എസ്.എസ്.എല്‍.സി., പ്ലസ്-ടു പരീക്ഷകള്‍ മാസങ്ങള്‍ക്കപ്പുറത്തേക്ക് മാറ്റിവെക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ അമ്പരന്നു പോകുന്നത് ലക്ഷക്കണക്കിന് കുട്ടികളും രക്ഷിതാക്കളുമാണ്. ഒരു വര്‍ഷത്തെ സ്‌കൂളില്ലാ പഠനത്തിനു ശേഷം ഇപ്പോള്‍ ഏകദേശം പരീക്ഷയ്ക്ക് തയ്യാറായ മാനസികാവസ്ഥയിലെത്തിയ കുട്ടികളെ, മാതൃകാപരീക്ഷ പോലും കഴിഞ്ഞ ശേഷം അനിശ്ചിതത്വത്തിലാക്കുന്നതിനെതിരെ ജനലക്ഷങ്ങളില്‍ നിശ്ശബ്ദ രോഷം ഉയരുന്നുണ്ട്.
ഏപ്രില്‍ ആദ്യവാരം ഇലക്ഷന്‍, രണ്ടാംവാരം തൊട്ട് റംസാന്‍ വ്രതാരംഭം മെയ് 13 വരെ, അതു കഴിയുമ്പോഴേക്കും കടുത്ത വേനല്‍…എപ്പോഴാണ് പരീക്ഷ സുഗമമായി നടത്താനാവുക. അടുത്ത അധ്യയന വര്‍ഷത്തിലേക്ക് ഫലപ്രഖ്യാപനം നീളുമോ…രക്ഷിതാക്കളുടെയും കുട്ടികളുടെയും ആശങ്ക അസ്ഥാനത്തല്ല.
അതിന്റെ പ്രതിഫലനമെന്നോണം, ഒരു മാതാവ് സാമൂഹ്യമാധ്യമത്തിലൂടെ അയച്ചു തന്ന കുറിപ്പ് ശ്രദ്ധേയമാകുകയാണ്. സ്വകാര്യത സംരക്ഷിക്കാനായി ആ രക്ഷിതാവിന്റെ പേര് പ്രസിദ്ധീകരിക്കാതെ തന്നെ പറയാം, അവരുയര്‍ത്തിയ ചോദ്യത്തിലേക്ക് അധികൃതരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.
ഒരു അമ്മയുടെ കുറിപ്പ്:
അധ്യാപകർക്ക് ഇലക്ഷൻ ഡ്യൂട്ടി ഉള്ളതുകൊണ്ട് SSLC, PLUS 2 പരീക്ഷകൾ മാറ്റണം എന്ന് സർക്കാർ ഇലക്ഷൻ കമ്മിഷനോട് അഭ്യർത്ഥിച്ചു എന്ന്.
എന്ത് മര്യാദകേടാണ്. ആർക്കായിരുന്നു ഇത്ര ധൃതി. അതും ഞങ്ങൾ നടത്തി എന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രത. ഡിസംബർ, ജനുവരി, ഫെബ്രുവരി മൂന്നു മാസങ്ങൾകൊണ്ട് ഒരു വർഷത്തെ പാഠങ്ങൾ പഠിക്കാൻ വേണ്ടി കുട്ടികൾ ( മാതാപിതാക്കളും അധ്യാപകരും )അനുഭവിച്ച മാനസിക സംഘർഷം, എന്നിട്ടിപ്പോൾ കുട്ടികൾ പഠിച്ച് മോഡൽ എക്സാം കഴിഞ്ഞപ്പോൾ എക്സാം മാറ്റണം പോലും. ചിലരുടെ താല്പര്യം. അവർ നേരത്തെ പറഞ്ഞു നടക്കുന്നുണ്ട് എക്സാം ഞങ്ങൾ മാറ്റിക്കും എന്ന്..
ഇവിടെ ഇലക്ഷന് തലേന്ന് അല്ലാതെ എന്നാണ് അധ്യാപകർക്ക് ഡ്യൂട്ടി ഉള്ളത്.. ആ രണ്ടു ദിവസം എന്ന് പറയുന്നത് ഏപ്രിൽ 5,6 ദിവസങ്ങൾ അല്ലെ… മാർച്ച് 30 ന് പരീക്ഷ തീരില്ലേ… പിന്നെ എന്താ കുഴപ്പം…
പിന്നെ ട്രെയിനിങ്… വര്ഷങ്ങളായി ഫസ്റ്റ് പോളിംഗ് ഓഫീസർ ഡ്യൂട്ടി ചെയ്ത് തഴക്കവും പഴക്കവും ഉള്ളവരാണ് മിക്ക അധ്യാപകരും… പിന്നെ ആകെ അര ദിവസത്തെ ട്രെയിനിങ് അതിന് വേണ്ടി കഷ്ടപ്പെട്ട് പഠിച്ച് തയ്യാറായി ഇരിക്കുന്ന ലക്ഷകണക്കിന് കുട്ടികളെ സങ്കടത്തിൽ ആക്കണോ…
ചില അധ്യാപക സംഘടന നേതാക്കൾക്ക് ഇലക്ഷൻ വർക്ക് ചെയ്യണം എങ്കിൽ അവരെ ഈ പരീക്ഷ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി എങ്കിലും പരീക്ഷ 17നു തന്നെ നടത്താൻ മുൻകൈ എടുക്കണം
എന്ന്
ഒരു പത്താം ക്‌ളാസുകാരെന്റെ അമ്മ