ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ ക്രൈസ്തവ യുവ സന്യാസിനിമാർക്ക് നേരെ ബജ്‌റംഗ്ദൾ ആക്രമണം. ഹിന്ദുത്വ തീവ്രവാദികളുടെ പിടിയിൽ നിന്ന് രക്ഷപെട്ട് അവർ സംസ്ഥാനം വിട്ടത് വസ്ത്രം മാറി. മാറിയാണെന്ന് സന്യാസസഭയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
മാർച്ച് പത്തൊമ്പത് വെള്ളിയാഴ്ച ഡൽഹിയിൽനിന്നും ഒഡീഷയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ (SH) ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർക്ക് ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ചാണ് ഭയാനകമായ ദുരനുഭവമുണ്ടായത്. ഒഡീഷയിൽനിന്നുള്ള പത്തൊമ്പത് വയസുള്ള രണ്ട് സന്യാസ പരിശീലനം നേടുന്നവരെ അവധിക്ക് നാട്ടിൽ കൊണ്ടുചെന്നാക്കാൻ കൂടെപോയവരായിരുന്നു ഒരു മലയാളി ഉൾപ്പെടെയുള്ള മറ്റുരണ്ട്‍ യുവസന്യാസിനിമാർ.
സന്യാസ വിദ്യാര്‍ഥിനികള്‍ രണ്ടുപേരും സാധാരണ വസ്ത്രവും, മറ്റുരണ്ടുപേർ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്. തേർഡ് എസിയിലായിരുന്നു യാത്ര ചെയ്തിരുന്നത്.
ഉച്ചയ്ക്ക് മുമ്പ് ഡൽഹിയിൽനിന്നും തിരിച്ച അവർ വൈകിട്ട് ആറരയോടെ ഝാൻസി എത്താറായപ്പോൾ തീർത്ഥയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ചില ബജ്‌റംഗ്ദൾ പ്രവർത്തകർ അകാരണമായി അവർക്ക് നേരെ കുറ്റാരോപണങ്ങൾ നടത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു–കുറിപ്പില്‍ പറയുന്നു.
സന്യാസാർത്ഥിനിമാരായ രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോയതാണ് എന്നായിരുന്നു അവരുടെ പ്രധാന ആരോപണം. ആരോപണങ്ങൾ ആവർത്തിച്ചുകൊണ്ട് പ്രശ്നമുണ്ടാക്കാൻ അവർ ശ്രമം തുടങ്ങിയപ്പോൾ സന്യാസിനിമാരിൽ ഒരാൾ ഡൽഹിയിലെ പ്രൊവിൻഷ്യൽ ഹൗസിലേയ്ക്ക് വിളിച്ച് വിവരം ധരിപ്പിക്കുകയുണ്ടായി. ഫോണ്‍ വിളിച്ചതോടെ പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ ശ്രമം നടന്നു. ജയ് ശ്രീറാം, ജയ് ഹനുമാൻ മുദ്രാവാക്യങ്ങൾ വിളിക്കാൻ ആരംഭിക്കുകയും ചെയ്തു.
ഏഴരയോടെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസുദ്യോഗസ്ഥർ ട്രെയിനിനുള്ളിൽ പ്രവേശിക്കുകയും നാലുപേരോടും ലഗ്ഗേജ് എടുത്ത് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. തങ്ങൾ അവധിക്ക് നാട്ടിൽ പോകുന്നവരാണ് പുറത്തിറങ്ങാൻ കഴിയില്ലെന്ന അവരുടെ വാക്കുകൾ പോലീസ് അംഗീകരിക്കുമായിരുന്നില്ല. വനിതാപോലീസ് ഇല്ലാതെ പുറത്തിറങ്ങില്ല എന്ന് അവരിൽ ഒരാൾ പറഞ്ഞു. എന്നാൽ ആ ആവശ്യവും അംഗീകരിക്കാതെ ബലപ്രയോഗത്തിലൂടെ പോലീസ് അവരെ ട്രെയിനിൽനിന്ന് പുറത്തിറക്കി.
ട്രെയിനിൽനിന്ന് നാല് യുവസന്യാസിനിമാരെ പുറത്തിറക്കിയപ്പോൾ ജയ്‌ശ്രീറാം വിളിയുമായി അവരെ സ്വീകരിക്കാൻ തയ്യാറായി നിന്നിരുന്നത് നൂറ്റമ്പതിൽപ്പരം ബജ്‌റംഗ്ദൾ പ്രവർത്തകരാണ്. അവിടെനിന്ന് ആർപ്പുവിളികളോടെ പോലീസ് അകമ്പടിയുമായി ഘോഷയാത്രയായാണ് അവരെ പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത്. ആ സമയമുടനീളം പിന്നാലെ കൂടിയ വലിയ ആൾക്കൂട്ടം തീവ്ര വർഗീയ മുദ്രാവാക്യങ്ങളാണ് മുഴക്കിയിരുന്നത്. അപകടം തിരിച്ചറിഞ്ഞ സന്യാസിനിമാരിൽ ഒരാൾ, വനിതാ പോലീസ് ഇല്ലാതെ മുന്നോട്ടു നീങ്ങില്ല എന്ന് തീർത്തുപറഞ്ഞു. അല്പസമയത്തിനുള്ളിൽ എവിടെനിന്നോ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും സന്യാസിനിമാരെ പോലീസ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു.
സംഭവിക്കുന്നതെന്താണെന്ന് അറിയാനായി ഡൽഹിയിലുള്ള സന്യാസിനിമാർ തുടരെത്തുടരെ ഫോൺ വിളിക്കുന്നുണ്ടായിരുന്നെങ്കിലും ഫോണെടുക്കാൻ അക്രമികളും പോലീസും അനുവദിച്ചിരുന്നില്ല.
സന്യാസിനിമാരെ പോലീസ് സ്റ്റേഷനുള്ളിൽ പ്രവേശിപ്പിച്ചപ്പോൾ പുറത്ത് വലിയ ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു നൂറുകണക്കിന് ബജ്‌റംഗ്ദൾ പ്രവർത്തകർ. ഒരുതരത്തിലും ശാന്തരാവാതെ കൂടുതൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള അവരുടെ പദ്ധതിക്ക് തിരിച്ചടിയായത് ആ സമയത്ത് പെട്ടെന്ന് പെയ്ത വലിയൊരു മഴയാണ്.
ഡൽഹിയിലെ സന്യാസിനിമാർ തങ്ങൾക്ക് പരിചയമുള്ള അഭിഭാഷകൻ കൂടിയായ ഒരു വൈദികൻ വഴി, ഝാൻസി ബിഷപ്പ് ഹൗസിലും ലക്നൗ ഐജിയെയും, കൂടാതെ ഡൽഹിയിലെ ചില ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെയും വിവരം ധരിപ്പിക്കുകയുണ്ടായി. ഏറെ വൈകാതെ ഐജിയുടെ നിർദ്ദേശപ്രകാരം, ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വൈദികരും സ്ഥലത്തെത്തി. എല്ലാ ഡോക്യുമെന്റുകളും വാട്ട്സ്ആപ്പ് വഴി അയച്ചുകൊടുക്കുകയും അവർ നിരപരാധികളാണെന്ന് നിയമപാലകർക്ക് ബോധ്യമാവുകയും ചെയ്തു.
രാത്രി പതിനൊന്നരയോടെയാണ് സന്യാസിനിമാർക്ക് പോലീസ് സ്റ്റേഷൻ വിട്ട് പോകാനായത്. തിരുഹൃദയ സന്യാസിനിമാർക്ക് ഝാൻസിയിൽ ഭവനങ്ങളോ മറ്റു പരിചയങ്ങളോ ഇല്ലാതിരുന്നതിനാൽ, ഝാൻസി ബിഷപ്പ് ഹൗസിലേയ്ക്ക് അധികാരികൾ അവരെ കൂട്ടിക്കൊണ്ടുപോവുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്തു.
തുടർന്ന് ശനിയാഴ്ചത്തെ ട്രെയിനിൽ ഈ നാല് സന്യാസിനിമാരെ ഒഡീഷയിലേയ്ക്ക് യാത്രയാക്കിയത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അകമ്പടിയോടെയാണ്. തുടർന്നുള്ള യാത്രയിൽ അവർ അക്രമിക്കപ്പെട്ടേക്കാം എന്ന ആശങ്ക ഉണ്ടായിരുന്നതിനാൽ, സന്യാസ വസ്ത്രം ധരിച്ചിരുന്ന രണ്ട് സന്യാസിനിമാരും തുടർന്നുള്ള യാത്രയിൽ സാധാരണ വേഷം ധരിച്ചാണ് യാത്ര തുടർന്നത്.