Categories
interview

അഹങ്കാരമാണ് ഇടതുമുന്നണിയുടെ വലിയ പ്രശ്‌നം -കാരശ്ശേരി

ഭരണം ഇല്ലെങ്കില്‍ യു.ഡി.എഫ്. ഇല്ലാതാകും. ഇതും കേരളത്തിന് അപകടമാണ്

Spread the love

കേരളത്തില്‍ ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച കിട്ടരുതെന്നും അഹങ്കാരമാണ് ഇടതുമുന്നണിയുടെ വലിയ പ്രശ്‌നം എന്നും പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ എം.എന്‍.കാരശ്ശേരി. ഭരണം ഇല്ലെങ്കില്‍ യു.ഡി.എഫ്. ഇല്ലാതാകും. ഇതും കേരളത്തിന് അപകടമാണ്-കാരശ്ശേരി പറയുന്നു. മലയാള മനോരമയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാരശ്ശേരി മാഷ്. എല്‍.ഡി.എഫ്.ഒന്നു വിചാരിച്ചാല്‍ അത് ചെയ്തിരിക്കും. നിപയില്‍, പ്രളയങ്ങളില്‍, കൊവിഡില്‍, കിറ്റ് വിതരണത്തില്‍ എല്ലാം നാം അതു കണ്ടു. അതേസമയം ഭരിക്കുന്നവരുടെ ഹുങ്ക് താങ്ങാനാവാത്തതായി–കാരശ്ശേരി വിമര്‍ശിക്കുന്നു.


അഭിമുഖത്തിലെ പ്രധാനഭാഗങ്ങള്‍ :

thepoliticaleditor

കേരളത്തിൽ ഇടതുമുന്നണിക്കു ഭരണത്തുടർച്ച കിട്ടരുതെന്നാണ് എന്റെ അഭിപ്രായം. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ച് അധികാരത്തിലെത്തണം. യുഡിഎഫ് മികച്ച കൂട്ടരായതുകൊണ്ടല്ല ഇതു പറയുന്നത്. ഭരണത്തുടർച്ച കൈവന്നാൽ ഇടതുമുന്നണി ചീത്തയാകും. ബംഗാളിലെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ഭരണം കിട്ടിയില്ലെങ്കിൽ യുഡിഎഫ് ഇല്ലാതാകും -രണ്ടും കേരളത്തിനു നല്ലതല്ല. അഹങ്കാരമാണ് ഇടതുമുന്നണിയുടെ വലിയ പ്രശ്നം. യുഡിഎഫിന്റെ വലിയ പ്രശ്നം അഴിമതിയുമാണ്. കേരളം രക്ഷപ്പെടാൻ ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തണം. അല്ലെങ്കിൽ ഇടതുമുന്നണി അധികാരത്തണലിൽ മതിമറന്നുപോകും’

സത്യാനന്തര കാലമാണിത്. രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്ന അഴിമതിയെക്കുറിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ ആദ്യം പറഞ്ഞത് നുണയാണെന്ന് പിന്നീടു തെളിഞ്ഞു. എന്നിട്ടോ, മന്ത്രിക്ക് ഒന്നും സംഭവിച്ചില്ല. പണ്ടാണെങ്കിൽ ഇങ്ങനെയൊരു മന്ത്രിക്ക് അധികാരത്തിൽ തുടരാൻ പറ്റുമോ?

ഭരിക്കുന്നവരുടെ ഹുങ്ക് താങ്ങാനാവാത്തതായി

കാര്യപ്രാപ്തിയുടെ കാര്യത്തിൽ കഴിഞ്ഞ 5 വർഷം നാം പലതും കണ്ടു. എൽഡിഎഫ് വിചാരിച്ചാൽ അതു ചെയ്തിരിക്കും എന്നു വ്യക്തമാക്കുന്നതായിരുന്നു അതെല്ലാം. നിപയിൽ, 2 പ്രളയങ്ങളിൽ, കോവിഡിൽ, കിറ്റ് വിതരണത്തിൽ എല്ലാം നാം അതു കണ്ടു. യൂറോപ്യൻ രാജ്യങ്ങളുടെ മാതൃകയിൽ മുടങ്ങാതെ വൈദ്യുതി ലഭിച്ചു. റേഷനരിയുടെ നിലവാരം അത് എല്ലാ അടുക്കളയിലും പാകം ചെയ്യാവുന്ന നിലയിലെത്തിച്ചു. അതേസമയം, ഭരിക്കുന്നവരുടെ ഹുങ്ക് താങ്ങാനാവാത്തതായി മാറി. ഇ.പി .ജയരാജന്റെ ബന്ധുനിയമനം ആയിരുന്നു ഈ സർക്കാരിന്റെ തുടക്കത്തിലെ വിവാദങ്ങളിലൊന്ന്. 5 വർഷം കഴിയുമ്പോൾ ബന്ധുനിയമനം മാത്രമാണ് ചർച്ച. ഭാര്യമാരെയും സഹോദരങ്ങളെയും മറ്റു ബന്ധുക്കളെയും സ്ഥാനങ്ങളിലെത്തിച്ചു മുന്നേറിയ ഈ പിൻവാതിൽ നിയമനം ഹൈക്കോടതി ഇടപെടുന്ന സാഹചര്യത്തിൽ വരെ എത്തിച്ചേർന്നു.

ഇ.ശ്രീധരൻ ബിജെപിയിൽ ചേർന്നതു കേട്ടിട്ട് വളരെ കഷ്ടം തോന്നി. അധികാരത്തോടുളള ആസക്തി ഏതു വലിയ മനുഷ്യനെയും ഏതു പ്രായത്തിലും പിടികൂടുമെന്നതിനു തെളിവാണിത്. കക്ഷിവ്യത്യാസമില്ലാതെ, ജാതിമത ഭേദമില്ലാതെ കേരളീയർ ബഹുമാനം നൽകിയ വ്യക്തിയായിരുന്നു ശ്രീധരൻ. അഴിമതിയില്ലാത്ത, കർമനിരതനായ, അനുവദിച്ച സമയത്തിനു മുമ്പേ പദ്ധതികൾ പൂർത്തിയാക്കുന്ന അദ്ദേഹത്തെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെട്ടു. എന്നാൽ അതെല്ലാം അദ്ദേഹം കളഞ്ഞുകുളിച്ചു.

ബിജെപിയുടെ വോട്ടുവിഹിതം

ബിജെപി കേരളത്തിൽ വളരും. ഇടതുമുന്നണിയിലെയും വലതുമുന്നണിയിലെയും പാളയത്തിൽപട ഇതിനൊരു കാരണമാണ്. ഇരുമുന്നണിയിലും സ്ഥാനംകിട്ടാത്തവർക്ക് അവസരം നൽകിയാണ് ബിജെപി വളരുന്നത്. ഇ.ശ്രീധരൻ, നടന്മാരായ സുരേഷ് ഗോപി, ദേവൻ, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങിയ സെലിബ്രിറ്റികളുടെ വരവ് ബിജെപിക്കു ഗുണം ചെയ്തു. വെറുക്കപ്പെടേണ്ടവരല്ല ബിജെപിയെന്ന ധാരണ വളർത്താൻ ഇവരുടെ സാന്നിധ്യം സഹായിച്ചു. ഭരണം കിട്ടാത്തതിനാൽ കേരളത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം അഴിമതിയുടെ പ്രശ്നവുമില്ല. ഈ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുവിഹിതം പത്തനംതിട്ട, തിരുവനന്തപുരം, കാസർകോട്, പാലക്കാട് ജില്ലകളിൽ കൂടാനാണ് സാധ്യത.

Spread the love
English Summary: M N KARASSERI SLAMS LEFT ARROGANCE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick