പിറവം നിയോജക മണ്ഡലത്തില്‍ ജോസ് വിഭാഗം കേരള കോണ്‍ഗ്രസിന്റെ കീഴില്‍ ഇടതു സ്ഥാനാര്‍ഥിയായി മാറിയ സിന്ധുമോള്‍ ജേക്കബ് യഥാര്‍ഥത്തില്‍ കോട്ടയം ഉഴവൂരിലെ സി.പി.എം. അംഗം ആണെന്ന കാര്യം പുറത്തു വന്നതോടെ സി.പി.എം. സിന്ധമോളെ പുറത്താക്കി. പാര്‍ടിയെ അറിയിക്കാതെയാണ് സിന്ധുമോള്‍ മറ്റൊരു പാര്‍ടിയുടെ സ്ഥാനാര്‍ഥിയായത് എന്ന് സി.പി.എം. ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷെറി മാത്യു പറയുന്നു.
ഉഴവൂര്‍ നോര്‍ത്ത് ബ്രാഞ്ചില്‍ അംഗമായിരുന്ന സിന്ധുമോള്‍ നേരത്തെ പഞ്ചായത്ത് പ്രസിഡണ്ടായും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും ജയിച്ചിട്ടുണ്ട്. സിന്ധുമോളെ പിറവത്ത് പ്രഖ്യാപിച്ചതോടെ നേരത്തെ ഇവിടെ പരിഗണിച്ചിരുന്ന ജില്‍സ് പെരിയപുറം പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരിക്കയാണ്. സിന്ധമോളെ കടുത്തുരുത്തിയിലേക്കാണ് പരിഗണിച്ചിരുന്നതെന്നും അപ്രതീക്ഷിതമായി പിറവത്ത് ഇറക്കിയത് ഗൂഢാലോചനയാണെന്നുമാണ് ജില്‍സ് ആരോപിക്കുന്നത്. സിന്ധുമോളുടെത് പേയ്‌മെന്റ് സീറ്റ് ആണെന്നും പുറത്താക്കല്‍ നടപടി നാടകമാണെന്നും ജില്‍സ് ആരോപിക്കുന്നു. സി.പി.എം. ഇത് നിഷേധിക്കുന്നു. പരാതികള്‍ സ്വാഭാവികമാണെന്നും ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും ജോസ് കെ.മാണി പറയുന്നു.