അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പാലക്കാട് എഡിഷൻ മൂന്നാംദിനത്തിൽ വ്യത്യസ്ത കാഴ്ചകളുമായി എത്തിയ ചിത്രങ്ങൾ ശ്രദ്ധപിടിച്ചുപറ്റി .
സ്ട്രൈഡിംഗ് ഇൻ്റു ദ വിൻഡ്
ചൈനീസ് ചിത്രമായ സ്ട്രൈഡിംഗ് ഇൻ്റു ദ വിൻഡ് ആണ് അതിലൊന്ന്. റോഡ് മൂവി എന്നു പറയാമെങ്കിലും അതിൽ വ്യത്യസ്ത കൊണ്ടുവരാനുള്ള ശ്രമമാണ് സംവിധായകൻ വീ ഷുജൻ നടത്തുന്നത്. സിനിമയുടെ പ്രഥമഘട്ടത്തിൽ, ആദ്യ ഷോട്ടിൽ തന്നെ ഇതൊരു ഒരു റോഡ് മൂവി ആണെന്നുള്ള സന്ദേശം നൽകുന്നു. ഡ്രൈവിംഗ് ലൈസൻസ് നേടാനുള്ള ടെസ്റ്റിൽ നിന്ന് കോപത്തോടെ ഇറങ്ങിപ്പോകുന്ന ഫിലിം സ്കൂൾ വിദ്യാർത്ഥിയായ കുൻ നെയാണ് ആദ്യ ദൃശ്യം പരിചയപ്പെടുത്തുന്നത്. എന്തിനോടും വിമത സ്വഭാവം പുലർത്തുക എന്ന ശീലമുള്ള കൗമാരക്കാരനെ സിനിമയിലുടനീളം കാണാം .ഫിലിം സ്കൂളിലെ പഠനം വിരസമായി തോന്നുന്ന ഈ പഠിതാവിന് അവിടെ നിന്നുള്ള മോചനത്തിന് താല്പര്യമുണ്ട് .ക്ലാസുകളിൽ ഇരിക്കാൻ അവൻ്റെ മനസ്സ് സമ്മതിക്കുന്നില്ല. സൗണ്ട് റെക്കോർഡിംഗാണ് സുനിലിൻ്റെ പാഠ്യവിഷയം. ചൈനയിൽ നിന്ന് മംഗോളിയയിലേക്ക് യാത്ര തിരിക്കുകയാണ് സുൻ. യാത്രയിൽ അയാൾ ഉപയോഗിക്കുന്നത് പഴക്കംചെന്ന ഒരു ജീപ്പാണ്. ഒരുപക്ഷേ സു നിൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഈ യാത്ര എന്ന് തോന്നിപ്പിക്കും.ഈ യാത്രയിൽ കൗമാരക്കാരൻ പോലീസ് പിടിയിൽ അകപ്പെടുകയും തന്ത്രപൂർവ്വം രക്ഷപ്പെടുകയും ചെയ്യുകയാണ്. മനോഹരമായ ചൈനീസ് ഗ്രാമ ദൃശ്യഭംഗി പകർത്തിയെടുത്തിട്ടുണ്ട് സിനിമ. ഡ്രൈവിംഗ് ടെസ്റ്റിൽ നിന്ന് പിന്മാറി മാറി ലൈസൻസ് എടുക്കാതെ നടത്തുന്ന യാത്ര ആയതുകൊണ്ട് കൊണ്ട് വഴിയിൽ എന്തും സംഭവിക്കാം. ഈ അനിശ്ചിതത്വത്തെ തുടർന്നുള്ള സംഭവ പരമ്പരകൾ ,സിനിമ ശീലങ്ങളിലെ വേറിട്ട സംഭവഗതികൾ ഇതൊക്കെ പ്രേക്ഷകരെ അനുഭവിപ്പിക്കാൻ ശ്രമിക്കുകയാണ് ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ച സിനിമ.
ഫെബ്രുവരി
ബൾഗേറിയൻ ചിത്രമായ ഫെബ്രുവരി യും പ്രേക്ഷകരുടെ കയ്യടി നേടി. മൂന്നു കാലങ്ങളിലൂടെയാണ് ഈ സിനിമയുടെ ഗതി തീരുമാനിക്കപ്പെടുന്നത്.കാമേൻ കാലവ് സംവിധാനം നിർവഹിച്ച ഫെബ്രുവരിയിൽ ബാല്യവും തുടർന്ന് പട്ടാളത്തിലെ ജീവിതവും പിന്നീട് വാർധക്യകാലത്തെ അനുഭവങ്ങളുമാണ് സാക്ഷ്യപ്പെടുത്തുന്നത്. മനുഷ്യജീവിതത്തിൽ അനുഭവിക്കുന്ന ഏകാന്തതയോടൊപ്പം പ്രകൃതിയുടെ സൗന്ദര്യവും പ്രകൃതിയുമായുള്ള മനുഷ്യൻ്റെ ജൈവബന്ധവും ഒപ്പിയെടുത്തിരിക്കുന്നു.
മൂന്നു കാലങ്ങൾ മാത്രമല്ല, ഈ കാലങ്ങളിലൂടെ കടന്നു പോകുമ്പോൾ തന്നെ മനുഷ്യൻ എങ്ങനെയാണ് പ്രകൃതിയുമായി സംവദിക്കാൻ ശ്രമിക്കുന്നതെന്ന് ഫെബ്രുവരി ദൃശ്യവൽക്കരിക്കുന്നു. പ്രകൃതിയെ നശിപ്പിച്ചാൽ അതിൻ്റെ ദുരന്തം നേരിടേണ്ടി വരുമെന്ന സൂചനയും മുന്നറിയിപ്പും ഫെബ്രുവരിയിലുണ്ട്. മൂന്നു കാലങ്ങളിലും പ്രകൃതിയുമായി ഇഴപിരിയാത്ത ബന്ധം സൃഷ്ടിക്കുന്നുണ്ട് പാറ്റർ. നമ്മളറിയാതെ നമ്മളിൽ ത്തന്നെ അദൃശ്യസാന്നിധ്യം ആവാൻ പ്രകൃതിക്ക് കഴിയും. ബാല്യത്തിലായാലും പട്ടാള ജീവിതത്തിലായാലും ഒടുവിൽ വാർധക്യത്തിലെ ഒറ്റപ്പെട്ട വാസത്തിലായാലും.
സ്ഥൽ പുരാൺ
അക്ഷയ് ഇന്തിക്കാറിൻ്റെ മറാത്തി ചിത്രമായ സ്ഥൽ പുരാൺ ആണ് മൂന്നാംദിനത്തിൽ പ്രദർശിപ്പിച്ച മറ്റൊരു സിനിമ .ലോകസിനിമ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച സ്ഥൽ പുരാൺ സംവിധായകൻ്റെ ആത്മകഥാംശമുള്ളതാണ്.
നഗരത്തിൽനിന്നും ഗ്രാമത്തിലേക്കു താമസം മാറ്റേണ്ടി വന്നവരാണ് എട്ടുവയസ്സുകാരൻ
ദിഘു,ചേച്ചി അമ്മ എന്നിവരടങ്ങുന്ന കുടുംബത്തിന് .അച്ഛൻ്റെ അസാന്നിധ്യം എട്ടുവയസ്സുകാരനിൽ ഒറ്റപ്പെടൽ സൃഷ്ടിക്കുന്നുണ്ട്. അതിനെ മറികടക്കാൻ പലവഴികളും കണ്ടെത്തുന്നു.മുത്തശ്ശനും മുത്തശ്ശിയോടുമൊപ്പം താമസിക്കാൻ കൊങ്കൺ തീരത്തെ ഒരു ഗ്രാമത്തിലാണ് ദിഘുവും കുടുംബവും എത്തുന്നത്. എന്ന കുട്ടിയിലൂടെ ബാല്യ കാലത്തെ മാനസിക വ്യവഹാരങ്ങൾ അടയാളപ്പെടുത്താനാണ് സംവിധായകൻ്റെ ശ്രമം.
ഹാസ്യം
നവരസ പരമ്പരയിലെ ഹാസ്യം എന്ന ചിത്രവുമായാണ് സംവിധായകൻ ജയരാജ് എത്തിയത്. ഈ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ഹാസ്യം. മൃതദേഹഏജൻ്റായ ജപ്പാൻ (ഹരിശ്രീ അശോകൻ )മെഡിക്കൽ കോളേജിലേക്ക് കുട്ടികൾക്ക് പഠിക്കാനായി മൃതശരീരങ്ങൾ ഏർപ്പാടാക്കി കൊടുക്കുകയാണ് .ഓരോ മരണങ്ങളും അയാൾക്ക് സന്തോഷമാണ് പകരുന്നത് .അതിലൂടെ കിട്ടുന്ന പണം ജപ്പാൻ്റെയും കുടുംബത്തിൻ്റെയും ജീവിതം പച്ച പിടിപ്പിക്കുന്നു.
ഒരിക്കൽ മൃതദേഹത്തിന് അഡ്വാൻസ് ഉറപ്പിച്ചു കിട്ടുന്ന പണം അയാൾ സ്വന്തം കുടുംബത്തിലേക്ക് ഫ്രൈഡ് ചിക്കൻ വാങ്ങിയാണ് ആഘോഷിക്കുന്നത്.
പുതു പണത്തിൻ്റെ പിൻബലത്തിൽ പുതു ഭക്ഷണശീലങ്ങളിൽ അതിൻ്റെ വ്യാമോഹങ്ങളിൽ അയാൾ കുടുങ്ങുന്നു. ഇതെല്ലാം മൃതദേഹങ്ങളുടെ കമ്മീഷൻ ആണെന്ന കാര്യമൊന്നും ജപ്പാൻ്റെ ആഹ്ലാദത്തിന് കുറവും വരുത്തുന്നില്ല .സ്വന്തം പിതാവിൻ്റെ മരണത്തെ പോലും അദ്ദേഹം പ്രതീക്ഷയോടെയാണ് കാണുന്നത്. തീവണ്ടിയും പാളങ്ങളും തുരങ്കവും മികച്ച രൂപകങ്ങളായി സിനിമയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു
ബിരിയാണി
നിരവധി പുരസ്കാരങ്ങൾ നേടിയ സജിൻ ബാബുവിൻ്റെ ബിരിയാണി കാലിഡോസ്കോപ് വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത് .ജീവിക്കാൻ ലൈംഗിക തൊഴിലാളിയായി വേഷമിടേണ്ടി വന്ന ഖദീജ എന്ന സ്ത്രീയുടെ അനുഭവങ്ങളാണ് ബിരിയാണി.
സ്ത്രീവിമോചനം സാധ്യമാവുന്നത് അവരിൽനിന്നു തന്നെയാണെന്ന് ബിരിയാണി അടിവരയിടുന്നു. കഥാപാത്രത്തെ ഉജ്ജ്വല മാക്കിയ കനികുസൃതി പ്രേക്ഷകരുടെ കയ്യടി നേടി. സിനിമയിൽ ഒരു രംഗത്തിൽ അഭിനയിച്ച മൈത്രേയൻ സിനിമ കാണാൻ എത്തിയിരുന്നു. മലയാള സിനിമകളായ വാസന്തി,വാങ്ക് എന്നിവയും മൂന്നാംദിനത്തിൽ പ്രദർശിപ്പിച്ചു. ഫിലിം സെൻസർഷിപ്പിനെക്കുറിച്ച് വൈകിട്ട് നടന്ന ഓപ്പൺ ഫോറത്തിൽ സംവിധായകൻ വി കെ പ്രകാശ് പങ്കെടുത്തു.