വിജയിച്ച പദ്ധതികളുടെ തുടര്‍ച്ച വീണ്ടും പുതുക്കി ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. അമ്പതിന പരിപാടികളും അവ നടപ്പാക്കാനുള്ള 900 നിര്‍ദ്ദേശങ്ങളുമാണ് പ്രകടന പത്രികയിലുള്ളത്.
ക്ഷേമ പെന്‍ഷനുകള്‍ പടി പടിയായി ഉയര്‍ത്തി 2500 രൂപയാക്കുമെന്നും വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
കൃഷിക്കാരുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ദ്ധന
കൃഷിക്കാരുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ദ്ധന സൃഷ്ടിക്കും. ഇതിനായി ശാസ്ത്രസാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തും. ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് ഉതകുന്നവിധം ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കും.
സാമൂഹ്യ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയായി ഉയര്‍ത്തും. അങ്കണവാടി, ആശാ വര്‍ക്കര്‍, റിസോഴ്സ് അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, കുടുംബശ്രീ ജീവനക്കാര്‍, പ്രീ-പ്രൈമറി അധ്യാപകര്‍, എന്‍.എച്ച്.എം ജീവനക്കാര്‍, സ്കൂള്‍ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി എല്ലാ സ്കീം വര്‍ക്കേഴ്സിന്റെയും ആനുകൂല്യങ്ങള്‍ കാലോചിതമായി ഉയര്‍ത്തും. മിനിമംകൂലി 700 രൂപയാക്കും. അതിഥി തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഗാര്‍ഹിക തൊഴിലാളികള്‍ക്കു പ്രത്യേക സ്കീമുകള്‍ ആരംഭിക്കും. ക്ഷേമനിധികള്‍ പുനഃസംഘടിപ്പിക്കും. ഓട്ടോ-ടാക്സി മേഖലയിലെ തൊഴിലാളികളുടെ ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും.
കൊച്ചി മെട്രോ പൂര്‍ത്തീകരിക്കും
കൊച്ചി മെട്രോ പൂര്‍ത്തീകരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോ ആരംഭിക്കും. തലശേരി മൈസൂര്‍, നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ ലൈനുകള്‍ നിര്‍മ്മിക്കും. ശബരി റെയില്‍ പൂര്‍ത്തിയാക്കും. ശബരി എയര്‍പോര്‍ട്ടിനുള്ള അനുവാദത്തിനും ശബരിറെയില്‍ പൂര്‍ത്തീകരിക്കുന്നതിനും വേണ്ടിയുള്ള സമ്മര്‍ദ്ദം ശക്തിപ്പെടുത്തും. ആവശ്യമെങ്കില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനു സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയോ പങ്കാളിയാവുകയോ ചെയ്യും.
മലയോരഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപ്പാത എന്നിവ പൂര്‍ത്തീകരിക്കും
15000 കിലോമീറ്റര്‍ റോഡ് ബി.എം ആന്‍ഡ് ബിസിയില്‍ പൂര്‍ത്തീകരിക്കും. 72 റെയില്‍വേ മേല്‍പ്പാലങ്ങള്‍ പണിയും. 100 മേജര്‍ പാലങ്ങള്‍ പൂര്‍ത്തീകരിക്കും. ദേശീയപാതാ വികസനം പൂര്‍ത്തിയാക്കും. മലയോരഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപ്പാത എന്നിവ പൂര്‍ത്തീകരിക്കും. മൊത്തം 40000 കോടി രൂപ റോഡു നിര്‍മ്മാണത്തിന് ചെലവഴിക്കും. ആധുനികവും പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായ സാങ്കേതികവിദ്യകള്‍ റോഡ് നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തും.
20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിൽ നൽകും
20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിൽ നൽകും
ഈ ലക്ഷ്യത്തോടെ തല്‍പ്പരരായ മുഴുവന്‍ അഭ്യസ്തവിദ്യര്‍ക്കും നൈപുണി പരിശീലനം നല്‍കും. ഇവരുടെ വിശദാംശങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കും.
കാര്‍ഷിക മേഖലയില്‍ 5 ലക്ഷവും കാര്‍ഷികേതര മേഖലയില്‍ 10 ലക്ഷവും ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കും.
അഞ്ചു വര്‍ഷംകൊണ്ട് 15000 സ്റ്റാര്‍ട്ട് അപ്പുകള്‍കൂടി ആരംഭിക്കും. ഒരു ലക്ഷം പേര്‍ക്ക് പുതിയതായി തൊഴില്‍ ലഭിക്കും.
അടുത്ത വര്‍ഷം ഒന്നര ലക്ഷം വീടുകള്‍
അടുത്ത വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ നല്‍കും. ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും. മൊത്തം അഞ്ചു ലക്ഷം വീടുകള്‍ അഞ്ചു വര്‍ഷംകൊണ്ട് പണി തീര്‍ക്കും. ഭൂമി ലഭ്യമായിടങ്ങളില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിയും.
ഇടുക്കി പദ്ധതി രണ്ടാംഘട്ടം ആരംഭിക്കും
3000 കോടി രൂപയുടെ ഇടുക്കി പദ്ധതി രണ്ടാംഘട്ടം ആരംഭിക്കും. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളില്‍ നിന്ന് 3000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും. വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രനയത്തെ ചെറുക്കും.
7500 കോടി രൂപയുടെ വയനാട് പാക്കേജ്, 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2500 കോടിയുടെ കുട്ടനാട് പാക്കേജ്, 5000 കോടി രൂപയുടെ തീരദേശ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കും. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹാരത്തിനു പ്രത്യേക പരിഗണന നല്‍കും. കാസര്‍കോട് പാക്കേജിനുള്ള തുക വര്‍ദ്ധിപ്പിക്കും. ഇതിനായി പ്രത്യേക മേല്‍നോട്ട സമിതികള്‍ രൂപീകരിക്കും. വര്‍ഷത്തില്‍ രണ്ട് തവണ പ്രത്യേകമായി ഇതിന്റെ പുരോഗതി അവലോകനം ചെയ്യും.
സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ ഉയര്‍ത്തും, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന് ക്രൈം മാപ്പിംഗിന്റെ അടിസ്ഥാനത്തിലുള്ള ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കും. സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ നാലിലൊന്നെങ്കിലും ഉയര്‍ത്തും. സ്ത്രീകള്‍ക്കുള്ള പദ്ധതി അടങ്കല്‍ പത്തു ശതമാനത്തിലേറെയാക്കും. വനിതാ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ജന്‍ഡര്‍ പാര്‍ക്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പിലാക്കും. ഗൃഹജോലിയുടെ മൂല്യം അംഗീകരിച്ചുകൊണ്ട് വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും.
എല്ലാ വാര്‍ഡുകളിലും വയോക്ലബ്ബുകള്‍
വിപുലമായ വയോജന സര്‍വ്വേ നടത്തും. സേവനങ്ങള്‍ വാതില്‍പ്പടിയില്‍ നല്‍കും. എല്ലാ വാര്‍ഡുകളിലും വയോക്ലബ്ബുകള്‍ സ്ഥാപിക്കും. വയോജന അയല്‍ക്കൂട്ടങ്ങള്‍ വിപുലപ്പെടുത്തും. പ്രത്യേക വയോജന ക്ലിനിക്കുകളും ഒ.പികളും, പ്രത്യേക സാന്ത്വന പരിചരണം, വയോജനങ്ങള്‍ക്കു മരുന്ന് വാതില്‍പ്പടിയില്‍ എന്നിവ ആരോഗ്യ മേഖലയില്‍ ഉറപ്പുവരുത്തും. സംസ്ഥാന – ജില്ല – പ്രാദേശികതലങ്ങളില്‍ വയോജന കൗണ്‍സിലുകള്‍ രൂപീകരിക്കും. വയോജന നിയമം കര്‍ശനമായി നടപ്പാക്കും.