കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വസതിയിലായിരുന്നു അന്ത്യം. കഥകളിയുടെ വടക്കൻരീതിയായ കല്ലടിക്കോടൻ ചിട്ടയുടെ പ്രചാരകരിൽ പ്രധാനിയായിരുന്നു അദ്ദേഹം. കൊയിലാണ്ടി ചെങ്ങോട്ടുകാവ് ചേലിയയിലെ വീട്ടിലായിരുന്നു താമസം.
1916 ജൂൺ 16നായിരുന്നു ജനനം. മടയങ്കണ്ടിയിൽ ചാത്തുക്കുട്ടി നായരും കിണറ്റിൻകര കുഞ്ഞമ്മക്കുട്ടിയമ്മയുമാണ് മാതാപിതാക്കൾ. ആദ്യമായി വേഷം അണിയുമ്പോൾ പതിനാല് വയസ് മാത്രം. 90 വർഷത്തോളം അരങ്ങിൽ സജീവമായിരുന്നു. കൃഷ്ണ, കുചേല വേഷങ്ങൾ ചേമഞ്ചേരിയെ ശ്രദ്ധേയനാക്കി. കുഞ്ഞിരാമൻ നായരുടെ കൃഷ്‌ണവേഷങ്ങൾ പ്രസിദ്ധമാണ്.
