സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം ഇടതുപക്ഷത്തിന് കടുകട്ടിയാണ്. കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ സ്ഥിരം സീറ്റായിരുന്നു ഇത്. പിന്നീട് റോസക്കുട്ടിടീച്ചറും ജയിച്ചു. പരമ്പരാഗത കോണ്‍ഗ്രസ് സീറ്റായ ഇവിടെ 1996,2006 തിരഞ്ഞെടുപ്പുകളില്‍ ഇടതു സ്ഥാനാര്‍ഥികള്‍ ജയിച്ചിട്ടുണ്ട്. 96-ല്‍ വര്‍ഗീസ് വൈദ്യനും, 2006-ല്‍ പി.കൃഷ്ണപ്രസാദും. പക്ഷേ അത് യു.ഡി.എഫിലെ ഗ്രൂപ്പുകളി കാരണമാണ്. 2011 മുതല്‍ സംവരണ മണ്ഡലമായി മാറിയ ബത്തേരിയില്‍ രണ്ടുതവണയായി ജനപ്രതിനധി ഐ.സി.ബാലകൃഷ്ണനാണ്.
ഇത്തവണ കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ സി.പി.എം. കണ്ടെത്തിയത് ഒരു കോണ്‍ഗ്രസുകാരനെ തന്നെയാണ്. വെറും കോണ്‍ഗ്രസ് അല്ല, വയനാട് ജില്ലാ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറിയെത്തന്നെ. പേര് എം.എസ്. വിശ്വനാഥന്‍. ഇതിനായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ ഈ കോണ്‍ഗ്രസുകാരന്‍ പാര്‍ടിയില്‍ നിന്നും രാജിവെച്ചു. തൊട്ടടുത്ത ദിവസം സി.പി.എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്നും സ്ഥാനാര്‍ഥിയാകുമെന്നും പ്രഖ്യാപിച്ചു. ഇത്തവണ ഫലം അനുകൂലമാകുമോ എന്ന പരീക്ഷണത്തിനാണ് സി.പി.എം. മുതിര്‍ന്നിരിക്കുന്നത്. മുന്‍പ് 2001-ല്‍ ഒരു പരീക്ഷണം നടത്തി പരിക്കേറ്റതാണ്. വൈദികനായ ഡോ.മത്തായി നൂറനാലിനെ നിര്‍ത്തി. അട്ടിമറി ഉറപ്പെന്ന് ഇടതുപക്ഷം പ്രചരിപ്പിച്ചു. പക്ഷേ 1996-ല്‍ വര്‍ഗീസ് വൈദ്യന്‍ വിജയിച്ചപ്പോള്‍ കിട്ടിയ 44.42 ശതമാനം വോട്ട് മത്തായി നൂറനാലിന്റെ സമയത്ത് കുറഞ്ഞ് 35.65 ആയി മാറിയത് മാത്രം മിച്ചം. ആ പാഠം മുന്നിലുണ്ട്.
ഇത്തവണ വിശ്വനാഥന്‍ എന്ന കോണ്‍ഗ്രസുകാരന്‍ തന്നെ പെട്ടെന്ന് സി.പി.എം. ആയി മാറി മല്‍സരിക്കുമ്പോള്‍ ജനം എങ്ങിനെ പ്രതികരിക്കും എന്നതാണ് ചോദ്യം. എന്തായാലും വിശ്വനാഥന്റെ വരവിന് സി.പി.എമ്മില്‍ ഉടന്‍ പ്രതികരണം ഉണ്ടായി. സി.പി.എം. നിയന്ത്രിക്കുന്ന ആദിവാസി ക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാര്‍ടി ഏരിയ കമ്മിറ്റി അംഗവുമായ ഇ.എ.ശങ്കരന്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു കളഞ്ഞു.!! ശങ്കരന്റെ മുന്‍ താവളമാണ് കോണ്‍ഗ്രസ്. അവിടെ നിന്നും സി.പി.എമ്മിലേക്ക് വന്നതായിരുന്നു. ഇപ്പോ തിരിച്ചും പോയി.
എന്നാല്‍ വിശ്വനാഥന്റെ സ്ഥാനാര്‍ഥിത്വത്തോട് വിയോജിപ്പുള്ളവര്‍ ബത്തേരിയില്‍ ധാരാളമുണ്ട്, ഇടതുപക്ഷത്ത്. എം.എസ്.വിശ്വനാഥന്‍ എന്ന ബിസിനസ്സുകാരന് എന്തിന് സീറ്റ് നല്‍കി എന്ന് ചോദിക്കുന്നവരുണ്ട്. വയനാട് ജില്ലയിലെ പാചകവാതക മൊത്തവിതരണ ഏജന്‍സി ഉടമയായ വിശ്വനാഥന്‍ കോടികളുടെ സ്വത്തുള്ള ആളാണ്. ഇതാണ് അയോഗ്യതയെങ്കില്‍ അയാള്‍ കോണ്‍ഗ്രസില്‍ ഇരുന്നാല്‍ അപ്പോള്‍ അപാകതയില്ലേ എന്ന് മറുചോദ്യം ചോദിക്കുകയാണ് വിശ്വനാഥന്റെ വരവ് പിന്തുണയ്ക്കുന്ന സി.പി.എം.പ്രവര്‍ത്തകര്‍. എന്തായാലും കോണ്‍ഗ്രസിനെ വെട്ടാന്‍ കോണ്‍ഗ്രസുകാരനെ തന്നെ ഉപയോഗിച്ചതിലെ തന്ത്രം നിര്‍ണായകമെങ്കിലും ഫലം എന്താകും എന്നതാണ് സമസ്യ.