കേരളത്തിലെ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി 40 അംഗ തിരഞ്ഞെടുപ്പു സമിതി പ്രഖ്യാപിച്ചു. പാര്‍ടിയുമായി ഇടഞ്ഞു നിന്നിരുന്ന മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് സമിതി അംഗമാണ്.
പി.ജെ.കുര്യനും, പി.സി.ചാക്കോയും സമിതിയിലുണ്ട്. അഞ്ച് വനിതകളെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തന്നെ കോണ്‍ഗ്രസ് ഒരുതരത്തിലും പരിഗണിക്കുന്നില്ല എന്ന് പരാതിപ്പെട്ടു കൊണ്ട് കെ.വി.തോമസ് ഏതാനും ആഴ്ചയ്ക്കു മുമ്പ് രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് തോമസ് മാഷ് പോകുന്നു എന്ന തോന്നലും പൊതുവെ ഉണ്ടായി. തുടര്‍ന്ന് സോണിയ ഗാന്ധി കെ.വി.തോമസിനനെ വിളിക്കുകയും പ്രശ്‌നങ്ങള്‍ കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യാ നേതാക്കളോട് നേരിട്ട് സംസാരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ എല്ലാ പരിഭവവും ഉപേക്ഷിച്ച തോമസ് തിരുവനന്തപുരത്ത് എത്തി താരിഖ് അന്‍വറുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പാര്‍ടിയില്‍ അര്‍ഹമായ പരിഗണനയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നിയമസഭാ സീറ്റ് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കെ.വി. തോമസ് തുറന്നു പറഞ്ഞിരുന്നു. കെ.വി.തോമസ് പാര്‍ടി വിടുന്നത് തടയാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമായിരുന്നു.