അരുവിക്കരയിലും പൊന്നാനിയിലും കുറ്റ്യാടിയിലും പ്രാദേശിക തലത്തിലുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ നേരത്തെ നിശ്ചയിച്ചതില്‍ നിന്നും മാറാതെയാണ് സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായത്. പ്രതിഷേധം മൂലം മാറ്റം ഉണ്ടായത് പാലക്കാട് ജില്ലയിലെ തരൂരില്‍ മാത്രം.
തിരുവനന്തപരം അരുവിക്കരയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടു കൂടിയായ വി.കെ.മധുവിന്റെ പേര് സജീവമായിരുന്നു. ഏറെ സ്വീകാര്യനായിരുന്ന മധുവിനെയായിരുന്നു പ്രാദേശികമായി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ജി.സ്റ്റീഫന്‍ ആണ് പട്ടികയില്‍ ഇടം നേടിയത്. പൊന്നാനിയില്‍ സംസ്ഥാന സമിതി നിര്‍ദ്ദേശിച്ച പി.നന്ദകുമാറിനെ വേണ്ടെന്നും പകരം ജില്ലാ സെക്രട്ടറിയറ്റ് അംഗം കൂടിയായ ടി.എം.സിദ്ദിഖിനെ നിര്‍ത്തണമെന്നും പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല. കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിന് നല്‍കിയത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ പ്രാവശ്യം കെ.കെ.ലതികയെ തോല്‍പിച്ചതിനു പിന്നില്‍ പ്രാദേശികമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. അതു കൊണ്ടു തന്നെ ഇത്തവണ കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്കുകയായിരുന്നു. എന്നാല്‍ കുറ്റിയാടയില്‍ മരുന്നിനു പോലും കേരള കോണ്‍ഗ്രസ് ഇല്ലെന്നും ഇത് സി.പി.എം. നേതൃത്വം പ്രാദേശികമായി പക പോക്കുകയാണെന്നും ആണ് അവിടുത്തെ പ്രവര്‍ത്തകരുടെ ആരോപണം. കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.പി. കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്ന ശക്തമായ ആവശ്യമാണ് കുറ്റ്യാടിയിലെ പ്രവര്‍ത്തകര്‍ മു്‌ന്നോട്ടു വെച്ചത്. എന്നാല്‍ അംഗീകരിക്കപ്പെട്ടില്ല. കുഞ്ഞഹമ്മദ് കുട്ടിയെ കഴിഞ്ഞ തവണയും മുന്നോട്ടു വെച്ചിരുന്നെങ്കിലും അന്നും അംഗീകരിച്ചിരുന്നില്ല. കെ.കെ.ലതിക തോല്‍ക്കാന്‍ കാരണം ഇതിന്റെ ഭാഗമായ പ്രശ്‌നങ്ങളാണ് എന്ന് അന്ന് ചര്‍ച്ചയുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രമായ കുറ്റ്യാടി ഇത്തവണ സി.പി.എം കയ്യില്‍ വെക്കാത്തതിനു കാരണം പ്രാദേശികമായ ആവശ്യം ഒഴിവാക്കാനാണ് എ്ന്ന ചര്‍ച്ചയാണ് അവിടെ നടക്കുന്നത്. വിമത സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കുറ്റ്യാടിയിലെ പ്രതിഷേധക്കാര്‍. പാര്‍ടിയില്‍ ഇത് ഭാവിയില്‍ വലിയ പ്രശ്‌നങ്ങളിലേക്കാണ് നയിക്കുക എന്നത് ഉറപ്പാണ്.
പ്രാദേശികമായ പ്രതിഷേധത്തിനു മുന്നില്‍ സംസ്ഥാന നേതൃത്വം കീഴടങ്ങിയത് പാലക്കാട് തരൂരില്‍ മാത്രമാണ്. മന്ത്രി എ.കെ.ബാലന്റെ ഭാര്യ ഡോ.ജമീലയെ സംവരണ മണ്ഡലമായ തരൂരില്‍ മല്‍സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചത് പ്രാദേശികമായ ആവശ്യത്തെ നിരാകരിച്ചു കൊണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയായ അഡ്വ. ശാന്തകുമാരിയെ ആയിരുന്നു തരൂരില്‍ ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മന്ത്രി ബാലന്‍ മല്‍സരിക്കാത്തതിനാല്‍ ഭാര്യയ്ക്ക് സീറ്റ് ഉറപ്പിച്ചു എന്ന രീതയിലാണ പ്രചാരണം ഉണ്ടായത്. ജില്ലാവ്യാപകമായി തന്നെ ബാലനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. പ്രതിഷേധ പോസ്റ്ററുകള്‍ ഒട്ടിച്ചവരെ ഇരുട്ടിന്റെ സന്തതികള്‍ എന്ന് ബാലന്‍ ആക്ഷേപിച്ചതും വിവാദമായി. സംസ്ഥാനത്താകെ സ്ഥാനാര്‍ഥിപട്ടികക്ക് കളങ്കം ഉണ്ടാക്കും എന്ന നില വന്നപ്പോഴാണ് ഡോ. ജമീലയെ ഒഴിവാക്കിയത്. എന്നിട്ടും അഡ്വ.ശാന്തകുമാരിക്ക് തരൂരില്‍ നല്‍കിയില്ല. പകരം മറ്റൊരു സംവരണ മണ്ഡലമായ കോങ്ങാട് നല്‍കി അവിടെ ഉദ്ദേശിച്ച പി.പി.സുമോദിനെ തരൂരിലേക്ക് മാറ്റുകയും ചെയ്താണ് സംസ്ഥാന സമിതി പ്രതിവിധി ചെയ്തത്.

പൊന്നാനിയും അരുവിക്കരയും ഇത്തവണ ഒള്ളില്‍ കനലൊതുക്കി പുകയുകയേ ഉള്ളൂ എങ്കിലും കുറ്റ്യാടി മറ്റൊരു ഒഞ്ചിയം ആകാനുള്ള പുറപ്പാടിലാണോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.