മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി.ജോര്‍ജ്ജ് മുത്തൂറ്റ് (71) ഡെല്‍ഹിയില്‍ അന്തരിച്ചു എന്ന വാര്‍ത്തയ്ക്ക് പുതിയ ട്വിസ്റ്റ്. ജോര്‍ജ്ജിന്റെത് അസ്വാഭാവിക മരണമാണെന്നും ഒരു കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും വീണാണ് മരണമെന്നും ദല്‍ഹി പോലീസ് വ്യക്തമാക്കുന്നതായി എ.എന്‍.ഐ. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
വീണു പരുക്കേറ്റ ഇദേഹത്തെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയെന്നും പോലീസ് വ്യക്തമാക്കുന്നു. അപകട സ്ഥലത്ത് എത്തിയ ദല്‍ഹി പോലീസ് സ്ഥലത്ത് പരിശോധന നടത്തി. വസതിയുടെ സമീപത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഡെല്‍ഹിയിലെ ഈസ്റ്റ് കൈലാഷിലുള്ള കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് ജോര്‍ജ്ജ് താഴേക്ക് വീണത്. ഉടനെ ഫോര്‍ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയിലേക്കെത്തിച്ചു. ആശുപത്രയില്‍ വെച്ച് മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മറ്റ് അസാധാരണത്വം ഒന്നും കണ്ടില്ല- ഡെല്‍ഹി പൊലീസിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ കെട്ടിടത്തില്‍ നിന്നും വീഴാന്‍ എന്താണ് ഹേതു എന്നതു സംബന്ധിച്ച് ഒരു വിവരവും പൊലീസ് പുറത്തു വിട്ടിട്ടില്ല.
സാധാരണ മരണം എന്ന നിലയിലാണ് കേരള മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം ജോര്‍ജ്ജിന്റെ വിയോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.