ശബരിമല, പൗരത്വനിയമ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കും.
———————————————————–
കെ.എ.പി. ആറാം ബറ്റാലിയന്‍ രൂപീകരിക്കും.
———————————————————-
82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കും.
———————————————————
മാറ്റിവെച്ച ശമ്പളം ഏപ്രില്‍ മുതല്‍ തിരിച്ചു നല്‍കും.
————————————————————
ഐ.ടി.-ഐ.ടി. അനുബന്ധ മേഖലയില്‍ ക്ഷേമനിധി ഉണ്ടാക്കും.
————————————————————-
- കേസുകള്‍ പിന്‍വലിക്കും
ശബരിമല സ്ത്രീപ്രവേശനം, പൗരത്വഭേദഗതി നിയമം എന്നീ പ്രശ്നങ്ങളില്‍ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ ക്രിമിനല്‍ സ്വഭാവമില്ലാത്ത എല്ലാ കേസുകളും പിന്‍വലിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.
82 കായിക താരങ്ങള്‍ക്ക് ജോലി
മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായിക താരങ്ങളെ കായിക യുവജന കാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമിക്കാന്‍ തീരുമാനിച്ചു.
വര്‍ഗീസിന്‍റെ സഹോദരങ്ങള്‍ക്ക് നഷ്ടപരിഹാരം
തിരുനെല്ലി കാട്ടില്‍ പോലീസ് വെടിയേറ്റു മരിച്ച വര്‍ഗീസിന്‍റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്‍ക്ക് സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ തീരുമാനിച്ചു. 1970 ഫെബ്രുവരി 18-നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്.
വര്‍ഗീസിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് സഹോദരങ്ങള്‍ നല്‍കിയ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.
ഐടി, ഐടി അനുബന്ധ തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതി
ഐടി, ഐടി അനുബന്ധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്‍റെ നടത്തിപ്പ് കേരള ഷോപ്പ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് തൊഴിലാളി ക്ഷേമബോര്‍ഡിനായിരിക്കും. പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, പ്രസവാനുകൂല്യം, വിവാഹാനുകൂല്യം, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര ആനുകൂല്യം എന്നിവയാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്.
പത്ത് ജീവനക്കാരില്‍ താഴെയുള്ള ഐടി സംരംഭകരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലേറെ ഐടി അനുബന്ധ ജീവനക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ജീവക്കാരും കുടുംബാംഗങ്ങളും ക്ഷേമനിധിയുടെ പരിധിയില്‍ വരും. 18-നും 55-നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കാണ് അംഗത്വത്തിന് അര്‍ഹത.
മാറ്റിവെച്ച ശമ്പളം ഏപ്രില്‍ മുതല്‍ തിരിച്ചു നല്‍കും
കോവിഡ് മൂലമുള്ള രുക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 2021 ഏപ്രില്‍ മുതല്‍ അഞ്ചുതവണകളായി തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. അഞ്ചുതവണകളായി മാറ്റിവെച്ച ശമ്പളം പ്രൊവിഡന്‍റ് ഫണ്ടില്‍ ലയിപ്പിക്കാനും ജൂണ്‍ മുതല്‍ പിന്‍വലിക്കുന്നതിന് അനുവാദം നല്‍കാനുമായിരുന്നു നേരത്തെ തീരുമാനിച്ചത്.
പങ്കാളിത്ത പെന്‍ഷന്‍കാരുടെ കാര്യത്തില്‍ അധിക എന്‍.പി.എസ് വിഹിതം പിടിക്കാതെ മാറ്റിവെച്ച ശമ്പളം തിരിച്ചുനല്‍കും. മാറ്റിവെച്ച ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ താല്പര്യമുള്ള ജീവനക്കാര്‍ക്ക് അതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും.
ശമ്പളം പരിഷ്കരിക്കും
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ അനധ്യാപക ജീവനക്കാരുടെ ശമ്പളം സംസ്ഥാന ജീവനക്കാരുടെതുപോലെ പരിഷ്കരിക്കാന്‍ തീരുമാനിച്ചു. പുതുക്കിയ ശമ്പളവും അലവന്‍സുകളും 2021 ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യും.
ഹൈക്കോടതി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്റ്റ്സിലെ സബോര്‍ഡിനേറ്റ് സര്‍വീസ് ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫയര്‍ സൊസൈറ്റിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്‍ററിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.
കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.
കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.
മലബാര്‍ സിമന്‍റ്സ് ലിമിറ്റഡിലെ മാനേജീരിയല്‍ തസ്തികയിലുള്ള ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗണ്‍സിലിലേയും അതിനു കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളിലേയും സി.എസ്.ഐ.ആര്‍ നിരക്കില്‍ ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്കരണം അനുവദിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു.
ദീര്‍ഘകാല കരാര്‍
കെ.എസ്.ഡി.പിയിലെ വര്‍ക്ക്മെന്‍ കാറ്റഗറി ജീവനക്കാരുടെ ദീര്‍ഘകാല കരാര്‍ നടപ്പാക്കാന്‍ അനുമതി നല്‍കി.
ഓട്ടോകാസ്റ്റ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ 2014 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് നടപ്പാക്കാന്‍ തീരുമാനിച്ചു.
നോഡല്‍ ഏജന്‍സി
ശബരിമല വിമാനത്താവളത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കിന്‍ഫ്രയെ ചുമതലപ്പെടുത്തും.
തസ്തികകള്‍
കെ.എ.പി ആറാം ബറ്റാലിയന്‍
കോഴിക്കോട് ജില്ലയില്‍ കെ.എ.പി ആറാം ബറ്റാലിയന്‍ എന്ന പേരില്‍ പുതിയ ആംഡ് പോലീസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. ആരംഭഘട്ടത്തില്‍ 100 പോലീസ് കോണ്‍സ്റ്റബിള്‍ മാരെ (25 വനിതകള്‍) ഉള്‍പ്പെടുത്തി ബറ്റാലിയന്‍ രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു വേണ്ടി 100 പോലീസ് കോണ്‍സ്റ്റബിളിന്‍റെതടക്കം 113 തസ്തികകള്‍ സൃഷ്ടിക്കും.
പോലീസ് സേനയില്‍ ഇപ്പോള്‍ 11 ആംഡ് പോലീസ് ബറ്റാലിയനുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 8 എണ്ണം ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ടവയാണ്. കെ.എ.പി. അഞ്ചാം ബറ്റാലിയന്‍ രൂപീകൃതമായത് 35 വര്‍ഷം മുമ്പാണ് അതിനുശേഷം ക്രമസമാധാനപാലന സാഹചര്യം ഏറെ മാറി. നഗരവല്‍ക്കരണവും ആസൂത്രിത കുറ്റകൃത്യങ്ങളും തീവ്രവാദ ഭീഷണിയും ക്രമസമാധാനപാലന രംഗത്ത് പോലീസിന്‍റെ വെല്ലുവിളി വര്‍ധിപ്പിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് സേനയ്ക്ക് പുതിയൊരു ബറ്റാലിയന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.
ഹൈക്കോടതി എസ്റ്റാബ്ലിഷ്മെന്‍റിലേക്ക് കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റിന്‍റെ അഞ്ച് സ്ഥിരം തസ്തികകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലുള്ള 11 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 33 സ്ഥിരം തസ്തിക ഉള്‍പ്പെടെ 44 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കാസര്‍കോട് ജില്ലയിലെ പരപ്പയില്‍ ഒരു ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസും ഒരു ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസും ആരംഭിക്കുന്നതിനും 8 സ്ഥിരം തസിത്കകള്‍ അടക്കം 12 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കേരള രാജ്ഭവനില്‍ വിവിധ വിഭാഗങ്ങളിലായി 14 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
പീരുമേട് താലൂക്കാശുപത്രിയില്‍ അനസ്തേഷ്യ വിഭാഗത്തില്‍ ഒരു ജൂനിയല്‍ കണ്‍സള്‍ട്ടന്‍റ് തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ഗ്രാമന്യായലയങ്ങളിലും ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലുമായി അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടറുടെ (ഗ്രേഡ് രണ്ട്) 12 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. റാന്നി, മലമ്പുഴ, നെടുങ്കണ്ടം, കട്ടപ്പന, വൈക്കം, തൃശ്ശൂര്‍ ജില്ലയിലെ മതിലകം, തിരുവനന്തപുരം ജില്ലയിലെ വെള്ളനാട്, കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍, കൊടുവള്ളി, ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി എന്നീ ഗ്രാമന്യായാലയങ്ങളിലും കല്‍പ്പറ്റ ജെഎഫ്എംസി, ആലപ്പുഴ ജെഎഫ്സിഎം.സി-2 എന്നീ കോടതികളിലുമാണ് തസ്തിക സൃഷ്ടിക്കുന്നത്.
കേരള സ്റ്റേറ്റ് ലൈവ്സ്റ്റോക്ക് ഡവലപ്മെന്‍റ് ബോര്‍ഡ് ലിമിറ്റഡില്‍ നിര്‍ത്തലാക്കിയ 14 തസ്തികകള്‍ക്ക് പകരമായി 4 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കേരള കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡിന്‍റെ മലപ്പുറം ജില്ലാ ഓഫീസില്‍ ഒരു അഡീഷണല്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളിനു വേണ്ടി 6 തസ്തികകള്‍ സൃഷ്ടിക്കാനും ഒരു തസ്തിക അപ്ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.
തൃക്കാക്കര കാര്‍ഡിനാല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍, വളാഞ്ചേരി ഹയര്‍സെക്കന്‍ററി സ്കൂള്‍, കടയ്ക്കാവൂര്‍ ശ്രീ സേതുപാര്‍വ്വതി ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്നീ മൂന്നു എയ്ഡഡ് വിദ്യാലയങ്ങള്‍ക്കു വേണ്ടി 21 തസ്തികകള്‍ സൃഷ്ടിക്കാനും 4 തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.
കണ്ണൂര്‍ ആറളം ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ ഒരു പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കേരള അഗ്രോമെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് കണ്ണൂര്‍ വലിയ വെളിച്ചം യൂണിറ്റിലേക്ക് 38 സ്ഥിരം തസ്തികകള്‍ അടക്കം 45 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
പി.എസ്.സി മുഖേന നിയമിതരായെങ്കിലും പഞ്ചായത്ത് വകുപ്പിലെ സൂപ്പര്‍ന്യൂമററി തസ്തികകളില്‍ ജോലി ചെയ്യുന്ന 23 എല്‍.ഡി. ടൈപ്പിസ്റ്റുമാരുടെ നിയമനം അവര്‍ സര്‍വീസില്‍ പ്രവേശിച്ച തീയതി മുതല്‍ ക്രമപ്പെടുത്താന്‍ തീരുമാനിച്ചു.
പോലീസ് ഫുട്ബോള്‍ അക്കാദമി
മലബാര്‍ സ്പെഷ്യല്‍ പോലീസിന്‍റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എം.എസ്.പി കാമ്പസില്‍ കേരള പോലീസ് ഫുട്ബോള്‍ അക്കാദമി രൂപീകരിക്കാന്‍ തീരുമാനിച്ചു. അക്കാദമിയുടെ ഡയറക്ടറായി പ്രശ്സത ഫുട്ബോള്‍ താരവും കേരള പോലീസിലെ ഉദ്യോഗസ്ഥനുമായ ഐ.എം. വിജയനെ നേരത്തെ നിയമിച്ചിരുന്നു.
അഞ്ചു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. 25 വിദ്യാര്‍ത്ഥികള്‍ വീതമുള്ള രണ്ടു ബാച്ചുകളെയാണ് തെരഞ്ഞെടുക്കുക. ഇവര്‍ക്ക് എം.എസ്.പി സ്കൂളില്‍ പ്രവേശനം നല്‍കും. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. പോലീസ് വകുപ്പിലുള്ള അന്തര്‍ദേശീയ കായിക താരങ്ങളെ പരിശീലകരായി നിയമിക്കും.
ആദ്യ ബാച്ചിന്‍റെ പരിശീലനം മെയ് ഒന്നിന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. സെലക്ഷന്‍ ട്രയല്‍സിലൂടെയാണ് കുട്ടികളെ തെരഞ്ഞെടുക്കുക. എം.എസ്.പി. എല്‍.പി. സ്കൂള്‍ മൈതാനം, സമീപമുള്ള കൂട്ടിലങ്ങാടി മൈതാനം എന്നിവിടങ്ങളിലായിരിക്കും പരിശീലനം.
ശ്രീഎം നേതൃത്വം നല്‍കുന്ന സല്‍സംഗ് ഫൗണ്ടേഷന് യോഗ ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ സ്ഥാപിക്കുന്നതിന് തിരുവനന്തപുരം ചെറുവയ്ക്കല്‍ വില്ലേജില്‍ ഹൗസിംഗ് ബോര്‍ഡിന്‍റെ കൈവശത്തിലുള്ള 4 ഏക്കര്‍ സ്ഥലം നിബന്ധനകളോടെ പത്തുവര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചു.
ആശ്രിത നിയമനം
നിയമസഭാംഗമായിരിക്കെ അന്തരിച്ച കെ.വി. വിജയദാസിന്‍റെ മക്കളില്‍ ഒരാള്‍ക്ക് എന്‍ട്രി കേഡറില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു.
അതിക്രമത്തിനിരയായി മരണപ്പെടുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന പദ്ധതിപ്രകാരം ചാലക്കുടി വലയങ്ങര വീട്ടില്‍ ശശികുമാറിന്‍റെ ഭാര്യ അംബികാ സുനിക്ക് ലാസ്റ്റ് ഗ്രേഡ് തസ്തികകയില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു.
സ്പോര്‍ട്സ് കേരള ലിമിറ്റഡ്
സംസ്ഥാനത്ത് സ്പോര്‍ട്സ് രംഗത്ത് അടിസ്ഥാന സൗകര്യ വികസനം കൊണ്ടുവരുന്നതിന് സ്പോര്‍ട്സ് കേരള ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചു. കായിക യുവജനകാര്യ വകുപ്പിനു കീഴിലായിരിക്കും ഈ കമ്പനി.
ഉള്‍നാടന്‍ ജലപാത വികസനത്തിന്‍റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ നീലേശ്വരം നദിക്കും ചിത്താരി നദിക്കുമിടയില്‍ കൃത്രിമ കനാല്‍ നിര്‍മിക്കുന്നതിന് ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്ന് 186 കോടി രൂപയുടെ ധനസഹായത്തിന് തത്വത്തില്‍ അംഗീകാരം നല്കി.
മലബാര്‍ കാന്‍സര്‍ സെന്‍ററിലെ അക്കാദമിക് ജീവനക്കാരുടെ വിരമിക്കല്‍ പ്രായം റീജിയണല്‍ കാന്‍സര്‍ സെന്‍ററിലേതിനു സമാനമായി പ്രൊഫസര്‍ തസ്തികയ്ക്ക് 65 വയസ്സും മറ്റ് നാല് അക്കാദമിക് സ്റ്റാഫ് തസ്തികകള്‍ക്ക് 62 വയസ്സും നോണ്‍ അക്കാദമിക് ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സുമായി നിജപ്പെടുത്താന്‍ തീരുമാനിച്ചു.
പ്രളയത്തില്‍ നാശനഷ്ടം നേരിട്ട ചാലക്കുടി റിവര്‍ ഡൈവേര്‍ഷന്‍ സ്കീം എന്ന പദ്ധതിയുടെ പുനരുദ്ധാരണത്തിന് 5.64 കോടി രൂപയുടെ പ്രവൃത്തി റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ കീഴില്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
പുതിയങ്ങാടി, ഷിറിയ എന്നിവിടങ്ങളില്‍ 52.9 കോടി രൂപയുടെ റിവര്‍ ട്രെയിനിംഗ് പ്രവൃത്തികള്‍ ആര്‍.കെ.ഐയ്ക്ക് കീഴില്‍ നടപ്പാക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു.