മലയാള സിനിമയില്‍ മനോഹരമായ പുതു പരീക്ഷണങ്ങളുടെ കാലമാണ് എന്ന് തെളിയിക്കുന്ന ഒരു പിടി സിനിമകള്‍ ഐ എഫ് എഫ് കെ ചലച്ചിത്രമേളയുടെ ദൃശ്യപ്പൊലിമയായി മാറി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി, ഡോണ്‍ പാലത്തറയുടെ 1956-മധ്യതിരുവിതാംകൂര്‍, സെന്ന ഹെഗ്ഡെയുടെ തിങ്കളാഴ്ച നിശ്ചയം,വിപിൻ ആറ്റ്ലി യുടെ മ്യൂസിക്കൽ ചെയർ എന്നിവയാണ് പുതുസിനിമകളുടെ ദൃശ്യാനുഭവമായി പ്രേക്ഷക ശ്രദ്ധ നേടിയത്..പുതുപരീക്ഷണങ്ങൾ മലയാളസിനിമയിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്നുള്ള സൂചകങ്ങൾ ആയിരുന്നു ഇവ ഓരോന്നും.
ചുരുളി
വേറിട്ട ദൃശ്യഭാഷയിലൂടെ ഓരോ സിനിമകളിലും നമ്മെ വിസ്മയിപ്പിച്ച ചലച്ചിത്രകാരനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അങ്കമാലി ഡയറീസ്, ഈ മ യൗ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതിനുശേഷമാണ് ‘ചുരുളി’യുമായി അദ്ദേഹം എത്തിയത്. വ്യത്യസ്തമായ ദൃശ്യങ്ങൾ ചമക്കുന്നതിലും അതിന് മികച്ച ആഖ്യാനം നൽകുന്നതിലും ലിജോ ശ്രദ്ധ പുലർത്തുന്നുണ്ട്. ലോകസിനിമ മത്സരവിഭാഗത്തിൽ ആണ് പ്രദർശിപ്പിക്കപ്പെട്ടത്. മുൻ സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു പാറ്റേൺ ഉണ്ടെന്ന് ലിജോ ജോസ് നമ്മെ ബോധ്യപ്പെടുത്തുന്നു. ഗംഭീരമായ മറ്റൊരു സിനിമാറ്റിക് എക്സ്പീരിയൻസ്.രണ്ടാം ദിനത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടു സിനിമയും ചുരുളി ആയിരുന്നു.


കാട് ആണ് ഇവിടെ ദൃശ്യചാരുത പകരുന്ന ഘടകം.അതിൻ്റെ നിഗൂഢതകളിലേക്കും വന്യതയിലേക്കും ക്യാമറയുടെ കണ്ണുകൾ പതിയുന്നു. മയിലാടു പറമ്പിൽ ജോയിയെ തേടി നഗരത്തിൽ നിന്നെത്തുന്ന രണ്ടു പോലീസുകാർ കാട്ടിനുള്ളിലെ ഒരുഗ്രാമത്തിൽ എത്തുകയാണ് .വിനോയ് തോമസിൻ്റെ മുള്ളരഞ്ഞാണം എന്ന കഥാസമാഹാരത്തിലെ ‘കളിഗെമനാറിലെ കുറ്റവാളികൾ ‘ എന്ന കഥയെ ആസ്പദമാക്കി എസ്. ഹരീഷ് ആണ് ചുരുളി എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. കാടും നാടും തമ്മിലുള്ള പൊരുത്തക്കേടുകൾ, അതിൻ്റെ ഒട്ടനവധി
ഇമേജുകൾ എന്നിവ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ചായാഗ്രാഹകൻ മധു നീലകണ്ഠനുമൊത്ത് മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. അസാധാരണത്വവും സാധാരണത്വവും തമ്മിലുള്ള വൈരുദ്ധ്യം പ്രതിഫലിപ്പിക്കാൻ, അതിന് അതീവഹൃദ്യമായ പശ്ചാത്തലമൊരുക്കാൻ നാടിറങ്ങി വന്ന രണ്ടുപേരുടെ കാനനസഞ്ചാരം വഴിതെളിക്കുന്നു.
1956 മധ്യതിരുവിതാംകൂർ
പരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമായ സമകാലിക മലയാള സിനിമയ്ക്ക് മറ്റൊരു ഉദാഹരണമാണ് ഡോൺ പാലത്തറയുടെ ‘1956 മധ്യതിരുവിതാംകൂർ എന്ന സിനിമ. 90 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമയും ഒരു സഞ്ചാരമാണ്.

സഹോദരങ്ങളായ കോരയും
ഓനനും ആണ് ഇതിലെ സഞ്ചാരികൾ. ഇവർ മാത്രമല്ല ,കൂട്ടിനായി മറ്റു നാലു പേർ കൂടിയുണ്ട്. കേരളത്തിൽ ഭൂപരിഷ്കരണം വരുന്നതിനു മുമ്പുള്ള സാമൂഹികഘടന എന്തായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഈ സിനിമ. കഥയുടെ വികാസ പരിണാമഗതികളും സിനിമയുടെ മുന്നോട്ടുള്ള യാത്രയും നേർരേഖയിൽ സഞ്ചരിക്കുന്ന പോലെ തോന്നൽ ഉണ്ടാക്കുന്നതാണ് സിനിമയുടെ പ്രത്യേകത. ഒരു കാട്ടുപോത്തിനെ വേട്ടയാടി പിടിക്കുക എന്ന ദൗത്യമാണ് അവർക്കുള്ളത്. സുഗമമായിരുന്നില്ല സഞ്ചാരം. പ്രതിസന്ധികൾ പലയിടത്തും തളർത്തിയെങ്കിലും അതിജീവനത്തിൻ്റെ കരുത്തുണ്ടായിരുന്നു അവർക്ക്. മധ്യതിരുവിതാംകൂർ എന്ന ഭൂമിക,അവിടത്തെ ഭാഷ, ജീവിതശൈലി, വ്യക്തി ജീവിതത്തിൻ്റെ അന്തഃസംഘർഷങ്ങൾ എന്നിവ നവീനമായ ഉൾക്കാഴ്ചയോടെയാണ് ഡോൺ ആവിഷ്കരിക്കുന്നത്.

ഏറുമാടത്തിനു മുകളിലുള്ള സ്ത്രീയുമായി സംഭാഷണത്തിലേർപ്പെടുന്ന കോരയുടേയും ഓനൻ്റേയും രീതികൾ അതീവ ഹൃദ്യമാണ്. സ്ഥലകാല ബോധത്തിൽ അധിഷ്ഠിതമായ സംഭാഷണ ശകലങ്ങൾ സിനിമയിൽ എങ്ങനെയാണ് വിഷ്വലൈസ് ചെയ്യേണ്ടതെന്നതിന് മികച്ച ഉദാഹരണമായി മാറുന്നു ഈ ദൃശ്യം. ആ സാഹചര്യത്തിൽ പറയേണ്ടതല്ലാത്ത ഒരു കാര്യം സൂചിപ്പിച്ചതിനാണ് സ്ത്രീ അവരെ തുടർന്നുള്ള സംഭാഷണത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഒടുവിൽ സംഭവപരമ്പരകൾ, പോലീസുമായുള്ള വിലപേശലുകൾ, അഭ്യർത്ഥനകൾ എന്നിവയൊക്കെ സിനിമയുടെ അവസാന രംഗങ്ങളെ ജീവസ്സുറ്റതാക്കി മാറ്റുന്നു.
തിങ്കളാഴ്ച നിശ്ചയം
തീർത്തും വ്യത്യസ്തമാണ് സെന്ന ഹെഗ്ഡെയുടെ തിങ്കളാഴ്ച നിശ്ചയം. ശ്രീദേവി ദുർഗ തിയേറ്ററിലെ വേദിയിലാണ് സിനിമ പ്രദർശിപ്പിച്ചത് . തിങ്കളാഴ്ച നടക്കാൻ പോകുന്ന വിവാഹനിശ്ചയത്തിന് മുമ്പുള്ള മണിക്കൂറുകളിൽ സംഭവിക്കുന്ന സന്ദർഭങ്ങളാണ് വിഷയം.

കുടുംബത്തിലെ പലതര ശ്രേണി ബന്ധങ്ങൾ തമ്മിലുള്ള സംഘർഷവും അതു മൂർച്ചിക്കുന്നതും കുടുംബ വ്യവസ്ഥിതിയുടെ ചോദ്യം ചെയ്യാനാവാത്ത അധികാരപ്രമത്തത ഒടുവിൽ ചോദ്യം ചെയ്യപ്പെടുന്നതും പിന്നീട് കീഴടങ്ങുന്നതുമാണ് പ്രമേയം. കാഞ്ഞങ്ങാടിൻ്റെ ഭാഷാപ്രയോഗങ്ങളും വാമൊഴിയും സിനിമയെ വ്യത്യസ്തമാക്കുന്നു. സ്വന്തം കുടുംബത്തിൽ എന്തു സംഭവിക്കുന്നു എന്നറിയാതെ താൻ പ്രമാണിത്തത്തിലൂടെ കാര്യങ്ങൾ നീക്കുന്ന കുടുംബനാഥനാണ് വിജയൻ. മകളുടെ വിവാഹ നിശ്ചയ തലേന്ന് അദ്ദേഹം നേരിടേണ്ടിവരുന്ന പ്രതിസന്ധികൾ സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെ ആവിഷ്കരിക്കുന്നു.
മ്യൂസിക്കൽ ചെയർ
എഴുത്തുകാരനായ ചെറുപ്പക്കാരനും മരണവും തമ്മിലുള്ള പോരാട്ടമാണ് വിപിൻ ആറ്റ്ലി യുടെ മ്യൂസിക്കൽ ചെയർ വിവരിക്കുന്നത്. അത് മരണഭീതിയിൽ നിന്നുടലെടുക്കുന്ന മാനസികവും വൈയക്തികവുമായ അനുഭവങ്ങളെ മനുഷ്യൻ നേരിടുന്ന ഭയം എന്ന വികാരവുമായി കൂട്ടിയിണക്കാൻ ശ്രമിക്കുകയാണ് മ്യൂസിക്കൽ ചെയർ. മരണഭയം എന്നത് അയാളുടെ ആരോഗ്യത്തെ ബാധിക്കുകയും എപ്പോഴും പിന്തുടരുന്ന ഒന്നായി മാറുകയും ചെയ്യുന്നു.

നാലു മലയാള സിനിമകൾക്ക് പുറമേ ലോകസിനിമ മത്സരവിഭാഗത്തിൽ കോസ,മെമ്മറി ഹൗസ്, ബേഡ് വാച്ചിംഗ്, ലോൺലി റോക്ക്,റോം, ബിലേ സുവർ തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.