മലപ്പുറം ജില്ലയിലെ സി.പി.എം. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക പുറത്തു വരുമ്പോള്‍ കഴിഞ്ഞ തവണത്തെപ്പോലെ സ്വതന്ത്രന്‍മാരാണ് കൂടുതലും. നാല് സിറ്റിങ് എം.എല്‍.എ.മാര്‍ അതാതിടത്ത് തന്നെ മല്‍സരിക്കും–പൊന്നാനിയില്‍ ശ്രീരാമകൃഷ്ണന്‍, തവനൂരില്‍ ജലീല്‍, നിലമ്പൂരില്‍ അന്‍വര്‍, താനൂരില്‍ വി.അബ്ദുറഹിമാന്‍. ഇവരില്‍ അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറാനുള്ള സാധ്യതയും പറയുന്നുണ്ട്.
കഴിഞ്ഞ തവണത്തേതില്‍ നിന്നും പുതുമുഖ സ്വതന്ത്രരെ ഇത്തവണ കൂട്ടുന്നതായും സൂചനയുണ്ട്. സി.പി.ഐ.യുടെ സീറ്റായ ഏറനാട്ടില്‍ ആ നാട്ടുകാരന്‍ കൂടിയായ ഫുട്ബാള്‍ താരം യു.ഷറഫലിയെ പരീക്ഷിക്കാന്‍ സി.പി.എം. താല്‍പര്യം കാണിക്കുന്നുണ്ട്. സി.പി.ഐ. കൂടി സമ്മതിക്കേണ്ടതുണ്ട് എന്നു മാത്രം.
തിരൂരിലും മങ്കടയിലും കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ടവര്‍ തന്നെയാണ് പട്ടികയിലുള്ളത്. ഗഫൂര്‍ പി. ലില്ലീസ് തിരൂരും ടി.കെ. റഷീദലി മങ്കടയിലും മത്സരിക്കും. വണ്ടൂരില്‍ എ.പി. അനില്‍ കുമാറിനെതിരെ പള്ളിക്കല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. മിഥുനയെ ആണ് പരിഗമിക്കുന്നത്. ചന്ദ്രബാബുവിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിട്ടാണ് മിഥുന പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായത്. പിന്നീട് ലീഗുമായി പിണങ്ങി ഇടതുപക്ഷത്തോടടുക്കുകയായിരുന്നു.
പെരിന്തല്‍മണ്ണയില്‍ ലീഗ് വിമതന്‍ കെ. മുഹമ്മദ് മുസ്തഫയുടെ പേരാണ് നിര്‍ദേശിക്കുന്നത്. എം. മുഹമ്മദ് സലീമും പട്ടികയിലുണ്ട്. കൊണ്ടോട്ടിയില്‍ സുലൈമാന്‍ ഹാജിയും എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ജിജിയും പരിഗണനയിലുണ്ട്.