ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രധാന ആനയായ ഗജരാജൻ വലിയ കേശവന്‍ ചരിഞ്ഞു. ഗുരുവായുരപ്പന്റെ സ്വര്‍ണക്കോലമേന്തുന്നതിന് അവകാശമുള്ള കൊമ്പനായിരുന്നു വലിയ കേശവന്‍. അനാരോഗ്യം കാരണം കുറച്ചുനാളായി ചികിത്സയിലായിരുന്നു. രണ്ട് വര്‍ഷത്തോളമായി ചികിത്സ തുടരവെയാണ് ഇന്ന്ഉച്ചയ്ക്ക് 12.20ന് ആന ചരിഞ്ഞത്.
2020ൽ ഗുരുവായൂര്‍ പത്മനാഭന്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചരിഞ്ഞതോടെയാണ് വലിയ കേശവന്‍ ഗുരുവായുരിലെ ആനകളില്‍ പ്രധാനിയായത്. 2000-ത്തിൽ ഗുരുവായൂര്‍ സ്വദേശി നാകേരി വാസുദേവന്‍ നമ്പൂതിരിയാണ് കേശവനെ നടയിരുത്തിയത്. ഇളംമഞ്ഞ കണ്ണുകള്‍, നല്ല നടയമരങ്ങള്‍, കടഞ്ഞെടുത്തതു പോലുള്ള കൊമ്പുകള്‍, നീളമുള്ള തുമ്പി, ഉത്തമമായ ചെവികളും വാലും. 305 സെന്റീമീറ്റര്‍ ഉയരവും ഈ 56 കാരനുണ്ടായിരുന്നു. ശാന്തസ്വഭാവക്കാരനായ വലിയ കേശവന്‍ ദേവസ്വത്തിലെ തലയെടുപ്പുള്ള ആനകളില്‍ മുന്‍നിരയിലായിരുന്നു.