ഈ കോണ്‍ഗ്രസിനെയാണോ കേരളം പ്രതീക്ഷിക്കുന്നത് !
സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയാക്കി ഇടതുമുന്നണി തുടര്‍ഭരണത്തിനായുള്ള പ്രചാരണത്തില്‍ ഏറെ ദൂരം മുന്നേറുമ്പോഴും കോണ്‍ഗ്രസ് അധികാരത്തിനായുള്ള അവസാനിക്കാത്ത ആര്‍ത്തിയുടെ നിഴലില്‍ ജനങ്ങള്‍ക്കിടയില്‍ സ്വയം പരിഹസിക്കപ്പെടുന്ന അവസ്ഥയില്‍ തുടരുന്നത് യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടര്‍മാരില്‍ വലിയ മടുപ്പ് സൃഷ്ടിക്കുന്നുണ്ടെന്നാണ് വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍.
ഏഴ് മണ്ഡലങ്ങളില്‍ മാത്രമേ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ളൂ എന്ന് പറയാമെങ്കിലും പത്തിലേറെ ഇടങ്ങളില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരെ കടുത്ത പ്രതിഷേധം പരസ്യമായി ഉയര്‍ത്തുകയും സംഘടനാസ്ഥാനങ്ങളില്‍ നിന്നുള്ള രാജി വെക്കലും വിമത യോഗങ്ങളും തുടരുകയുമാണ് കോണ്‍ഗ്രസില്‍. മുഖ്യമന്ത്രിക്കെതിരായി മല്‍സരിക്കേണ്ട സ്ഥാനാര്‍ത്ഥിയെ ഇനിയും തീരുമാനിക്കാന്‍ കഴിഞ്ഞില്ല എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ പ്രതിച്ഛായാ നഷ്ടമാണ്. പിണറായി വിജയന്‍ തന്റെ മണ്ഡലത്തില്‍ ആകെ പര്യടനം പൂര്‍ത്തിയാക്കി നാളെയോടെ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലേക്ക് പോകാനൊരുങ്ങുന്ന അവസ്ഥയിലും യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്നുപോലും തീരുമാനിക്കപ്പെട്ടിട്ടില്ല എന്നത് വലിയ വീഴ്‌ചയാണ്.
ലതികാ സുഭാഷിനെ തഴഞ്ഞത് പിഴവ്
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടായിട്ടു പോലും ലതികാ സുഭാഷിന് ഒരു സീറ്റ് നല്‍കിയില്ല എന്നത് സംസ്ഥാനത്തെ മൊത്തം പ്രചാരണത്തെ ബാധിക്കുന്ന, സ്‌ത്രീ വോട്ടര്‍മാരില്‍ വലിയ അവമതിപ്പ് സൃഷ്ടിക്കുന്ന വലിയൊരു പിഴവായി മാറുകയാണ് കോണ്‍ഗ്രസില്‍. എന്തെല്ലാം തരത്തിലുള്ള വിജയസാധ്യതാപഠനം നിലനില്‍ക്കെയും, തോറ്റാല്‍ പോലും നല്‍കേണ്ട സീറ്റായിരുന്നു ലതികാ സുഭാഷിന്റെത്. കോണ്‍ഗ്രസിന്റെ മഹിളാ വിഭാഗം സംസ്ഥാന അധ്യക്ഷയ്‌ക്ക് എന്തു വന്നാലും സീറ്റ് നല്‍കേണ്ടത് പ്രതീകാത്മകമായ നിലപാടായിരുന്നു.
അത് ചെയ്യാതിരുന്നതു മൂലം ലതികാ സുഭാഷ് നടത്തിയ തലമുണ്ഡനവും സ്വതന്ത്രയായുള്ള അരങ്ങേറ്റവും സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സ്‌ത്രീകള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാക്കി മാറ്റാന്‍ ഇടതുപക്ഷത്തിന് കഴിയും. ഇത് യു.ഡി.എഫി.ന് സൃഷ്ടിക്കുന്ന അവമതിപ്പും പ്രതിച്ഛായാ നഷ്ടവും ഏറ്റവും വലിയതാണ്. വടകരയില്‍ കെ.കെ.രമയുടെ കാര്യത്തിലും അനിശ്ചിതാവസ്ഥ മാറിയിട്ടില്ല. നേരത്തെ പറഞ്ഞു കേട്ട വനിതാ സ്ഥാനാര്‍ഥികളായ ജോതി വിജയകുമാര്‍, കെ.സി.റോസക്കുട്ടി തുടങ്ങിയവരുടെ കാര്യത്തിലും ആദ്യപട്ടിക പുറത്തിറക്കുമ്പോള്‍ തന്നെ തീരുമാനമാക്കാന്‍ ആയില്ല എന്നത് പോരായ്‌മയാണ്. വിമര്‍ശനം വരുമ്പോള്‍ മാത്രം ഉള്‍പ്പെടുത്തേണ്ട ഒന്നായി വനിതാ പ്രാതിനിധ്യം മാറുകയാണ് എന്ന സൂചനയാണ് ഇപ്പോള്‍് കോണ്‍ഗ്രസ് നല്‍കുന്നത് എന്നതാണ് ഏറ്റവും പരിതാപകരം.നേമത്ത് കെ.മുരളീധരന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപക്കാനായത് കോണ്‍ഗ്രസിന്റെ ഇമേജ് ഉയര്‍ത്തി. എന്നാല്‍ ലതികാ സുഭാഷിന്റെ കലാപം ആ ഇമേജിനെ നിഴലിലേക്ക് മാറ്റുകയും ചെയ്തു.
വനിതകള്‍ സി.പി.എമ്മിനെക്കാള്‍ കുറവ്
85 മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന സി.പി.എം. 12 വനിതാ സ്ഥാനാര്‍ഥികളെ ആദ്യമേ അവതരിപ്പിച്ചപ്പോള്‍ 93 മണ്ഡലങ്ങളില്‍ പോരടിക്കുന്ന കോണ്‍ഗ്രസ് വെറും 9 വനിതകള്‍ക്കു മാത്രമാണ് സ്ഥാനം നല്‍കിയത് എന്നത് സ്‌ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള കേരളത്തില്‍ തീര്‍ച്ചയായും അവരുടെ ഇടയില്‍ ചര്‍ച്ചയാകും. ലതികാസുഭാഷിനു പോലും സീറ്റ് നിഷേധിക്കും വിധം ദീര്‍ഘവീക്ഷണം ഇല്ലാത്ത സ്ഥാനാര്‍ഥി നിര്‍ണയം വലിയ നാണക്കേടാണ് ഉണ്ടാക്കിയിട്ടുള്ളത്. ലതികാ സുഭാഷ് ഇത്രയും കടുത്ത രീതിയില്‍ പ്രതികരിക്കുമെന്ന് നേതൃത്വം പ്രതീക്ഷിച്ചിരിക്കില്ല. സ്‌ത്രീയുടെ പ്രതിഷേധം അവഗണിക്കാമെന്ന തോന്നല്‍ തെറ്റിപ്പോയി. ഏറ്റുമാനൂരില്‍ 30 വര്‍ഷമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന ലതികയ്‌ക്ക് അവിടെ ഇനി കിട്ടാന്‍ പോകുന്ന സഹതാപ തരംഗം മാത്രം മതി ആ സീറ്റ് യു.ഡി.എഫിന് നഷ്ടപ്പെടാന്‍.
ഇരിക്കൂര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരെ കോണ്‍ഗ്രസില്‍ ഉയര്‍ന്നിരിക്കുന്ന കലാപം, ധര്‍മ്മടത്തെ അനിശ്ചിതാവസ്ഥ, കഴക്കൂട്ടം, പട്ടാമ്പി, കുണ്ടറ, തവനൂര്‍,കല്‍പറ്റ തുടങ്ങിയ ഇടങ്ങളില്‍ ഇപ്പോഴും തുടരുന്ന തീരുമാനമില്ലായ്‌മ എന്നിവയും കോണ്‍ഗ്രസിലെ അവസാനിക്കാത്ത ഗ്രൂപ്പിസത്തിന്റെ പരസ്യപ്രകടനങ്ങളാകുന്നു. ദേശീയ നേതൃത്വത്തിന്റെ മൂക്കുകയറിലായിരിക്കും കാര്യങ്ങള്‍ എന്ന പ്രതീതി ആദ്യമേ ജനിപ്പിച്ചിരുന്നുവെങ്കിലും അതനുസരിച്ച് കാര്യങ്ങള്‍ അച്ചടക്കത്തോടെയൊന്നും നടന്നില്ല എന്നതിന് ഇതില്‍പരം എന്തുദാഹരണം വേണം.
കുറ്റിയാടിയിലെ തിരുത്ത്
ഇടതു പക്ഷത്തും സ്ഥാനാര്‍ഥിയെച്ചൊല്ലിയുള്ള തര്‍ക്കവും രോഷപ്രകടനങ്ങളും ഇത്തവണ കൂടുതലായി ഉയര്‍ന്നുവെങ്കിലും അവ പരിഹരിക്കുന്ന കാര്യത്തില്‍ സി.പി.എം. കാണിച്ച മുന്‍ഗണനയും തിരിച്ചറിവും എടുത്തു പറയേണ്ട കാര്യമാണ്. പൊന്നാനിയും കുറ്റിയാടിയും കൃത്യമായ ഉദാഹരണങ്ങളാണ്. രണ്ടിടത്തെയും പരിഹാരക്രിയകള്‍ സി.പി.എമ്മിന്റെ രണ്ട് സമീപനങ്ങള്‍ കൂടി ഉദാഹരിക്കുന്നവയാണ് എന്നതാണ് കൗതുകകരം.
കുറ്റിയാടിയിലെ തിരുത്ത് സാധാരണ നിലയില്‍ സി.പി.എമ്മില്‍ നിന്നും ആരും പ്രതീക്ഷിക്കുന്നതല്ല. പ്രത്യേകിച്ച പൊന്നാനിയില്‍ അവര്‍ സ്വീകരിച്ച നടപടിയുടെ പശ്ചാത്തലത്തില്‍. എന്നാല്‍ കുറ്റിയാടിയിലെ യാഥാര്‍ഥ്യം ഉപാധിയില്ലാതെ ഉള്‍ക്കൊണ്ട് കൂടുതല്‍ നാണക്കേടും പരിക്കുമില്ലാതെ പ്രശ്‌നം പരിഹരിക്കാനും ശാന്തമായ സാഹചര്യത്തോടെ പ്രചാരണത്തില്‍ കുതിക്കാനും സി.പി.എം. നിലപാട് സ്വീകരിച്ചു. ഇല്ലായിരുന്നെങ്കില്‍ കുറ്റിയാടിയെ യു.ഡി.എഫ്. സംസ്ഥാനത്താകെ പ്രചാരണ വിഷയം ആക്കിയേനെ. ലതികാ സുഭാഷിന്റെ വിഷയം പോലെ അതും കത്തിയേനെ. എന്നാല്‍ പ്രശ്‌നങ്ങള്‍ എത്രയും വേഗം രമ്യമായി തീര്‍ക്കാനാണ് സി.പി.എം. ശ്രമിച്ചത്. അതിന് ഫലവും ഉണ്ടായി.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ഇനി നാലു ദിവസം മാത്രം ബാക്കി നില്‍ക്കെ, ഹൈക്കമാന്‍ഡിന്റെ വന്‍ സാന്നിധ്യവും മൂക്കുകയറും ഒക്കെയായി ഇത്തവണ അനങ്ങാന്‍ വിടില്ല എന്നും പറഞ്ഞ് തുടങ്ങിയ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക അപൂര്‍ണമായും തെരുവുകളില്‍ ഗ്രൂപ്പു തിരഞ്ഞ പോരടി പരസ്യമായും ഇരിക്കുന്നു എന്നതാണ് ചിത്രം.