ഇടത് കേന്ദ്രങ്ങളില്‍ അങ്കലാപ് സൃഷ്ടിക്കുന്ന പ്രീ-പോള്‍ സര്‍വ്വെയുമായി മനോരമ ന്യൂസ് എത്തി. കാസര്‍ഗോഡ് ജില്ലയിലെ സി.പി.എം.കോട്ടയായ തൃക്കരിപ്പൂരില്‍ ഇത്തവണ യു.ഡി.എഫ്. ജയിക്കുമെന്ന പ്രവചനം ആണ് ഇടതുപക്ഷത്തിന് അവിശ്വസനീയത സൃഷ്ടിച്ചത്. മഞ്ചേശ്വരത്ത് ഇതാദ്യമായി ബി.ജെ.പി.ക്ക് ജയം ഉണ്ടാകാമെന്ന് സര്‍വ്വെ പ്രവചിക്കുന്നു. വയനാട് ജില്ലയില്‍ എല്ലാ സീറ്റിലും ഇടതു മുന്നണിയുടെ വിജയമാണ് സര്‍വ്വെ പ്രവചിക്കുന്നത്.
കോഴിക്കോട് 13 ല്‍ 13-ഉം ഇടതു പക്ഷം
കോഴിക്കോട് ജില്ലയിലെ 13 സീറ്റില്‍ 13-ഉം ഇടതു പക്ഷം നേടുമെന്നും സര്‍വ്വെ ഫലം പ്രഖ്യാപിക്കുന്നു. എന്നാല്‍ കോഴിക്കോട് നോര്‍ത്തില്‍ എന്‍.ഡി.എ.ക്ക് വലിയ മുന്നേറ്റം പ്രവചിക്കുന്നു. യുഡിഎഫിന് 32.2 ശതമാനം വോട്ട് കിട്ടുമെന്നും എന്‍.ഡി.എ.ക്ക് 30.1 ശതമാനം വോട്ട് ഉണ്ടാകുമെന്നുമാണ് സര്‍വ്വെയിലൂടെ വെളിപ്പെട്ടതെന്ന് മനോരമ പറയുന്നു.
നാദാപുരത്തും കൊയിലാണ്ടിയിലും പേരാമ്പ്രയിലും എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍. ബാലുശ്ശേരിയിലും എല്‍ഡിഎഫ് തന്നെ മുന്നിലെന്ന് സര്‍വേ പ്രവചിക്കുന്നു. വടകരയില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍. കെ.കെ.രമയുടെ സ്ഥാനാര്‍ഥിത്വത്തിന് മുന്‍പാണ് സര്‍വേ നടന്നത് എന്നത് ശ്രദ്ധേയമാണ്. 2016 ല്‍ സി.കെ.നാണു 9611 വോട്ടിന് ജെഡിയുവിലെ മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നു. സ്വതന്ത്രയായി മല്‍സരിച്ച ആര്‍എംപി നേതാവ് കെ.കെ.രമ അന്ന് 20346 വോട്ട് നേടി.
കൊടുവള്ളിയില്‍ കാരാട്ട് റസാഖും എം.കെ.മുനീറും തമ്മിലുള്ള മല്‍സരം കടുത്തതായിരിക്കും. അതേസമയം നേരത്തെ മുനീര്‍ മല്‍സരിച്ചിരുന്ന കോഴിക്കോട് സൗത്ത് ഇടതുമുന്നണി പിടിച്ചെടുക്കുമെന്നും പ്രവചനം പറയുന്നു. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി യുഡിഎഫിനു വേണ്ടി മല്‍സരിക്കുന്ന ബാലുശ്ശേരിയില്‍ ഇടതുപക്ഷത്തിനായിരിക്കും വിജയം.
തൃക്കരിപ്പൂരിലും അഴീക്കോടും യു.ഡി.എഫ്
കാസര്‍കോട് ജില്ലയിൽ സാധ്യത ഇങ്ങനെ: കാസര്‍കോട് സര്‍വേ : എല്‍ഡിഎഫ് – 2, യുഡിഎഫ് –2, എന്‍ഡിഎ–1. സര്‍വേ പ്രകാരം ജില്ലയില്‍ വോട്ട് വിഹിതത്തില്‍ യുഡിഎഫ് എല്‍ഡിഎഫിനെ മറികടക്കും. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം തൃക്കരിപ്പൂരില്‍ ആണെന്ന് സര്‍വേ പറയുന്നു. ഇവിടെ യുഡിഎഫ്– എല്‍ഡിഎഫ് വ്യത്യാസം 0.77 ശതമാനം മാത്രം.
കണ്ണൂർ ജില്ലയിലെ ഇരിക്കൂർ മണ്ഡലത്തിൽ യുഡിഎഫിന് നേരിയ മുന്നേറ്റമെന്ന് പ്രവചിക്കുമ്പോൾ അഴീക്കോട് യുഡിഎഫ് നിലനിർത്തുമെന്നും പറയുന്നു.