മൂന്നു വര്‍ഷം മുമ്പ് ഡെല്‍ഹിയില്‍ പോയി അമിത്ഷായെ സന്ദര്‍ശിച്ച് ബി.ജെ.പിയിലേക്ക് പോകാന്‍ ധാരണയാവുകയും പിന്നീട് നീക്കം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുകയും ചെയ്ത കെ.പി.സി.സി. ജനറല്‍ സെക്രട്ടരി വിജയന്‍ തോമസ് ഇപ്പോള്‍ പാര്‍ടി വിട്ടു.
പാര്‍ടിയുടെ സമീപകാല പ്രവര്‍ത്തനത്തിലും ജനസ്വാധീനമുള്ള പ്രവര്‍ത്തകരെ അവഗണിക്കുന്ന നേതാക്കളുടെ നയത്തിലും പ്രതിഷേധിച്ചാണ് രാജി എന്നും അടുത്ത ദിവസം എല്ലാ കാര്യങ്ങളും വിശദമായി തുറന്നു പറയുമെന്നും വിജയന്‍ തോമസ് ദ പൊളിറ്റിക്കല്‍ എഡിറ്റര്‍ പ്രതിനിധിയോട് പറഞ്ഞു. കോണ്‍ഗ്രസില്‍ ജനസ്വാധീനമുള്ളവര്‍ക്ക് പരിഗണനയില്ല. രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരവും മറ്റ് നേതാക്കള്‍ അവരുടെ താല്‍പര്യപ്രകാരവും മാത്രമാണ് പ്രവര്‍ത്തനം. പരാതിയുണ്ടെങ്കില്‍ നമ്മള്‍ ആരോട് പറയണം എന്ന് പോലും പ്രവര്‍ത്തകര്‍ക്ക് അറിയാത്ത അവസ്ഥയാണ്–വിജയന്‍ തോമസ് പറഞ്ഞു. പാര്‍ടിയുടെ പോക്കില്‍ അതൃപ്തനായിട്ടു തന്നെയാണ് രാജി വെക്കുന്നത്. അവഗണനയൊന്നുമല്ല പ്രശ്‌നം. അവഗണനയുണ്ടെങ്കില്‍ എനിക്ക് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സ്ഥാനം തരുമോ. ഇലക്ഷന്‍ ടിക്കറ്റും അല്ല വിഷയം. എല്ലാം ഞാന്‍ തിങ്കളാഴ്ച പറയാം–വിജയന്‍ തോമസ് പറഞ്ഞു.

കോണ്‍ഗ്രസിനെ സാമ്പത്തികമായി ധാരാളം സഹായിച്ചിരുന്ന വിജയന്‍ തോമസിനെ പല തവണ സ്ഥാനാര്‍ഥിത്വം നല്കാമെന്ന് വ്യാമോഹിപ്പിച്ച് കബളിപ്പിച്ചിട്ടുണ്ട് എന്നാണ് പരാതി. ഇത്തവണ നേമത്ത് സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കാത്തതു കൊണ്ടാണ് രാജി എന്നും ഭാവി പരിപാടി തിങ്കളാഴ്ച തീരുമാനിക്കുമെന്നും വിജയന്‍ തോമസ് പറഞ്ഞു. ബി.ജെ.പി.യില്‍ ചേരാനാണ് സാധ്യത.
തിരുവനന്തപുരത്തെ ലത്തീന്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ സ്വാധീനമുള്ള വിജയന്‍ തോമസ് നേരത്തെ ശശി തരൂരിനു പകരം ലോക്‌സഭാ സീറ്റ് കിട്ടുന്നതിനും ശ്രമിച്ചിരുന്നു. തിരുവനന്തപുരത്തെ തീരദേശത്തെ സ്വാധീനം ഉപയോഗിച്ചാണ് വിജയന്‍ തോമസിന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍.
നേരത്തെ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെയും കോണ്‍ഗ്രസിന്റെ ചാനലായ ജയ്ഹിന്ദ് ടിവിയുടെയും ചെയര്‍മാനുമായിരുന്ന വിജയന്‍ തോമസ് ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. പി.എസ്. ശ്രീധരന്‍പിള്ള ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് ആയിരിക്കുമ്പോഴാണ് നേരത്തെ വിജയന്‍ തോമസ് ബി.ജെ.പി.യില്‍ ചേരാന്‍ നോക്കിയിരുന്നത്.