Categories
kerala

വീടിന്റെ ജനലില്‍ തൂങ്ങി ഫോട്ടോ എടുക്കാന്‍ മല്‍സരിച്ചവരും ഉണ്ട്–മുന്‍ മന്ത്രി ബാബുവിന്റെ മകള്‍‌

”സുഹൃത്തുക്കളും കുടുംബവുമാണെന്ന് ഞങ്ങൾ കരുതിയിരുന്ന ആളുകൾ ….. ഏറ്റവും നിന്ദ്യമായ രീതിയിൽതന്നെ ഞങ്ങളെ ഇതിലോട്ട് വലിച്ചിഴക്കാൻ എല്ലാരും മത്സരിക്കുകയായിരുന്നു”

Spread the love

തന്റെ ഭര്‍ത്താവിന്റെ അച്ഛന്റെ പേരും ബാബു എന്നായതിനാല്‍ അദ്ദേഹത്തെയും അഴിമതിയുടെ ആരോപണങ്ങളിലേക്ക് വലിച്ചിഴച്ചതായും സ്വന്തം സുഹൃത്തുക്കളും കുടുംബവും ആണെന്ന് കരുതിയവര്‍ പോലും നീചമായി പെരുമാറിയെന്നും മുന്‍ മന്ത്രി കെ.ബാബുവിന്റെ മകള്‍ ഐശ്വര്യ. സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലാണ് തന്റെ പിതാവ് എക്‌സൈസ് മന്ത്രിയായിരിക്കെ നേരിട്ട അഴിമതി ആരോപണങ്ങളുടെ നാളുകളെ ഓര്‍മിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും സ്വന്തം തട്ടകമായ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയായി വന്നതിന്റെ പശ്ചാത്തലത്തിലാണ് ബാബുവിന്റെ മകളുടെ ഫേസ്ബുക്ക് കുറിപ്പ്. കുറിപ്പിനെ ഇലക്ഷന്‍ ഇമോഷണല്‍ സ്റ്റണ്ട് എന്ന് പരിഹസിച്ചും അല്ലാതെയും ധാരാളം പ്രതികരണങ്ങളും വരുന്നുണ്ട്.

തന്റെ ഭാര്യാപിതാവ് വ്യത്യസ്തമായ രാഷ്ട്രീയം ഉള്ള വ്യക്തിയായിരുന്നിട്ടും പേര് ബാബു എന്ന് ആയതിനാല്‍ അദ്ദേഹത്തിന്റെ ആസ്തിയും സ്വത്തുക്കളും വരെ ചോദ്യം ചെയ്യപ്പട്ട ദയനീയ സംഭവങ്ങള്‍ ഉണ്ടായതും ഐശ്വര്യ വിശദീകരിക്കുന്നു

thepoliticaleditor

“TRPക്കു വേണ്ടി ഉള്ള ഓട്ടപാച്ചിലിൽ നഷ്ടപെട്ടത് ഞങ്ങളുടെ ജീവിതം ആണ്. അദ്ദേഹം ദുർബലാവസ്ഥയിൽ നിൽക്കുമ്പോഴും വീടിന്റെ ജനലിൽ തൂങ്ങി ഫോട്ടോ എടുക്കാൻ മത്സരിച്ച മാധ്യമ പ്രവർത്തകരും ഉണ്ട്.”– ഐശ്വര്യ പറയുന്നു.

“ഞാൻ വിവാഹം ചെയ്തത് ഒരു വ്യത്യസ്ത രാഷ്ട്രീയ അനുഭാവം ഉള്ള കുടുംബത്തിൽ നിന്നാണ്, പക്ഷെ അതൊരിക്കലും ഞങ്ങളുടെ കുടുംബങ്ങളുടെ സ്നേഹബന്ധത്തിന് ഒരു തടസ്സം ആയിരുന്നില്ല. എന്റെ ഭർത്യ-പിതാവിന്റെ പേരും ബാബു എന്നാണ്, അത് കൊണ്ട് മാത്രം അദ്ദേഹം സ്വന്തം പരിശ്രമം കൊണ്ട് ഉണ്ടാക്കിയതെല്ലാം ഇതിലോട്ട് വലിച്ചിഴക്കപ്പെട്ടു, തേനിയിലെ അദ്ദേഹത്തിന്റെ സ്ഥലം ഉൾപ്പടെ. വേറെ ഒരു രാഷ്ട്രീയ കാഴ്ചപ്പാടുള്ള വ്യക്തി ആയിട്ട് കൂടി, ഈ ആരോപണങ്ങളിൽ കഴമ്പില്ല എന്ന് അദ്ദേഹം ഉടൻ തന്നെ മനസ്സിലാക്കി. ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളിലേക്കാണ് അന്വേഷണം നീണ്ടത്, ഞങ്ങളെ അറിയുന്നതു എന്ന ഒറ്റ ഒരു കാരണം കൊണ്ടാണ് അവരെ ലക്ഷ്യമിട്ടത്. ഇത് വർഷങ്ങളോളം തുടർന്നു. മാധ്യമങ്ങൾ മാത്രമല്ല, എതിർ പാർട്ടിയും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനും ഒരു തരം പ്രതികാരമുഖത്തോടെയാണ് ഈ കേസ് സമീപിച്ചത്. സുഹൃത്തുക്കളും കുടുംബവുമാണെന്ന് ഞങ്ങൾ കരുതിയിരുന്ന ആളുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോലും നീചവും വ്യക്തിപരവുമായ ആക്രമണം അഴിച്ചു വിടാൻ മടിച്ചില്ല. ഏറ്റവും നിന്ദ്യമായ രീതിയിൽതന്നെ ഞങ്ങളെ ഇതിലോട്ട് വലിച്ചിഴക്കാൻ എല്ലാരും മത്സരിക്കുകയായിരുന്നു.”

ഇംഗ്ലീഷിലെഴുതിയ കുറിപ്പിന്റെ മലയാള പരിഭാഷയില്‍ നിന്ന്…

2015ലാണ് ഞാൻ വാർത്തകൾ വായിക്കുന്നതും കാണുന്നതും ഫേസ്ബുക്കും എല്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. എല്ലാത്തിൽ നിന്നും ഒരു ഒഴിഞ്ഞു മാറ്റം എന്ന് വേണമെങ്കിൽ പറയാം. വർഷങ്ങൾക്ക് ശേഷം, ഇന്ന് ഞാൻ ഫേസ്ബുക്കിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചതിനു പിന്നിൽ ഒരു കാരണമേ ഉള്ളു, കഴിഞ്ഞ കുറച്ചു നാളുകൾ ആയി നടക്കുന്ന ഒരു കഥയുടെ മറുവശം കൂടി പറയാൻ, നിങ്ങൾക്ക് കേൾക്കാൻ താല്പര്യം ഉണ്ടെങ്കിൽ….

എന്റെ പേര്, ഐശ്വര്യ ബാബു, കെ. ബാബുവിന്റെ മകൾ. മുൻ എന്ത് ആര് എന്നതല്ല, ഇതാണ് അദ്ദേഹം. അങ്കമാലിയിൽ ജനിച്ചു വളർന്നുവെങ്കിലും, 1991 മുതൽ അദ്ദേഹം ഒരു പൂർണ്ണ തൃപ്പൂണിത്തുറക്കാരനായി മാറുകയായിരുന്നു. ഞങ്ങൾ വളർന്നത് ഈ നാട്ടിലാണ്, എന്റെ കുടുംബവും കൂട്ടുകാരും എല്ലാം ഞങ്ങൾക്ക് ഇവിടെയാണ്. ചെറുപ്പം മുതൽ രാഷ്ട്രീയം എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇന്നത്തെ പോലെ പിന്നിൽ നിന്ന് കുത്തുന്ന രാഷ്ട്രീയമല്ല, പാർട്ടികൾ തമ്മിൽ പോരടിക്കുമ്പോഴും തമ്മിൽ ആദരവോടെ ഇട പഴകിയിരുന്ന, ജനക്ഷേമത്തിനു കൈ കോർക്കാൻ മടിക്കാതിരുന്ന രാഷ്ട്രീയം. ആളുകൾ കാലത്തിനനുസരിച്ചു മാറും, സാഹചര്യങ്ങളും മാറും, പക്ഷെ ഒന്ന് മാറിയിട്ടില്ല – കെ ബാബുവിന് തൃപ്പൂണിത്തുറയോടുള്ള സ്നേഹവും പ്രതിബദ്ധതയും. ഇത് വായിച്ചു മുഖം ചുളിക്കും മുമ്പ് ഒന്ന് പറഞ്ഞോട്ടെ, ഇതെന്റെ അച്ഛനെ വൈറ്റ് വാഷ് ചെയ്യാനുള്ള ഒരു പോസ്റ്റ് അല്ല, പകരം നേരത്തെ പറഞ്ഞ പോലെ ഇത് ഞങ്ങളുടെ സത്യമാണ്. കഴിഞ്ഞ 6 വർഷങ്ങളായി നിങ്ങൾ കേട്ടതിൽ നിന്ന് വ്യത്യസ്തമായി, കേൾക്കാത്ത ഒരു കഥയാണ്.

അച്ഛന്റെ മുൻ‌ഗണനകൾ എന്നും തൃപ്പൂണിത്തുറയും, കോൺഗ്രസ് പാർട്ടിയും കുടുംബവുമാണ് – ആ ക്രമത്തിൽ തന്നെ. എന്നെയും മൂത്ത സഹോദരിയെയും വളർത്തിയത് ഞങ്ങളുടെ അമ്മയാണ്. അച്ഛന്റെ ആദ്യ 2 മുൻ‌ഗണനകൾ എന്നും ഞങ്ങളുടെ സ്കൂൾ ജീവിതത്തെയോ ആരോഗ്യപ്രശ്നങ്ങളെയോക്കാൾ വലുതായിരുന്നു. പക്ഷേ ഞങ്ങൾ ഒരിക്കലും പരാതിപ്പെട്ടിട്ടില്ല. ഒരു രാഷ്ട്രീയക്കാരന്റെ കുടുംബം ചെയ്യേണ്ട ത്യാഗങ്ങളെക്കുറിച്ച് ഞങ്ങൾക്കറിയാം. ഞങ്ങളുടെ വീടിന്റെ വാതിൽ എന്നും ഏവർക്കും വേണ്ടി തുറന്നു തന്നെയിരുന്നിരുന്നു. ദിനരാത്രം, ആവശ്യക്കാർക്ക് കാണാൻ വേണ്ടിയും അവരുടെ പ്രശ്നങ്ങൾക്ക് നടപടി ഉണ്ടാക്കാനും അച്ഛൻ എന്നും ഉണ്ടായിരുന്നു. അവിടെ മതമോ ജാതിയോ രാഷ്ട്രീയ അനുഭാവമോ സമൂഹത്തിലെ സ്ഥാനമോ ഒന്നും ഒരു വിഷയം ആരുന്നില്ല. അത് കൊണ്ട് തന്നെ ആകണം, അദ്ദേഹത്തിന് കുറെ വർഷം തൃപ്പൂണിത്തുറ മണ്ഡലം സേവിക്കാനുള്ള അവസരം ലഭിച്ചതും.

എല്ലാം മാറിയത് 2011ലെ ഇലക്‌ഷൻ കഴിഞ്ഞാണ്. ഇത്തവണയും അദ്ദേഹം ജയിച്ചു, വമ്പിച്ച ഭൂരിപക്ഷത്തോടെ തന്നെ. മന്ത്രിപദവിയും ലഭിച്ചു. അത് സ്വീകരിക്കുമ്പോൾ തന്നെ ഇത് മൂലം തൃപ്പൂണിത്തുറയിൽ നിന്ന് കൂടുതൽ കാലം മാറി നിൽക്കേണ്ടി വരുന്നത് അദ്ദേഹത്തെ അലട്ടുന്നത് ഞാൻ കണ്ടു. ഇത് കഴിഞ്ഞാണ് Excise മന്ത്രി ആയി തിരഞ്ഞെടുത്ത തീരുമാനം വന്നത്, അദ്ദേഹത്തിന് ഒരിക്കലും താല്പര്യമില്ലാത്ത ഒരു കാര്യം, അദ്ദേഹം നേരത്തെ വ്യക്തമാക്കിയതും ആയിരുന്നു. സാഹചര്യങ്ങളുടെ സമ്മർദം മൂലം അദ്ദേഹം അത് ഏറ്റെടുത്തു, അത് ഇപ്പൊ തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വില കൊടുക്കേണ്ടി വന്ന ഒരു തീരുമാനം ആയി എന്ന് സുനിശ്‌ചയം പറയാം.

എനിക്ക് വ്യക്തമായ രാഷ്ട്രീയവീക്ഷണങ്ങളുണ്ട്. അതിലോട്ടു ഞാൻ കടക്കുന്നില്ല, എന്റെ സത്യം പറയുക എന്ന ഉദ്ദേശം മാത്രം. മുമ്പും വളച്ചൊടിച്ച ചെറിയ കഥകളൊക്കെ കേൾക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തവണണത്തേത്‌ അതിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. ഒരു പൊതുപ്രവർത്തകന്റെ കുടുംബം ചെയ്യേണ്ടത് പോലെ, എല്ലാ വിമർശനങ്ങളും അതിന്റെ വഴിക്ക് വിട്ടു ഞങ്ങൾ എല്ലാവരും കഴിയുന്നത്ര ഇതിൽ നിന്ന് മാറി നിൽക്കാൻ ശ്രമിച്ചു. എന്നാൽ ഇതൊരു തത്സമയ നാടകം ആയി മാറാൻ ഒരു പാട് സമയം എടുത്തില്ല. രാഷ്ട്രീയ പൊതുജീവിതത്തിൽ മാന്യതയോടെ രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ച ഒരു പൊതുപ്രവർത്തകന്റെ വാക്കിനു മുകളിൽ ഇന്നലെ കുരുത്ത ഒരു തട്ടിപ്പുകാരന്റെ ആരോപണങ്ങൾ എല്ലാവരും ഏറ്റെടുക്കുകയാണ് ഉണ്ടായത്. പിന്നെ സംഭവിച്ചത് എല്ലാവർക്കും അറിയാം, കുറഞ്ഞ പക്ഷം മാധ്യമങ്ങളിലൂടെ നിങ്ങൾ അറിഞ്ഞ വശം എങ്കിലും.

ഈ ആക്രമണം എത്രത്തോളം നികൃഷ്ടവും വ്യക്തിപരവുമായിരുന്നു എന്നത് ആർക്കും ഊഹിക്കാൻ കൂടി കഴിയില്ല. എന്റെ അച്ഛൻ, എന്റെ കണ്ണിൽ എന്തും നേരിടാൻ പോർന്ന ശക്തനായ ഒരു മനുഷ്യൻ ആയിരുന്നു. 2016നു ശേഷം ഞാൻ കണ്ടത് അതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു രൂപമാണ്. അദ്ദേഹം സമർപ്പിച്ചതെല്ലാം അദ്ദേഹത്തിൽ നിന്ന് അപഹരിക്കപ്പെട്ടുവെന്നത് മാത്രമല്ല, അദ്ദേഹത്തിന്റെ അന്തസ്സ് കവർന്നു, അഴിമതിക്കാരനായി മാധ്യമങ്ങളുടെ മുദ്ര ചാർത്തൽ, എതിർകക്ഷിയുടെ രാഷ്ട്രീയലാക്കോടു കൂടിയുള്ള അപവാദപ്രചാരണത്തിലൂടെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കരി വാരി തേക്കുകയാണ് ഉണ്ടായത്, ഒരു അന്ത്യമില്ലാതെ. ഞാനും ചേച്ചിയും കൂട്ടുകുടുംബങ്ങളിൽ കഴിയുന്നവരാണ്. ഞങ്ങളുടെ വീടുകളിൽ റെയ്ഡുകൾ, അത് ആഘോഷിക്കുന്ന മാധ്യമങ്ങൾ, ഞങ്ങളുടെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യുന്നതും തുടർച്ചയായ ചോദ്യം ചെയ്യലുകളും മാത്രം ഉണ്ടായിരുന്ന നാളുകൾ, ഞങ്ങളോട് അടുപ്പം ഉള്ള ഏവരെയും തിരഞ്ഞു പിടിച്ചു ബുദ്ധിമുട്ടിച്ചു അതിലൂടെ ഞങ്ങളെ ഒറ്റപ്പെടുത്തി സമ്മർദം ചെലുത്തിയിരുന്ന ഉദ്യോഗസ്ഥർ. ഒരു ദിവസം സത്യം പുറത്തുവരുമെന്ന് അറിഞ്ഞുകൊണ്ട് ഞങ്ങൾ ഉടനീളം സഹകരിക്കുകയും ചെയ്തു, കാരണം സത്യം പകൽ വെളിച്ചം പോലെ അവരുടെ മുമ്പിൽ ഉണ്ടായിരുന്നു.

എന്റെ അച്ഛനെ ഞാൻ ബലഹീനനായി ആദ്യമായി കാണുന്നത് അപ്പോഴാണ്. ഒരു കുടുംബം എന്ന നിലക്ക് ഈ കേസിൽ മുന്നോട്ട് പോകാൻ ഞങ്ങൾ ഉപയോഗിക്കേണ്ടിയിരുന്ന എല്ലാ ഊർജവും അച്ഛനെ പഴയ പോലെ ആക്കുക എന്നതിലാണ് ചിലവഴിച്ചത്. ഒന്നര കൊല്ലത്തോളം അദ്ദേഹം പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതെ ചിലവഴിച്ചു. രാഷ്ട്രീയക്കാരുടെ തൊലിക്കട്ടി എന്റെ അച്ഛന് ഇല്ലേ എന്ന് ഞാൻ സംശയിച്ചു പോയ നിമിഷങ്ങൾ. അദ്ദേഹത്തിന്റെ ആരോഗ്യം മോശയായി, ആൾകാരെ കാണാനോ സംവദിക്കാനോ താല്പര്യമില്ലാതെ ആയി, ജീവിക്കാനുള്ള താല്പര്യവും നഷ്ടപ്പെട്ടു. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരാണ് എന്ന് വരുത്തി TRPക്കു വേണ്ടി ഉള്ള ഓട്ടപാച്ചിലിൽ നഷ്ടപെട്ടത് ഞങ്ങളുടെ ജീവിതം ആണ്. അദ്ദേഹം ദുർബലാവസ്ഥയിൽ നിൽക്കുമ്പോഴും വീടിന്റെ ജനലിൽ തൂങ്ങി ഫോട്ടോ എടുക്കാൻ മത്സരിച്ച മാധ്യമ പ്രവർത്തകരും ഉണ്ട്.

ആരൊക്കെ ഒപ്പം, ആരൊക്കെ അല്ല എന്ന് കാലം തെളിയിച്ചു. സത്യം എന്തെന്ന് കാലം പുറത്തു കൊണ്ട് വന്നു. അത് മാത്രമായിരുന്നു അദ്ദേഹത്തിന് കൈമുതൽ, തന്റെ നിരപരാധിത്വം. ഒരു കുടുംബം എന്ന നിലക്ക് ഞങ്ങൾ ഇത് തരണം ചെയ്യാൻ നോക്കുമ്പോഴും ഒപ്പം താങ്ങായി നിന്ന കുറച്ചു സുഹൃത്തുക്കൾ ഉണ്ട്, കുറച്ചു പാർട്ടി അനുഭാവികൾ ഉണ്ട്, കുറച്ചു മാധ്യമ പ്രവർത്തകർ ഉണ്ട്. നിങ്ങളോടുള്ള കടപ്പാട് ഞങ്ങൾ ഒരിക്കലും മറക്കില്ല.

അച്ഛനു ഇന്നത്തെ മറ്റു ചില രാഷ്ട്രീയ പ്രവർത്തകരെ പോലെ PR മാനേജരോ വേറെ ഏജൻസിയോ ഒന്നും തന്നെ ഇല്ല, ഈ കഥകൾ അദ്ദേഹത്തിന്റെ ദിശയിലോട്ട് തിരിച്ചു വിടാൻ. ആകെ ഉള്ളത് സത്യത്തിലുള്ള വിശ്വാസം മാത്രം. LDF പാർട്ടിയുടെ സ്വന്തം വിജിലൻസ്, ഇത്രേം നാൾ വേട്ടയാടിയതിനു ശേഷം ക്‌ളീൻ ചിറ്റ് നൽകിയിരിക്കുന്നു. അത് കൊണ്ടാണ് ഇന്ന് ഇത് പറയാൻ ഞാൻ തീരുമാനിച്ചത്. ഇത് ഇലക്ഷന് വേണ്ടി ഉള്ള ക്യാമ്പയിൻ അല്ല. തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി എന്ന നിലയിലും അല്ലാതെയും അദ്ദേഹം നൽകിയ എല്ലാ സംഭാവനകളും അദ്ദേഹത്തിനെതിരായ ഈ തെറ്റായ പ്രചാരണങ്ങൾ മായ്ച്ചു കളയാൻ കെല്പുള്ളതാണ്. ഇത് നിങ്ങൾക്ക് വിശ്വസിക്കാം, തിരസരിക്കാം. പക്ഷെ ഇത് ഞങ്ങൾ ജീവിച്ച സത്യമാണ്. ഞങ്ങളുടെ അമ്മ ഞങ്ങളെ പഠിപ്പിച്ചതനുസരിച്ചാണ് ഞങ്ങൾ എല്ലായ്പ്പോഴും ജീവിച്ചിട്ടുള്ളത് – കഠിനാധ്വാനം ചെയ്യുക, സ്വന്തം കാലിൽ നിൽക്കുക, നമ്മുടേതല്ലാത്തത് ആഗ്രഹിക്കാതിരിക്കുക. ഞങ്ങളുടെ മാതാപിതാക്കൾ രണ്ട് സ്വതന്ത്ര സ്ത്രീകളെ വളർത്തിയിട്ടുണ്ട്, ഞങ്ങൾ എല്ലായ്പ്പോഴും ഞങ്ങളുടെ അച്ഛനെക്കുറിച്ച് അഭിമാനിക്കും. ആദ്ദേഹം ഒരു അഗ്നിപരീക്ഷണം കഴിഞ്ഞു വീണ്ടും പുറത്തു വന്നിട്ടുണ്ട്, പഴയത് പോലെ തന്നെ. ഞങ്ങൾ എപ്പോഴും അദ്ദേഹത്തിന്റെ പക്ഷത്തുണ്ടാകും. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇതാണ് എന്റെ വാസ്തവം.

Spread the love
English Summary: Aiswarya babu, daughter of former minister k.babu writes about those dark days the family faced

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick