ലൗ ജിഹാദ് വിഷയത്തില്‍ ജോസ് കെ. മാണി ഇന്നലെ പറഞ്ഞത് ഇന്ന് തിരുത്തി. ലൗ ജിഹാദ് സംബന്ധിച്ച സംശയങ്ങള്‍ ന്യായമാണെന്നും അത് ദൂരീകരിക്കേണ്ടതുണ്ടെന്നും ആയിരുന്നു ഇന്നലെ ജോസ് മാണി പറഞ്ഞിരുന്നത്. ഇത് ഇടതുമുന്നണിയെത്തന്നെ പ്രതിരോധത്തിലാക്കിയിരുന്നു. ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിന്റെയും അഭിപ്രായമെന്ന് അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ലൗ ജിഹാദ് തിരഞ്ഞെടുപ്പ് വിഷയമല്ല. ഇടതുസര്‍ക്കാരിന്റെ അഞ്ച് വര്‍ഷ കാലത്തെ വികസനമാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ വികസന ചര്‍ച്ചകളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വിവാദങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.

ജോസ് കെ.മാണി കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. തുടര്‍ന്ന് ജോസ് കെ.മാണിയെ പിന്തുണച്ച് കെ.സി.ബി.സിയും രംഗത്തെത്തി.
ജോസ് കെ. മാണിയുടെ പ്രതികരണം വിവാദമായതോടെ എല്‍.ഡി.എഫും പ്രതിരോധത്തിലായി. തുടർന്നാണ് പറഞ്ഞത് തിരുത്താൻ ജോസ് കെ മാണി നിർബന്ധിതനായത്