തൃശ്ശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളില്‍ യു.ഡി.എഫ്. അട്ടിമറി ജയം നേടുമെന്ന് മനോരമ ന്യൂസ് പ്രീ-പോള്‍ സര്‍വ്വെ പ്രവചനം. തൃശ്ശൂരില്‍ സിറ്റിങ് സീറ്റായ പുതുക്കാടും ചേലക്കരയും കുന്നംകുളവും ഇടതുമുന്നണിക്ക് നഷ്ടപ്പെടും എന്നാണ് പറയുന്നത്. ഒല്ലൂരും മണലൂരും യു.ഡി.എഫ്., നാട്ടികയിലും, കയ്പമംഗലത്തും എല്‍.ഡി.എഫ്. എന്നിങ്ങനെയാണ് പ്രവചനം. ഇരിങ്ങാലക്കുടയില്‍ ഇടതു മുന്നണിക്കാണ് മേല്‍ക്കൈ എന്നും സര്‍വ്വേ നിഗമനം.
ഇടുക്കിയില്‍ മുഴൂവന്‍ സീറ്റും യു.ഡി.എഫ്. തന്നെ നേടുമെന്നാണ് മനോരമ പ്രവചിച്ചിരിക്കുന്നത്. ഇതില്‍ സിറ്റിങ് സീറ്റുകളായ പീരുമേടും ദേവീകുളവും മന്ത്രി മണി മല്‍സരിക്കുന്ന ഉടുമ്പഞ്ചോലയും ഉള്‍പ്പെടുന്നുണ്ട്.
മലപ്പുറം നിലമ്പൂരില്‍ പി.വി.അന്‍വറും പൊന്നാനിയില്‍ പി.നന്ദകുമാറും പാലക്കാട്ടെ തൃത്താലയില്‍ എം.ബി. രാജേഷും തരൂരില്‍ സി.പി.സുമോദും പരാജയപ്പെടുമെന്ന് മനോരമ ന്യൂസിന്റെ പ്രീ-പോള്‍ സര്‍വ്വെയില്‍ പ്രവചനം. എന്നാല്‍ തവനൂരില്‍ കെ.ടി.ജലീല്‍ തന്നെ ജയിക്കും. മലപ്പുറം ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫ്. തന്നെ ജയിക്കുമെന്നാണ് പ്രവചനം. ഇടതുപക്ഷം പ്രതീക്ഷ വെയ്ക്കുന്ന പെരിന്തല്‍മണ്ണ, തിരൂര്‍, താനൂര്‍ മണ്ഡലങ്ങളിലും യുഡിഎഫിന് വിജയം പ്രവചിക്കുന്നു.
പാലക്കാട് ജില്ലയിലെ തരൂരും കോങ്ങാടും സി.പി.എം. കോട്ടകളാണ്. അവിടെയാണ് യു.ഡി.എഫിന് മേല്‍ക്കൈ പ്രവചിച്ചിരിക്കുന്നത്.
ശ്രദ്ധേയമായ കാര്യം യു.ഡി.എഫിന് നേട്ടം പ്രവചിക്കുന്ന മിക്ക മണ്ഡലങ്ങളിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ചുള്ള ചോദ്യത്തിന് മികച്ചതെന്ന് പ്രതികരണമാണ് കൂടുതല്‍ എന്നതാണ്. 22 ശതമാനം പേര്‍ വളരെ മികച്ചതെന്നും 39 ശതമാനം പേര്‍ മികച്ചതെന്നും പറയുന്നു.അതായത് സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ 61 ശതമാനവും ഇപ്പോഴത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ മതിപ്പുളളവരാണ്. ഒറ്റപ്പാലത്ത് പ്രതികരിച്ചവരില്‍ 69 ശതമാനം പേരും സര്‍ക്കാരിന്റെത് മികച്ച പ്രകടനം ആണെന്ന് പറയുന്നുണ്ട്. പാലക്കാട് 55 ശതമാനം പേരും സര്‍ക്കാരിന്റെ പ്രകടനം മികച്ചു ന്ിന്നു എന്ന അഭിപ്രായക്കാരാണെന്ന് മനോരമ സര്‍വ്വേയിലുണ്ട്.
ചിറ്റൂരില്‍ ഇടതുപക്ഷത്തെ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് മേല്‍ക്കൈ ഉണ്ടെങ്കിലും നെന്‍മാറയില്‍ യു.ഡി.എഫ് വരുമെന്ന് സര്‍വ്വേ പറയുന്നു. ആലത്തൂരിലും ഇടതു മേല്‍ക്കൈ ആണെന്ന് പറയുന്നു. ചുരുക്കത്തില്‍ ഇടതു കോട്ടയാണെന്നും കരുതപ്പെടുന്ന പാലക്കാട് മനോരമ ന്യൂസ് സര്‍വ്വേ പ്രകാരം യു.ഡി.എഫിനാണ് മുന്‍തൂക്കം. 12-ല്‍ ഏഴ് സീറ്റ് യു.ഡി.എഫിനാണ്. ഇടതിന് അഞ്ച് സീറ്റ് മാത്രം !! തൃശ്ശൂര്‍ ജില്ലയിലും യു.ഡി.എഫ്. മേല്‍ക്കൈ നേടുമെന്ന് പ്രവചിക്കുന്ന മണ്ഡലങ്ങളിലും സര്‍ക്കാരിന്റെ മികവിന് അറുപത് ശതമാനത്തിലധികം പിന്തുണയുണ്ട് എന്ന വൈരുദ്ധ്യം കാണാന്‍ കഴിയുന്നു. സര്‍ക്കാരിന്റെ വികസന, ക്ഷേമനയങ്ങളാണ് ഇടതു പക്ഷം ഇത്തവണ വോ്ട്ടിനായി ഉയര്‍ത്തിക്കാണിക്കുന്നത് എന്നതാണ് ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാകുന്നത്.
നിലമ്പൂരും പൊന്നാനിയും യു.ഡി.എഫ്. തിരിച്ചുപിടിക്കും എന്ന സര്‍വ്വേ ഫലത്തില്‍ ആ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രതിഫലിക്കുന്നു എന്ന് സംശയിക്കാം. സര്‍വ്വേ നടത്താന്‍ തിരഞ്ഞെടുത്ത് സമയം ഇക്കാര്യത്തില്‍ സ്വാധീനം ചെലുത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.