താജ്‌മഹലിന് സമീപം ബോംബ് കുഴിച്ചിട്ടിട്ടുണ്ടെന്നും പൊട്ടിത്തെറിക്കാമെന്നും വ്യാജ ഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ ഒരാളെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഫിറോസാബാദ് സ്വദേശി വിമൽ കുമാർ സിംഗ് ആണ് പിടിയിലായത്. ഇയാൾ മാനസിക രോഗിയാണെന്നും രോഗചികിത്സയ്‌ക്കായി ആഗ്രയിലെത്തിയതാണെന്നും ബോംബ് ഭീഷണി മുഴക്കാനുളള കാരണം തേടുമെന്നും പൊലീസ് അറിയിച്ചു.
യു.പി പൊലീസിന്റെ എമർജെൻസി നമ്പരിലേക്ക് വ്യാഴാഴ്ച രാവിലെയാണ് അജ്ഞാതന്റെ സന്ദേശം വന്നത്. ഉടൻതന്നെ താജ്‌മഹലിൽ സന്ദർശകരെ ഒഴിപ്പിക്കുകയും ബോംബ്‌സ്‌ക്വാഡും സി.ഐ.എസ്.എഫും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്‌തു. എന്നാൽ ഒന്നും കണ്ടെത്തിയില്ല. 11.15ഓടെ സന്ദർശകർക്കായി വീണ്ടും താജ്‌മഹൽ തുറന്നു.