മാതൃഭൂമി ന്യൂസ് ചാനല്‍ നടത്തിയ അഭിപ്രായസര്‍വ്വേയില്‍ ബി.ജെ.പി.യെ വെറുക്കപ്പെട്ട പാര്‍ടി എന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ടിയുടെ പ്രതിനിധി പി.ആര്‍. ശിവശങ്കരന്‍ ചാനല്‍ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി. പിന്നീട് വെറുക്കപ്പെട്ട എന്ന വിശേഷണം ഒഴിവാക്കി സ്വീകാര്യത കുറഞ്ഞ പാര്‍ടി എന്ന് ചാനല്‍ തന്നെ തിരുത്തി. മാതൃഭൂമി ചാനല്‍ എഡിറ്റര്‍ ഉണ്ണി ബാലകൃഷ്ണന്‍, പ്രധാന ആങ്കര്‍മാരിലൊരാളായ വേണു ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് സര്‍വ്വെ സംബന്ധിച്ച ചര്‍ച്ച നയിച്ചത്.
മാതൃഭൂമി-സീ വോട്ടര്‍ സര്‍വ്വെയില്‍ ബി.ജെ.പി.ക്ക് കേരളത്തില്‍ യാതൊരു സാധ്യതയും പ്രവചിച്ചിരുന്നില്ല. ചിലപ്പോള്‍ ഒരു സീറ്റും കിട്ടില്ല, ചിലപ്പോള്‍ രണ്ട് സീറ്റ് കിട്ടിയേക്കാം എന്നതായിരുന്നു സര്‍വ്വേയിലെ നിഗമനം. കേരളത്തില്‍ ഇതു വരെ നടത്തപ്പെട്ട സര്‍വ്വെകളിലെല്ലാം ബി.ജെ.പി.യുടെ അവകാശവാദത്തിന് കടക വിരുദ്ധമായ പ്രവചനങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്നത് നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നുണ്ട്. അതു പോലെ തന്നെ കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫിനും ഒരു സര്‍വ്വെ പോലും ഭരണലഭ്യത പ്രവചിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഇടതുമുന്നണിക്ക് ഭരണം വീണ്ടും ലഭിക്കുമെന്നാണ് സര്‍വ്വെയില്‍ വെളിവാക്കപ്പെട്ടത്. 75 മുതല്‍ 83 വരെ സീറ്റുകള്‍ ഇടതുമുന്നണിക്ക് കിട്ടാം. 56 മുതല്‍ 64 വരെ സീറ്റാണ് യു.ഡി.എഫിന് കിട്ടാനിടയുള്ളത്. ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രിയായി ആളുകള്‍ കാണുന്നത് പിണറായി വിജയനെയാണ്. അതു കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ ജനം ഇഷ്ടപ്പെടുന്നത് ഉമ്മന്‍ചാണ്ടിയെ ആണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഏറ്റവും കുറഞ്ഞ ജനപിന്തുണ മാത്രമേ ഉള്ളൂ എന്നും സര്‍വ്വെ പറയുന്നു. പിണറായി വിജയന് 37.3 ശതമാനം പിന്തുണയുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് 28.4 ശതമാനവും. എന്നാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുന്നത് 2.9 ശതമാനം പേര്‍ മാത്രമാണ് അനുകൂലിക്കുന്നത്. ശശി തരൂര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.കെ.ശൈലജ, എന്നിവര്‍ക്കെല്ലാം താഴെയാണ് ചെന്നിത്തലയുടെ സ്ഥാനം എന്ന് സര്‍വ്വെ ഫലത്തില്‍ പറയുന്നു.