മാവേലിക്കരയില്‍ ബി.ജെ.പി മുന്നണിയുടെ സ്ഥാനാര്‍ഥിയായി വന്നത് സി.പി.എം വിട്ട നേതാവ്. ചാരുംമൂട്ടിലെ സി.പി.എം. നേതാവ് കെ.സഞ്ജു ആണ് അപ്രതീക്ഷിതമായി ബി.ജെ.പി.യുടെ ബാനറില്‍ സ്ഥാനാര്‍ഥിയായത്. സി.പി.എം. ചുനക്കര ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന സഞ്ജു സി.പി.എമ്മില്‍നിന്ന് രാജിവെച്ചിട്ടാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്.
ജില്ലയില്‍ സി.പി.എം.വിട്ട് എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകുന്ന രണ്ടാമത്തെയാളാണ് സഞ്ജു. ചേര്‍ത്തലയിലെ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി പി.എസ്. ജ്യോതിസാണ് ആദ്യത്തെയാള്‍.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചുനക്കര ഗ്രാമപ്പഞ്ചായത്തിലെ ചുനക്കര നടുവില്‍ കിഴക്ക് നാലാംവാര്‍ഡില്‍ കെ.സഞ്ജു സി.പി.എം. സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ആറുവര്‍ഷത്തോളം ഡി.വൈ.എഫ്.ഐ. ചാരുംമൂട് ഏരിയ സെക്രട്ടറിയായും മൂന്നുവര്‍ഷത്തോളം ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിരുന്നു. പത്തുവര്‍ഷമായി സി.പി.എം. ചുനക്കര ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു.