തമിഴകത്തെ സംബന്ധിച്ച് ഒരു പ്രത്യേകത ആദ്യമേ പറയാം…നാല് പതിറ്റാണ്ടിലാദ്യമായി ജയലളിത-കരുണാനിധി എന്ന ദ്വന്ദ്വങ്ങളുടെ കുറ്റിയില്‍ കറങ്ങുന്ന രാഷ്ട്രീയത്തില്‍ നിന്നും തമിഴ്‌നാട് രാഷ്ട്രീയം പുറത്തുകടക്കുകയാണ്. ഇത്തവണയും താരങ്ങള്‍ പലരുണ്ട് ഗോദയില്‍, പക്ഷേ അവരാരും ജയലളിതയുടെയും കരുണാനിധിയുടെയും വ്യക്തിപ്രഭാവലയത്തിന്റെ നാലയലത്ത് വരില്ല. വരുമായിരുന്ന ഒരാള്‍ കളത്തിലിറങ്ങി ഉടനെ തിരിച്ചകയറി മടങ്ങിപ്പോയിരിക്കുന്നു–രജനീകാന്ത്. ഇനി അവശേഷിക്കുന്നത് ഒരു സൂപ്പര്‍താരം- കമല്‍ഹാസന്‍
അണ്ണാ ഡി.എം.കെ.യുടെയും ഡി.എം.കെ.യുടെയും ഇപ്പോഴത്തെ നേതൃത്വത്തില്‍ താരസാന്നിദ്ധ്യം ഇല്ല. പക്കാ രാഷ്ട്രീയക്കാരുടെ നേതൃത്വത്തില്‍ ആദ്യമായാണ് തമിഴകത്തെ ഏറ്റവും വലിയ രണ്ട് പാര്‍ടികള്‍ തിരഞ്ഞെടുപ്പില്‍ മാറ്റുരക്കുന്നത്.
മറ്റൊരു പ്രത്യേകത, പക്കാ ദ്രാവിഡ രാഷ്ട്രീയം എന്ന് ഇന്ത്യയില്‍, പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ ഏതെങ്കിലും സംസ്ഥാനത്ത് പ്രയോഗത്തിലുണ്ടെങ്കില്‍ അത് തമിഴ്‌നാട്ടില്‍ മാത്രമാണ്. പെരിയോരുടെയും അണ്ണാദുരൈയുടെയും ആശീര്‍വാദത്തില്‍ തഴച്ചുവളര്‍ന്ന ദ്രാവിഡ പ്രസ്ഥാനം 1967-നും ശേഷം ഇന്നുവരെ മറ്റൊരു ദേശീയ രാഷ്ട്രീയപാര്‍ടിയെയും തമിഴ്‌നാടിന്റെ ഭരണത്തിലേക്ക് അടുപ്പിച്ചിട്ടില്ല.
ഇത്തവണത്തെ പ്രധാന പ്രത്യേകത, ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശത്രുവായ ഹിന്ദുത്വ രാഷ്ട്രീയം തമിഴ്‌നാട്ടില്‍ വേരുപടര്‍ത്താനും ഭരണത്തില്‍ കക്ഷിയാകാനും യത്‌നിക്കുന്നു എന്നതാണ്. കേന്ദ്രത്തിലുളള ഭരണത്തിന്റെ സ്വാധീനത്തിലും തണലിലുമാണ് സംഘപരിവാര് തമിഴകത്ത് കളിക്കാന് പോകുന്നത്. ബി.ജെ.പി. അധ്യക്ഷന്‍, പ്രധാനമന്ത്രി, മറ്റ് ദേശീയ നേതാക്കള്‍ എന്നിവര്‍ ഊഴമിട്ട് തമിഴ്‌നാട് സന്ദര്‍ശിക്കുകയും ഇളക്കിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ ഭരണപക്ഷമായ എ.ഐ.എ.ഡി.എം.കെ.യുടെ സഖ്യകക്ഷിയാണ് ബി.ജെ.പി. എങ്കിലും അവര്‍ അതിലും മേലെയുള്ള ചിലതാണ് പ്രതീക്ഷിക്കുന്നത്. അതു കൊണ്ടാണ് എ.ഐ.എ.ഡി.എം.കെ.യില്‍ ഉണ്ടായിരിക്കുന്ന ശശികല ഫാക്ടര്‍ ഉപയോഗപ്പെടുത്തി നേതൃത്വത്തിലേക്ക് വരാന്‍ ബി.ജെ.പി. നോക്കുന്നത്.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകള്‍ അംസബ്ലി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വേര്‍തിരിച്ചു നോക്കിയാല്‍ ഡി.എം.കെ.യാണ് ഭരണത്തിലെത്താന്‍ സാധ്യത. 134 സീറ്റുകളില്‍ ഇവര്‍ക്ക് ജയസാധ്യത പ്രവചിക്കപ്പെടുന്നു.
എന്നാല്‍ ഡി.എം.കെ. മുന്നണിയില്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ വലിയ പ്രതിസന്ധിയിലാണ്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസിനെ സഖ്യകക്ഷിയാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടാലുള്ള ഒരു അപകടം ഡി.എം.കെ. തിരിച്ചറിയുന്നുണ്ട്. ദേശീയകക്ഷി എന്ന നിലയില്‍ ധാരാളം സീറ്റുകള്‍ നല്‍കിയാല്‍ അതിലൊന്നിലും ബിഹാറിലെ പോലെ കോണ്‍ഗ്രസിന് വിജയിക്കാനാവില്ല എന്ന യാഥാര്‍ഥ്യം മുന്നിലുണ്ട്. ബിഹാറില്‍ കോണ്‍ഗ്രസിന് 70 സീറ്റുകള്‍ നല്‍കി. ജയിച്ചത് 19 എണ്ണത്തില്‍ മാത്രം. 2015-ല്‍ 27 എണ്ണം കിട്ടിയിടത്താണിതെന്നോര്‍ക്കണം. കോണ്‍ഗ്രസ് ഡിമാന്റ് ചെയ്ത് വാങ്ങിയ സീറ്റുകളില്‍ ലാലുവിന്റെ പാര്‍ടി തന്നെ മല്‍സരിച്ചിരുന്നെങ്കില്‍ അവയില്‍ ജയിക്കുകയും ഭരണം തേജസ്വിയുടെ കൈയ്യില്‍ ഇരിക്കുകയും ചെയ്യുമായിരുന്നു. തമിഴ് രാഷ്ട്രീയത്തിന്റെ ഇടം തന്നെയായ പോണ്ടിച്ചേരിയിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ രക്ഷിക്കാന്‍ പോലും ആ പാര്‍ടിക്ക് കഴിഞ്ഞില്ല.
അതുകൊണ്ടു തന്നെ ഇത്തവണ തമിഴ് നാട്ടിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിനെ വലിയതായി പരിഗണിക്കാന്‍ ഡി.എം.കെ. തയ്യാറാവില്ല. അതേസമയം, തീവ്രഹിന്ദുത്വവിരുദ്ധ സമരത്തിന്റെ ദേശീയ പോര്‍മുഖമായ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താതെ ഡി.എം.കെ. മുന്നോട്ടു പോയാലത് അവരുടെ തനി ദ്രാവിഡരാഷ്ട്രീയത്തിന്റെ മൂല്യം കുറച്ചുകളയുകയും ഒപ്പം വോട്ടുകള്‍ ഭിന്നിക്കപ്പെട്ട് പല മണ്ഡലങ്ങളിലും പരാജയപ്പെടുകയും ചെയ്യും എന്ന് ബോധ്യവും അവര്‍ക്കുണ്ട്.
( വിശകലനം അടുത്ത ദിവസങ്ങളില്‍ തുടരും, വായിക്കുക)