പാര്‍ശ്വവത്കൃതരായ സമൂഹത്തിന്റെയും തിരസ്‌കൃതരായ ജനതയുടെയും വേദനകളെ ദൃശ്യവത്കരിക്കുകയാണ് രണ്ടു ചിത്രങ്ങള്‍.ഐ.ഐ.എഫ്.കെ പാലക്കാട് എഡിഷന്റെ സമാപന ദിവസത്തില്‍ പ്രദര്‍ശിപ്പിച്ച തമിഴ് ചിത്രമായ സേത്തുമാന്‍ ( പിഗ്്് ) ,ഹിന്ദി ചിത്രമായ ‘ കോസ ‘ എന്നിവയാണ് ജാതിയുടെ സംഘര്‍ഷങ്ങള്‍,മനുഷ്യാവകാശത്തിന്റെ ലംഘനങ്ങള്‍ എന്നിവയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്.ജാതിയുടെ പേരില്‍ അനുഭവിക്കുന്ന വിവേചനത്തെ തുറന്നുകാണിക്കാന്‍ സേത്തുമാന്‍ ശ്രമിക്കുന്നുണ്ട്.സംവിധായകന്‍ തമിഴിന്റെ ചിത്രമായ സേത്തുമാന്‍ പാ രഞ്ജിത്തിന്റെ നിര്‍മ്മാണ സംരംഭം കൂടിയാണ്.
ചെറുമകനായ കുമരേശനോടൊത്താണ് തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ പൂച്ചിയപ്പന്‍ എന്ന വയോധികന്‍ താമസിക്കുന്നത്.ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും പ്രതീകമായ ഒരു ചെറുകുടിലിലാണ് അവരുടെ താമസം.ഭൂപ്രഭുവായ വെള്ളയ്യന്റെ സ്ഥലത്താണ് ഇവര്‍ കുടിലുകെട്ടിയിട്ടുള്ളത്.ജാതി സംഘട്ടനത്തില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മാതാപിതാക്കളെ നഷ്ടപ്പെട്ട കുമരേശന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുക മാത്രമല്ല പൂച്ചിയപ്പന്‍ ചെയ്യുന്നത്.അവന്റെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുകയും ചെയ്യുന്നു.കുമരേശന്‍ ഒരു വലിയ ഓഫീസര്‍ ആകുന്നതാണ് പൂച്ചിയപ്പന്‍ സ്വപ്‌നം കാണുന്നത്.
സ്ഥലമുടമയും ഭൂപ്രഭുവുമായ വെള്ളയ്യന് പന്നിയിറച്ചി തിന്നാന്‍ മോഹമുണ്ട്.എന്നാല്‍ ഭാര്യ വിലങ്ങുതടിയാണ്.പക്ഷേ വെള്ളയ്യന്‍ തന്റെ ആഗ്രഹം നിറവേറ്റാന്‍ ശ്രമം നടത്തുന്നു.ഇക്കാര്യത്തിനായി വെള്ളയ്യന്‍ പൂച്ചിയപ്പന്റെ സഹായം തേടുന്നു.പന്നിയെ വാങ്ങാനും അതിനെ കൊന്ന് പാചകം ചെയ്യാനും പൂച്ചിയപ്പന്‍ തയ്യാറാവുന്നു.പാചകം ചെയ്ത പന്നിയിറച്ചി വെള്ളയ്യനും സുഹൃത്തുക്കള്‍ക്കുമായി വീതം വെച്ചാണ് പൂച്ചിയപ്പന്‍ വെള്ളയ്യന്റെയും കുടുംബത്തിന്റെയും ആഗ്രഹം സാധി്ച്ചു കൊടുക്കുന്നത്.
പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമയെടുത്തിരിക്കുന്നത്.
മോഹിത് പ്രിദര്‍ശിയുടെ ഹിന്ദി ചിത്രമായ ‘ കോസ ‘ മാവോയിസ്റ്റ് വേട്ടയും ചില മനുഷ്യവകാശ ലംഘനങ്ങളും ചൂണ്ടിക്കാട്ടുന്ന സിനിമയാണ്.പതിനഴുവയസ്സു പ്രായമുള്ള കോസ മുച്ചാക്കി പോലീസ് പിടിയിലാകുന്നത് മാവോയിസ്റ്റാണെന്ന തെറ്റിദ്ധാരണയെത്തുടര്‍ന്നാണ്.അറസ്റ്റു ചെയ്തതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് കോസയെ പിന്നീട് നയിക്കുന്നത്.ഭരണകൂടം ഓരോരുത്തരെയും തീവ്രവാദിയായി മുദ്രകുത്തുന്ന അപകടകരമായ പ്രവണതയെയാണ് കോസ ചോദ്യം ചെയ്യുന്നത്.
ഛത്തീസ്ഗഢിലെ ബസ്തറാണ് സിനിമയുടെ കഥാ പശ്ചാത്തലം.കാടും കൃഷിയും അല്ലാതെ മറ്റൊന്നുമില്ലാത്ത അവരുടെ ജീവിത വഴികളില്‍ ഭയവും അനിശ്ചിതത്വവുമാണ് എല്ലായ്‌പ്പോഴും നിഴലിക്കുന്നത്.പോലീസ് പിടിച്ചുകൊണ്ടുപോയെന്ന് പരാതി പറയാനെത്തിയ അച്ഛനെപ്പോലും അവര്‍ ഭീഷണിപ്പെടുത്തുന്നു.എന്നാല്‍ കോസയുടെ കുടുംബത്തിനുവേണ്ടി സഹായവുമായി എത്തുന്നത് കേശവ് എന്ന മാധ്യമപ്രവര്‍ത്തകനാണ്.സൈറ എന്ന അഭിഭാഷകയും കൂട്ടായി എത്തുന്നു.കോസയുടെ പല അപേക്ഷകളും പലയിടത്തും നിഷേധിക്കപ്പെടുന്നു.നീതി എത്രയോ അകലെയാണ്.മനുഷ്യാവകാശം പേരിനു മാത്രം.എന്തുമാത്രം തിരസ്‌കരിക്കപ്പെട്ടവരാണ് ഇവര്‍.അവരുടെ വേദനകള്‍ കറുത്ത യാഥാര്‍ത്ഥ്യത്തിലേക്ക് പ്രേക്ഷകരെ കൈപിടിച്ചു നടത്തുന്നു.ഒടുവില്‍ കോസക്കു ജാമ്യം ലഭിച്ചുവെങ്കിലും പട്ടാളം കോസയെ വെടിവെച്ചുകൊല്ലുന്നു.വ്യാജ ഏറ്റുമുട്ടലിന്റെ വ്യാജ കഥകളുമായി മാധ്യമങ്ങളും രംഗത്തെത്തുന്നു.മുഖ്യ കഥാപാത്രമായ കോസയെ അവതരിപ്പിച്ചിരിക്കുന്നത് കുണാല്‍ ബഗെയാണ്.