Categories
exclusive

ഒന്നു തള്ളിയാല്‍ വീഴുന്ന 25-30 മണ്ഡലങ്ങളുണ്ട്, വിശദാംശങ്ങള്‍…

ഒരു ബൂത്തില്‍ ഒരു വോട്ട് മറിഞ്ഞാല്‍ തോറ്റു പോകുന്ന, അല്ലെങ്കില്‍ ജയിക്കുന്ന മണ്ഡലങ്ങളും പത്തിലധികം വരും

Spread the love

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ നാലിലൊന്ന് മണ്ഡലങ്ങള്‍ വലത്-ഇടതു മുന്നണികള്‍ക്ക് ഒട്ടുും സുരക്ഷിതമല്ല. അതായത് ഏകദേശം 25 മുതല്‍ 30 വരെ മണ്ഡലങ്ങള്‍. കാരണം മറ്റൊന്നുമല്ല, വളരെ നേരിയ ഭൂരിപക്ഷത്തിനാണ്‌ ഇവിടെ സ്ഥാനാര്‍ഥികള്‍ ജയിക്കുന്നത്. അതായത് ബലാബലത്തിന്റെ അതിര്‍വരമ്പ് വളരെ നേര്‍ത്തതാണ് എന്നര്‍ഥം. ഒരു ബൂത്തില്‍ ഒരു വോട്ട് മറിഞ്ഞാല്‍ തോറ്റു പോകുന്ന, അല്ലെങ്കില്‍ ജയിക്കുന്ന മണ്ഡലങ്ങളും പത്തിലധികം വരും. ഭരണം കിട്ടുന്നതിനെ സ്വാധീനിക്കാന്‍ ഈ മണ്ഡലങ്ങള്‍ക്ക് നിഷ്പ്രയാസം സാധിക്കും.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം അനുസരിച്ചുള്ള ഒരു വിലയിരുത്തല്‍ നോക്കാം.

വടക്കാഞ്ചേരി

ഇത്തവണത്തെ ഭരണത്തില്‍ ഏറ്റവും കൂടുതല്‍ മാധ്യമവാര്‍ത്തയില്‍ ഇടം നേടിയ മണ്ഡലമാണ് വടക്കാഞ്ചേരി. തൃശ്ശൂര്‍ ജി്ല്ലയുടെ വടക്കു കിഴക്കേ ഭാഗത്തുള്ള ഈ മണ്ഡലത്തിലാണ് വിവാദം സൃഷ്ടിച്ച ലൈഫ് മിഷന്‍ ഫ്‌ലാറ്റുകള്‍ പണിയുന്നത്. ഇവിടുത്തെ ജനപ്രതിനിധി കോണ്‍ഗ്രസിന്റെതാണ്. വടക്കാഞ്ചേരി അതിന്റെ സ്വഭാവം വെച്ച് കോണ്‍ഗ്രസിനെ പിന്തുണച്ചു വരുന്ന മണ്ഡലമാണ്. മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഒരു തവണയൊഴികെ കോണ്‍ഗ്രസ് മാത്രമേ ജയിച്ചിട്ടുള്ളൂ. നിലവിലുള്ള എം.എല്‍.എ. അനില്‍ അക്കര ആണ്. എന്നാല്‍ ഇവിടെ അദ്ദേഹത്തിന്റെ ഭൂരിപക്ഷം കേട്ടാല്‍ മൂക്കത്ത് വിരല്‍ വെക്കും–വെറും 43 വോട്ട്. അതായത് ഒന്നു തുമ്മിയാല്‍ തെറിക്കുന്ന വിജയം. പുതിയ വോട്ടര്‍മാരുടെ എണ്ണം ഇത്തവണ ഒരുമാസം മു്മ്പുള്ള കണക്കനുസരിച്ച് 10,800 ആണ്. കോണ്‍ഗ്രസിന്റെ മണ്ഡലം എന്ന തലവര മാറ്റി വരക്കാന്‍ ഇടതുപക്ഷത്തിന് ഏറ്റവും എളുപ്പമുള്ള മണ്ഡലമാണിത്.

thepoliticaleditor

മഞ്ചേശ്വരം

കേരളത്തിന്റെ ഏറ്റവും വടക്കേയററത്തുള്ള ഈ മണ്ഡലം നേമം കഴിഞ്ഞാല്‍ ബി.ജെ.പി.ക്ക് ഏറ്റവും വോട്ടുള്ള ഇടമാണ്. ഇടതു പക്ഷം ബി.ജെ.പി.യ്‌ക്കൊളും പിന്നില്‍ വരാറുള്ള മണ്ഡലമാണിത്. സ്ഥിരമായി മുസ്ലീംലീഗ് ജയിക്കുന്ന ഇവിടെ ബി.ജെ.പി.യും കുതിക്കാറുണ്ട്. കഴിഞ്ഞ തവണ കെ.സുരേന്ദ്രനായിരുന്നു സ്ഥാനാര്‍ഥി. അദ്ദേഹത്തിനെക്കാള്‍ മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ഥി പി.ബി.അബ്ദുള്‍ റസാക്ക് നേടിയ ഭൂരിപക്ഷം വെറു 89 വോട്ട്. ഇവിടെ ഇത്തവണ പുതിയ വോട്ടര്‍മാര്‍ 9000 ഉണ്ട്.

കൊടുവള്ളി

മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമാണ് കോഴിക്കോട് ജില്ലയിലെ ഈ മണ്ഡലം. എന്നാല്‍ സി.പി.എം. ഇവിടെ കഴിഞ്ഞ തവണ ലീഗിലെ ഒരു വിമതനെ സ്വതന്ത്രനായി മല്‍സരിപ്പിച്ച് മണ്ഡലം പിടിച്ചെടുത്തു. കാരാട്ട് റസാഖ് ആണ് മണ്ഡലത്തെ ഇടത്തോട്ട് നയിച്ചത്. എന്നാല്‍ ഭൂരിപക്ഷം 573 വോട്ടാണെന്നു മാത്രം.
അവിടെ ഇത്തവണ 8,550-ലധികം പുതിയ വോട്ടര്‍മാരുണ്ട്. ഇപ്രാവശ്യം മുസ്ലീംലീഗിലെ പ്രമുഖനായ എം.കെ.മുനീര്‍ തന്നെയാണ് മല്‍സരിക്കുന്നത്. എതിരാളിയാകട്ടെ സിറ്റിങ് എം.എല്‍.എ. കാരാട്ട് റസാഖ് തന്നെ. പൊരിഞ്ഞ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

പെരിന്തല്‍മണ്ണ

ഇടതുപക്ഷത്തിന് മലപ്പുറം ജില്ലയില്‍ അത്യാവശ്യം ശക്തിയുള്ള മണ്ഡലമാണ് പെരിന്തല്‍മണ്ണ. മുസ്ലീംലീഗിന്റെ കയ്യില്‍ നിന്നും 2006-ല്‍ സി.പി.എം. ഈ മണ്ഡലം പിടിച്ചെടുത്തു. വി.ശശികുമാര്‍ ആണ് വിജയിച്ചത്. എന്നാല്‍ 2011-ല്‍ നേരത്തെ മങ്കടയില്‍ ജയിച്ചിരുന്ന സി.പി.എം. സ്വതന്ത്രനായിരുന്ന മഞ്ഞളാംകുഴി അലി മല്‍സരം പെരിന്തല്‍മണ്ണയിലേക്ക് മാറ്റി. സി.പി.എ്മ്മുമായി അകന്ന് മുസ്ലീംലീഗില്‍ ചേര്‍ന്നതോടെ പെരിന്തല്‍മണ്ണ പിടിച്ചെടുക്കാനായിരുന്നു ലീഗ് അലിയെ പെരിന്തല്‍മണ്ണയിലേക്ക് നിയോഗിച്ചത്. അ്‌ദ്ദേഹം അത് സാധിക്കുകയും ചെയ്തു. പിന്നീട് 2016-ലും അലി അവിടെ നിന്നു തന്നെ ജയിച്ചു. എന്നാല്‍ ഭൂരിപക്ഷം വെറും 579 വോട്ട്. ഈ മണ്ഡലത്തിലെ ഇത്തവണത്തെ പുതിയ വോട്ടര്‍മാര്‍ 15,000-ത്തോളമാണ്. ഇടതുപക്ഷത്തിന് ആഞ്ഞുപിടിച്ചാല്‍ മണ്ഡലം കൈയ്യില്‍ വരുമെന്ന ആത്മവിശ്വാസത്തോടെയാണ് ഇത്തവണ നേരത്തെ മുസ്ലീംലീഗിലെ നേതാവും മലപ്പുറം മുന്‍ നഗരസഭാ ചെയര്‍മാനുമായ കെ.പി.മുസ്തഫയെ സി.പി.എം. സ്വതന്ത്രനായി മല്‍സരിപ്പിക്കുന്നത്. എന്നാല്‍ തന്ത്രപരമായ നീക്കം എ്ന്ന നിലയില്‍ മഞ്ഞളാംകുഴി അലി അവിടെ നില്‍ക്കാതെ തിരിച്ച് ഇത്തവണ മങ്കടയിലേക്കു മാറിയിരിക്കുന്നു. എന്തായാലും നേരിയ ഭൂരിപക്ഷം മറിച്ചിടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.

പീരുമേട്

സി.പി.ഐ.യുടെ ഫയര്‍ബ്രാന്‍ഡ് ആയ ഇ.എസ്.ബിജിമോള്‍ ആണ് ഇവിടെ കഴിഞ്ഞ രണ്ടു തവണയും ജയിച്ചത്. എന്നാല്‍ ബിജിമോളുടെ ഭൂരിപക്ഷം കഴിഞ്ഞ തവണ വെറും 314 മാത്രമാണ്. ഒന്ന് ഇളക്കിയാല്‍ വീണുപോകുന്ന ഭൂരിപക്ഷം മാത്രം. പീരുമേടില്‍ ഇത്തവണ വോട്ടര്‍മാരുടെ എണ്ണം കുറവാണ് എന്ന പ്രത്യേകതയുണ്ട്–നാലായിരത്തിലധികം പേര്‍ കുറവാണ് വോട്ടര്‍പട്ടികയില്‍.

കാട്ടാക്കട

തിരുവനന്തപുരത്തെ പ്രധാനപ്പെട്ടൊരു ഇടതുപക്ഷ മണ്ഡലമാണ് കാട്ടാക്കട. ഇവിടെ 2016-ല്‍ ജയിച്ച സി.പി.എ്മ്മിലെ ഐ.ബി.സതീഷിന്റെ ഭൂരിപക്ഷം പക്ഷേ 849 മാത്രമാണ്. ഇവിടെ ഇത്തവണ നാലായിരത്തിലധികം പുതിയ വോട്ടര്‍മാരും ഉണ്ട്.

ആയിരത്തിനും രണ്ടായിരത്തിനും ഇടയില്‍ ഭൂരിപക്ഷം ഉള്ളവ

ആയിരത്തിനും രണ്ടായിരത്തിനും ഇടയില്‍ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രക്ഷപ്പെട്ട അഞ്ച് ഇടതു സ്ഥാനാര്‍ഥികളും, രണ്ട് യു.ഡി.എഫ് സ്ഥാനാര്‍ഥികളും ഉണ്ട്. കേരള കോണ്‍ഗ്രസ്-എ്മ്മിന്റെ ഒരു സ്ഥാനാര്‍ഥിയും ഉണ്ട്.

കൊച്ചി

സി.പി.എ്മ്മിലെ ഏ.ജെ.മാക്‌സി 1,086 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ഇവിടെ 2016-ല്‍ ജയിച്ചത്. ഇത്തവണ ആറായിരത്തിലധികം പുതിയ വോട്ടര്‍മാരും ഇവിടെയുണ്ട്.

മാനന്തവാടി

വയാനാട്ടില്‍ യു.ഡി.എഫിനെയും ജയിപ്പിക്കാറുള്ള ഈ മണ്ഡലത്തില്‍ കഴിഞ്ഞ തവണ സി.പി.എം. സ്ഥാനാര്‍ഥിയായ ഒ.ആര്‍.കേളു കടന്നു കൂടിയത് 1,037 വോട്ടുകള്‍ക്കാണ്. മുന്‍മന്ത്രി കൂടിയായ പി.കെ. ജയലക്ഷ്മി ജയിച്ച മണ്ഡലമാണിത്. ഇത്തവണ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജയലക്ഷ്മിയാണു താനും. പുതിയ വോട്ടര്‍മാരുടെ എണ്ണം നാലായിരത്തോളം വരും.

കണ്ണൂര്‍

ജ്ന്മ സ്വഭാവം കൊണ്ട് യു.ഡി.എഫ് മണ്ഡലമാണ് കണ്ണൂര്‍. പി.ഭാസ്‌കരന്‍ നാലു തവണ, എന്‍.രാമകൃഷ്ണന്‍ ഒരു തവണ, കെ.സുധാകരന്‍ മൂന്നു തവണ, ഏ.പി. അബ്ദുളളക്കുട്ടി രണ്ട് തവണ–ഇങ്ങനെ കോണ്‍ഗ്രസ് ആധിപത്യചരിത്രമാണ് കണ്ണൂരിന് പറയാനുള്ളത്. എന്നാല്‍ ആദ്യമായി 2016-ല്‍ കോണ്‍ഗ്രസ് എസ്-ന്റെ കടന്നപ്പള്ളി രാമചന്ദ്രന് മണ്ഡലം വഴങ്ങി. ഭൂരിപക്ഷം-1196 വോട്ട്. ആറായിരത്തോളം പുതിയ വോട്ടര്‍മാര്‍ ഇത്തവണ ഉണ്ട്. കോണ്‍ഗ്രസിന്റെ കോട്ട പോലുള്ള മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി.സി.സി. പ്രസിഡണ്ട് സതീശന്‍ പാച്ചേനിയാണ്. രണ്ടായിരം വോട്ട് മറിച്ചാല്‍ മണ്ഡലം കോണ്‍ഗ്രസിന് സ്വന്തമെന്ന് നേതാക്കള്‍.

കുറ്റ്യാടി

പഴയ മേപ്പയൂര്‍ മണ്ഡലമായ കുറ്റ്യാടി ജന്മസ്വഭാവം കൊണ്ട് കമ്മ്യൂണിസ്റ്റ് മണ്ഡലമാണെങ്കിലും കഴിഞ്ഞ തവണ മുസ്ലീംലീഗിലെ പാറക്കല്‍ അബ്ദുള്ള കുറ്റ്യാടി പിടിച്ചെടുത്തത് വെറും 1,157 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഇത്തവണ മണ്ഡലം എളുപ്പത്തില്‍ തിരിച്ചു പിടാക്കാനാണ് സി.പി.എം. നീക്കം. 12,000-ത്തോളം പുതിയ വോ്ട്ടര്‍മാരെ ഇവിടെ ചേര്‍ത്തിട്ടുണ്ട്. സി.പി.എം. നേതൃത്വം മണ്ഡലം കേരള കോണ്‍ഗ്രസിന് കൈമാറിയത് മണ്ഡലത്തിലെ പാര്‍ടി പ്രവര്‍ത്തകരില്‍ വ്യാപകമായ പ്രതിഷേധം ഉണ്ടാക്കി. എളുപ്പത്തില്‍ കിട്ടുന്ന മണ്ഡലം കൈവിട്ടു പോകുമെന്ന തിരിച്ചറിവില്‍ മണ്ഡലം സി.പി.എം.തന്നെ ഒടുവില്‍ തിരിച്ചു വാങ്ങുകയും ജനത്തിന് ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തുകയും ചെയ്തിരിക്കയാണ്.

മങ്കട

2011 വരെ സി.പി.എം. സ്വതന്ത്രനായ മഞ്ഞളാംകുഴി അലി ജയിച്ച മണ്ഡലമായ മങ്കട 2011-ല്‍ അലി പെരിന്തല്‍മണ്ണയിലേക്ക് മാറിയതോടെ മുസ്ലീംലീഗിന്റെ കയ്യിലായി. ടി.എ. അഹമ്മദ് കബീര്‍ ആണ് രണ്ടു തവണയായി മങ്കടയില്‍ ജയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം വെറും 1,508 വോട്ട് മാത്രം. എന്നാലോ ഇത്തവണ ചില്ലറയല്ല 18,000 പുതിയ വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇത്തവണത്തെ ഫലം ലീഗിന്റെ നേരിയ ഭൂരിപക്ഷം ആധികാരികമായ വന്‍ ഭൂരിപക്ഷമാകുമെന്നാണ് ലീഗ് നേതാക്കളുടെ പക്ഷം. മണ്ഡലത്തില്‍ നല്ല സ്വാധീനമുള്ള മഞ്ഞളാംകുഴി അലിയാണ് ലീഗ് സ്ഥാനാര്‍ഥി.

ചങ്ങനാശ്ശേരി

കേരളകോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മണ്ഡലമായ ചങ്ങനാശ്ശേരിയിലെ എം.എല്‍.എ 2016-ല്‍ സി.എഫ്.തോമസ് ആയിരുന്നു. തോമസ് പിന്നീട് ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായി മാറി. തുടര്‍ച്ചയായി ഒന്‍പത് തവണ സി.എഫ്.തോമസ് ചങ്ങനാശ്ശേരിയുടെ പ്രതിനിധിയായി.–1980 മുതല്‍. അടുത്തയിടെ തോമസിന്റെ വിയോഗത്തിനു ശേഷം ഉപതിരഞ്ഞെടുപ്പ് നടന്നിട്ടില്ല. എങ്കിലും 2016-ല്‍ തോമസിന് കിട്ടിയ ഭൂരിപക്ഷം വളരെ നേരിയതാണ്–1,849 വോട്ട്. ഇത്തവണ ഇടതുപക്ഷത്തിന്റെ ഭാഗമായാണ് കേരള കോണ്‍ഗ്രസ് എം- ജോസ് കെ.മാണി വിഭാഗം ചങ്ങനാശ്ശേരിയില്‍ മല്‍സരിക്കുന്നത്. ഇത്തവണ പുതിയ വോ്ട്ടര്‍മാര്‍ രണ്ടായിരത്തില്‍ താഴെയാണ്. യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോള്‍ സ്ഥിരമായി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ തിരഞ്ഞെടുത്ത ചങ്ങനാശ്ശേരി ഇത്തവണ അവര്‍ ഇടതു മുന്നണിയില്‍ ഇരിക്കുമ്പോഴും പതിവ് ആവര്‍ത്തിക്കുമോ എ്ന്നതാണ് ഇവിടെ കാത്തിരിക്കുന്ന കൗതുകം.

ഉടുമ്പന്‍ചോല

ഇടുക്കിയിലെ ഉടുമ്പന്‍ചോല ഇടതു-വലതു മുന്നണികളെ മാറിമാറി ജയിപ്പിച്ച മണ്ഡലമാണ്. 1996 വരെ കോണ്‍ഗ്രസിനെ ജയിപ്പിച്ച മണ്ഡലം 2001 മുതല്‍ സി.പി.എമ്മിന്റെ കയ്യിലാണ്. മന്ത്രി എം.എം.മണിയെ ആണ് 2016-ല്‍ ജയിപ്പിച്ചത്. എന്നാല്‍ ഭൂരിപക്ഷം വെറും 1,109 വോ്ട്ട് മാത്രം. 1991,96 കാലങ്ങളില്‍ കോണ്‍ഗ്രസിന്റെ ഇ.എം. അഗസ്തിയെ ജയിപ്പിച്ച മണ്ഡലത്തില്‍ ഇത്തവണ മല്‍സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥിയും അഗസ്തി തന്നെ. ഇത്തവണ 2,218 വോട്ടര്‍മാര്‍ കുറയുകയാണ് ഈ മണ്ഡലത്തില്‍ ചെയ്തത്. എളുപ്പം മണ്ഡലം പിടിക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫ്. കണക്കു കൂട്ടല്‍. എന്നാല്‍ തുടര്‍ച്ചയായി അഞ്ചാം തവണയാണ് 2016-ലെ സി.പി.എമ്മിന്റെ വിജയം.

കരുനാഗപ്പള്ളി

കരുനാഗപ്പള്ളി ആരുടെയും കുത്തക മണ്ഡലമല്ല. എങ്കിലും കൂടുതല്‍ കാലം ജയിച്ചത് സി.പി.ഐ. സ്ഥാനാര്‍ഥിയാണ്. നിരവധി സി.പി.ഐ.മന്ത്രിമാരെ ജയിപ്പിച്ചിട്ടുണ്ട്–പി.എസ്. ശ്രീനിവാസന്‍, ഇ.ചന്ദ്രശേഖരന്‍ നായര്‍, സി.ദിവാകരന്‍ എന്നിവരെ. ആര്‍.എസ്.പി.യുടെ ബേബിജോണിനെയും ഒരു തവണ തിരഞ്ഞെടുത്തിട്ടുണ്ട്. 2006 മുതല്‍ സി.പി.ഐ. മണ്ഡലമായ കരുനാഗപ്പള്ളിയില്‍ 2016-ല്‍ ആര്‍.രാമചന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെക്കാള്‍ വെറും 1,759 വോട്ട് മാത്രം അധികം നേടിയാണ്. ഇത്തവണ ഇവിടെ പുതിയ വോട്ടര്‍മാര്‍ 3,236 പേരുണ്ട്. കഴിഞ്ഞ തവണ പരാജയപ്പെട്ട സി.ആര്‍ മഹേഷ് തന്നെയാണ് ഇത്തവണയും മല്‍സരിക്കുന്നത്. ആയിരം വോട്ട് അധികം നേടിയാല്‍ ജയിക്കാവുന്നതേയുള്ളൂ എന്നതാണ് കോണ്‍ഗ്രസിന്റെ കാഴ്ചപ്പാട്.

മൂവായിരം മുതല്‍ അയ്യായിരം വരെ ഭൂരിപക്ഷം

ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ 2016-ല്‍ ജയിച്ചത് ഇടതുമുന്നണിയുടെ ഭാഗമായാണ്.
തിരുവനമ്പാടി-ജോര്‍ജ്ജ് തോമസ്-സി.പി.എം.-ഭൂരിപക്ഷം 3,008
ഉദുമ-കെ.കുഞ്ഞിരാമന്‍-സി.പി.എം.-3,832
കാഞ്ഞിരപ്പള്ളി-എന്‍.ജയരാജ്-കേരള കോണ്‍.എം.-3,890
പേരാമ്പ്ര-ടി.പി.രാമകൃഷ്ണന്‍-സി.പി.എം.-4,101
നാദാപുരം-ഇ.കെ.വിജയന്‍-സി.പി.ഐ-4,759
താനൂര്‍-വി.അബ്ദുറഹിമാന്‍-സി.പി.എം.-4,918
തൃപ്പൂണിത്തുറ- എം.സ്വരാജ്-സി.പി.എം.-4,467
കു്ട്ടനാട്-തോമസ് ചാണ്ടി-എന്‍.സി.പി.-4,891

ഇതില്‍ തൃപ്പൂണിത്തുറ, തിരുവമ്പാടി, താനൂര്‍ എന്നിവ തിരിച്ചു പിടിക്കുമെന്ന അവകാശവാദം യു.ഡി.എഫിലുണ്ട്. തൃപ്പൂണിത്തുറയില്‍ നാലായിരത്തില്‍പരം പുതിയ വോട്ടര്‍മാരുണ്ട്. തിരുവമ്പാടിയില്‍ 5,500-ഓളവും താനൂരില്‍ എട്ടായിരത്തില്‍ പരവും പുതിയ വോട്ടര്‍മാര്‍ പട്ടികയില്‍ ചേര്‍ന്നിട്ടുണ്ട് എന്നതും കണക്കിലെടുക്കണം.

Spread the love
English Summary: LESS MAJORITY CONSTITUENCIES ABOVE TWO DOZENS IN KERALA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick