ഡല്‍ഹിയിലെ തന്റെ വീടിനു മുന്നില്‍ ബി.എസ്.എഫ് ഭടന്‍മാരെ നിയോഗിച്ചതിനെതിരെ ബംഗാളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം മഹുവ മൊയ്ത്ര. ഭടന്‍മാരെ അവിടെ നിന്നും മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടന വാഗ്ദാനം ചെയ്യുന്നതാണ്. തന്റെ വീടിനു മുന്നില്‍ സൈനികരെ നിയോഗിച്ചതു ഒരു തരത്തില്‍ തന്നെ നിരീക്ഷിക്കുന്നതിന് തുല്യമാണ്. ഇത് ഉടന്‍ അവസാനിപ്പിക്കണം- മഹുവ മൊയ്ത്ര ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്.എന്‍. ശ്രീവാസ്തവയ്ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.
പാര്‍ലമെന്റില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ചാട്ടുളി വിമര്‍ശനങ്ങള്‍ നടത്തുന്ന തീപ്പൊരി അംഗമാണ് മഹുവ മൊയ്ത്ര.
മഹുവ മൊയത്ര പാര്‍ലമെന്റില്‍ നടത്തിയ ഒരു പ്രസംഗം വിവാദമായിരുന്നു. ഇന്ത്യന്‍ ജുഡീഷ്യറിയെ വിമര്‍ശിച്ചും റിട്ട.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെയും പരാമര്‍ശിച്ചും കൊണ്ടായിരുന്നു ആ പ്രസംഗം.
വിശുദ്ധപശുവായ ജുഡീഷ്യറി അത്ര വിശുദ്ധമൊന്നുമല്ല ഇപ്പോള്‍. ഒരു സിറ്റിങ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്ന ദിവസം മുതല്‍, അതേ ന്യായാധിപന്‍ തന്നെ ആ പരാതിയുടെ വിചാരണയ്ക്ക് മേല്‍നോട്ടം വഹിക്കുകയും സ്വയം കുറ്റവിമുക്തനായി പ്രഖ്യാപിക്കുകയും ചെയ്തതു മുതല്‍, റിട്ടയര്‍ ചെയ്ത് മൂന്നു മാസത്തിനകം രാജ്യസഭാംഗമാകാനുള്ള ഓഫര്‍ സ്വീകരിച്ച് ഇസെഡ് കാറ്റഗറി സുരക്ഷയോടെ ജീവിക്കുകയും ചെയ്ത നാള്‍ മുതല്‍ ജുഡീഷ്യറിയുടെ വിശുദ്ധിയൊക്കെ പോയിട്ടുണ്ട്- ഇതായിരുന്നു മഹുവ മൊയ്ത്രയുടെ പ്രസംഗത്തിലെ വിവാദമായ ഭാഗം. ഇതാണ് കേന്ദ്രസര്‍ക്കാരിനെ പ്രകോപിപ്പിച്ചത് എന്നാണ് നിഗമനം. ഇതിന്റെ ആഘാതമാണ് പാര്‍ലമെന്റംഗത്തെ നിരീക്ഷിക്കാന്‍ അതിര്‍ത്തി രക്ഷാസേനയുടെ കാവല്‍ എന്നും കരുതപ്പെടുന്നു.
അവരെ നിരീക്ഷിക്കുന്നതിനും സമ്മര്‍ദ്ദത്തിലാക്കുന്നതിനുമാണ് സൈനികരെ വീടിനു മുന്നില്‍ അമിത് ഷാ നിയോഗിച്ചത് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.