ഏററുമാനൂര്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ലതിക സുഭാഷ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം ഉപേക്ഷിക്കുകയും കെ.പി.സി.സി. ആസ്ഥാനത്തിനു മുന്നില് വെച്ച് തല മുണ്ഡനം ചെയ്യുകയും ചെയ്തത് കോണ്‍ഗ്രസിലെ ഉന്നത നേതൃത്വത്തില്‍ വ്യത്യസ്ത പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. സീറ്റ് കിട്ടാത്തതിന് തല മുണ്ഡനം ചെയ്യേണ്ട കാര്യമില്ല എന്നും അതിന് മറ്റെന്തോ കാരണം കാണും എന്ന പ്രതികരണമാണ് മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്നും ഉണ്ടായത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവട്ടെ ലതികയുടെ പ്രവൃത്തിയില്‍ അതൃപ്തി രേഖപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമാനൂര്‍ ഒഴികെ വേറൊരു സീറ്റ് നല്‍കാമെന്നു പറഞ്ഞിരുന്നു എന്നും കെ.പി.സി.സി. ആസ്ഥാനത്തിനടുത്തു വെച്ച് തല മുണ്ഡനം പോലുള്ള നടപടികള്‍ ഉണ്ടായത് ശരിയായില്ല എന്നുമാണത്രേ എ.ഐ.സി.സി. നേതാക്കളിലെ വികാരം. ഏറെ ദിവസത്തെ ശ്രമങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയ നേരം തന്നെ ഇത്തരം പ്രതിഷേധം ഉണ്ടായത് ദേശീയ തലത്തില്‍ തന്നെ വന്‍ പാര്‍ടിയെ നാണക്കേടിലാക്കി. എന്നു മാത്രമല്ല, നല്ല ഒരു തുടക്കത്തിന്റെ ശോഭ നഷ്ടപ്പെടുത്തുകയും ചെയ്തു എന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്.
തന്റെ നടപടി അച്ചടക്ക ലംഘനമാണെങ്കില്‍ നടപടി നേരിടാന്‍ തയ്യാറാണെന്നും വ്യക്തിയെ അല്ല, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ ആണ് അപമാനിച്ചത് എന്നും ലതിക സുഭാഷ് പ്രതികരിച്ചിട്ടുണ്ട്. തനിക്ക് വൈപ്പിന്‍ മണ്ഡലം തന്നിരുന്നെങ്കിലും സ്വീകരിക്കുമായിരുന്നു എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇനി ഒരു അപ്പക്കഷ്ണത്തിനായി മറ്റൊരു പാര്‍ടിയിലേക്കും പോകുകയില്ലെന്നും ലതിക പറഞ്ഞു. യു.ഡി.എഫ്.കണ്‍വീനര്‍ എം.എം.ഹസ്സന്‍ ലതികയുമായി സംസാരിക്കാന്‍ നേരിട്ട് എത്തിയെങ്കിലും ലതിക അതിന് തയ്യാറായില്ല. പ്രതിഷേധം ഹസ്സനു മുന്നിലും പ്രകടിപ്പിച്ച് അവര്‍ ഇന്ദിരാഭവനില്‍ നിന്നും നാട്ടിലേക്ക് മടങ്ങി.
