന്‌റെ തന്നെ ഭൂമി വാങ്ങുകയാണെന്നും യോഹന്നാനെ സഹായിക്കാനുള്ള ഒത്തുകളിയാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
