പൊന്നാനിയില്‍ സി.പി.എം ഏരിയ സെക്രട്ടറി ടി.എം.സിദ്ദിഖിനെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവില്‍ നടന്ന പ്രകടനത്തില്‍ അണിചേര്‍ന്നത് സ്ത്രീകളടക്കം ധാരാളം പേര്‍. പാര്‍ടി ധാരണയിലെത്തിയത് സി.ഐ.ടി.യു.അഖിലേന്ത്യ സെക്രട്ടറി പി.നന്ദകുമാറിനെ മല്‍സരിപ്പിക്കാനാണെന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് പ്രതിഷേധവും പരസ്യമായത്. നേരത്തെ സിദ്ദിഖിന് അവസരം നല്‍കണമെന്ന നിര്‍ദ്ദേശമാണ് പാര്‍ടിയുടെ മേഖലാതലത്തില്‍ നിന്നും ഉണ്ടായിരുന്നത്. മണ്ഡലത്തില്‍ ജനകീയനും സ്വീകാര്യനുമായ വ്യക്തിയാണ് സിദ്ദിഖ്.

അതേസമയം നന്ദകുമാര്‍ പൊന്നാനിക്കാരനാണെങ്കിലും പ്രാദേശികമായി ഒരു തരം ജനകീയതയും ഇല്ലാത്ത വ്യക്തിയാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. നന്ദകുമാറിനെ നിര്‍ദ്ദേശിച്ചത് സി.പി.എം സംസ്ഥാന സമിതിയാണ്. മണ്ഡലത്തിലെ വസ്തുതകള്‍ മനസ്സിലാക്കാതെയുള്ള ഈ അടിച്ചേല്‍പ്പിക്കലിനെതിരെയാണ് പാര്‍ടി അനുഭാവികള്‍ക്കിടയില്‍ പരസ്യപ്രതിഷേധമുണ്ടായിട്ടുള്ളത്.
വലിയ പങ്കാളിത്തമുള്ള അസാധാരണ പ്രകടനം, അതും പാര്‍ടി കൊടികളേന്തി നടത്തപ്പെട്ടത് അടുത്ത കാലത്തെ പ്രതിഷേധങ്ങളില്‍ വെച്ച് വളരെ ഗൗരവമുള്ളതാണ്. ജനപങ്കാളിത്തത്തിന്റെ കാര്യത്തിലും ശ്രദ്ധേയമാണ്.
നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തുമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രകടനം. ശ്രീരാമകൃഷ്ണനു വേണ്ടി രണ്ടു തവണ സിദ്ദിഖിനെ മാറ്റി നിര്‍ത്തിയതാണ് എന്ന വിമര്‍ശനവും പ്രകടനത്തില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തിരിക്കുന്നു.