തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏതു നിമിഷവും പ്രതീക്ഷിക്കുന്ന സര്‍ക്കാര്‍ അവസാനനിമിഷത്തില്‍ ഭരണപരമായ നടപടികളിലൂടെ പരമാവധി ജനങ്ങളെ തൃപ്തരാക്കി തുടര്‍ഭരണത്തിന് വോട്ടുറപ്പിക്കുന്നു. വിവിധ വിഭാഗം ജനങ്ങളെക്കൊണ്ട് സര്‍ക്കാരിന് അനുകൂലമായ മാനസികാവസ്ഥ സൃഷ്ടിക്കാന്‍ ആവശ്യമായ ഭരണനടപടികളാണ് കഴിഞ്ഞ ഏതാനും മന്ത്രിസഭാ യോഗങ്ങളിലായി കൈക്കൊണ്ടുവരുന്നത്. ഇന്ന് ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ പുറത്തുവന്നപ്പോള്‍ ഇത് കൂടുതല്‍ വ്യക്തമായി.
എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും പ്രധാന ഡിമാന്റ് ആയ ശബരിമല കേസുകള്‍ പിന്‍വലിക്കാന്‍ എടുത്ത തീരുമാനം പ്രബല സമുദായങ്ങളെ അനുകൂലമാക്കാന്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പി.യും സജീവ ചര്‍ച്ചാവിഷയമാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം നിര്‍ണായകമായ തന്ത്രമാണ്.
വിവിധ റാങ്ക് ലിസ്റ്റുകളിലുള്ള ഉദ്യോഗാര്‍ഥികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാനും പൊതുവെ സമൂഹത്തിലെ യുവജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതുമായ തീരുമാനങ്ങള്‍ എടുക്കാനും സര്‍ക്കാര്‍ തയ്യാറായി. പുതിയ തസ്തികകള്‍ സൃഷ്ടിക്കല്‍, പൊലീസില്‍ പുതിയ ബറ്റാലിയന്‍ രൂപീകരണം, കായിക താരങ്ങള്‍ക്ക് ജോലി തുടങ്ങിയവയെല്ലാം പരാതിയുള്ള വിഭാഗങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നതിന്റെ ഭാഗമാണ്. തൊഴില്‍ രഹിതരില്‍ മാനസികമായ പിന്തുണ ലഭിക്കാനുള്ള നീക്കം കൂടിയാണിത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ 5000-ത്തോളം തസ്തികകള്‍ പുതിയതായി സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇന്നത്തെ(24-02-21) മന്ത്രിസഭായോഗം 400 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. വിവാദമായിത്തീര്‍ന്ന താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിലൂടെ വലിയ വോട്ടുബാങ്കിനെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. എത്ര പേര്‍ക്കാണ് സ്ഥിരനിയമനം കിട്ടിയത് എന്ന കാര്യം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ആയിരക്കണക്കിന് വരും എന്നാണ് പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ ആരോപിക്കുന്നത്. ്അവര്‍ കൃത്യമായ കണക്ക് ശേഖരിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
വിവിധ ആനുകൂല്യങ്ങള്‍
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാരുമായി ബന്ധപ്പെട്ട വകുപ്പുകളിലും ഉള്ള വേതന പരിഷ്‌കരണങ്ങളും അലവന്‍സുകള്‍ വര്‍ധിപ്പിക്കലും സംഘടിത വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുന്ന നീക്കമാണ്. 24-ന് ചേര്‍ന്ന കാബിനറ്റില്‍ മാത്രം സര്‍വ്വകലാശാലാ ഉദ്യോഗസ്ഥരുടെത് അടക്കം ഒന്‍പത് വിഭാഗങ്ങളുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനം എടുത്തു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം, പ്രമോഷനുകള്‍, അലവന്‍സുകള്‍ പരിഷ്‌കരിക്കല്‍ തുടങ്ങിയവ നേരത്തെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ അധ്യാപകരുള്‍പ്പെടെ, സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന 5.25 ലക്ഷം ജീവനക്കാരുണ്ട്. സാമൂഹ്യക്ഷേമ ആനുകൂല്യങ്ങളുടെ വര്‍ധനയും സൗജന്യങ്ങളും സമൂഹമനസ്സിനെ ആഴത്തില്‍ സ്വാധീനിക്കുന്നതായി സര്‍ക്കാര്‍ ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്.
സൗജന്യ കിറ്റ്
സൗജന്യ പലവ്യഞ്ജന കിറ്റ് ഏപ്രില്‍ വരെ തുടരാനുള്ള തീരുമാനത്തിനു പിന്നില്‍ കൃത്യമായ കണക്കു കൂട്ടലുണ്ട്. സംസ്ഥാനത്ത് പല തരം റേഷന്‍ കാര്‍ഡുകള്‍ ഉണ്ട്. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് റേഷന്‍ കടകളിലൂടെ അധികം സൗജന്യമൊന്നും കിട്ടാറില്ല. സൗജന്യം കിട്ടുന്നവരും കിട്ടാത്തവരും എന്ന ഒരു വിഭജനം ഉണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് കിട്ടാറില്ലല്ലോ എന്ന വിമര്‍ശനം വലിയൊരു വിഭാഗം ജനത്തിന് ഉണ്ട്. എന്നാല്‍ സൗജന്യ കിറ്റിനു പിന്നിലെ മനശ്ശാസ്ത്രം ഇതിനെ മറികടക്കുന്നതാണ്. കേരളത്തില്‍ സമീപവര്‍ഷങ്ങളിലായി സര്‍ക്കാരിന്റെ ഒരു ആനുകൂല്യം വരുമാന പരിഗണനയില്ലാതെ സര്‍വ്വര്‍ക്കും കിട്ടിയത് ആദ്യമായി ഈ സൗജന്യ കിറ്റിലൂടെയായിരുന്നു. നികുതി നല്‍കുന്നുണ്ടെങ്കിലും ആനുകൂല്യമൊന്നും തങ്ങള്‍ക്കില്ല എന്ന വിമര്‍ശനം ധനിക വിഭാഗത്തിനുണ്ട്. വരുമാന പരിധി നോക്കാതെ കിറ്റ് എല്ലാവര്‍ക്കും നല്‍കാനെടുത്ത തീരുമാനം ആ അര്‍ഥത്തില്‍ വലിയൊരു ഉപായം തന്നെയായിരുന്നു. കേരളത്തില്‍ 87.28 ലക്ഷം റേഷന്‍ കാര്‍ഡുകളുണ്ടെന്നാണ് 2020-ലെ കണക്ക്. ഇപ്പോള്‍ അതിലും കൂടിയിരിക്കും. ഇത്രയും ലക്ഷം കാര്‍ഡുകള്‍ എന്നാല്‍ അര്‍ഥം ഏറ്റവും കുറഞ്ഞത് രണ്ട് കോടി വോട്ടര്‍മാര്‍ എന്നതാണ്. സൗജന്യകിറ്റ് അവരിലേക്ക് എത്തുകയാണ്, മാസങ്ങളോളം.
ലൈഫ് മിഷന്‍
ലൈഫ് മിഷനില്‍ രണ്ടര ലക്ഷം ഫ്‌ലാറ്റുകളാണ് നല്‍കപ്പെട്ടത്. രാഷ്ട്രീയ പരിഗണന അല്പം പോലുമില്ലാതെയാണ് വീടുകള്‍ നല്‍കിയത്. കാരണം അത്തരം പരാതികള്‍ പ്രതിപക്ഷം പോലും ഉയര്‍ത്തിയിട്ടില്ല. രണ്ടരലക്ഷം ഫ്‌ലാറ്റുകള്‍ എന്നു വെച്ചാല്‍ രണ്ടരലക്ഷം കുടുംബങ്ങള്‍ അതായത് കുറഞ്ഞത് പത്ത് ലക്ഷം വോട്ടര്‍മാര്‍. അവരുടെ ജീവിതാഭിലാഷത്തിന്റെ പൂര്‍ത്തീകരണം. ഇത് സര്‍ക്കാരിനുള്ള പിന്തുണയ്ക്കുള്ള സ്ഥിരനിക്ഷേപമായി മാറും എന്നതാണ് അതിനകത്തെ രാഷ്ട്രീയം.
ക്ഷേമ പെന്‍ഷന്‍
ക്ഷേമപെന്‍ഷന്‍ ആരുടെയും കുത്തകയല്ല എന്ന് യു.ഡി.എഫ്. പറയുന്നത് ശരിയാണ്. എന്നാല്‍ യു.ഡി.എഫ് ഭരിച്ചപ്പോള്‍ ഒട്ടും ശ്രദ്ധിക്കാതിരുന്ന കാര്യം, അതേസമയം ഏറ്റവും പ്രധാന കാര്യം പിണറായി സര്‍ക്കാര്‍ ശ്രദ്ധിച്ചു എന്നിടത്താണ് ആ നേട്ടത്തിന്റെ ക്രെഡിറ്റ് പിണറായിക്ക് പോകുന്നത്. പെന്‍ഷന്‍ ഉണ്ടായതു കൊണ്ടോ, വര്‍ധിപ്പിച്ചതു കൊണ്ടോ മാത്രം കാര്യമില്ല. അത് തക്കസമയത്ത് കിട്ടാനുള്ള സംവിധാനമാണ് വേണ്ടത്. വയസ്സായവര്‍ക്കാണല്ലോ പെന്‍ഷന്‍. അത് എത്രയോ മാസങ്ങള്‍ കഴിഞ്ഞ് ഒരുമിച്ച് കിട്ടുമ്പോഴേക്കും ഉപഭോക്താവ് മരിച്ചു പോകുക പോലും ചെയ്യാം. അത്യാവശ്യം നിര്‍വ്വഹിക്കാന്‍ കൃത്യമായി പെന്‍ഷന്‍ കിട്ടുക എന്നത് വലിയ സേവനം തന്നെയാണ്. ഇത് നേരത്തെ ഒരു സര്‍ക്കാരും ചെയ്യാറില്ല.
58 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ മാസാമാസം വീട്ടില്‍ കൊണ്ടുപോയി കൊടുക്കുക എന്ന ദുഷ്‌കരമായ സേവനം വളരെ കൃത്യമായി നടപ്പാക്കിയപ്പോള്‍ അത് സര്‍ക്കാരിന്റെ മികച്ച നിര്‍വ്വഹണശേഷിയുടെ തെളിവായി. ഇതിനകത്ത് സി.പി.എം. കണ്ട മറ്റൊരു വലിയ രാഷ്ട്രീയപ്രവര്‍ത്തനം കൂടിയുണ്ട്. എല്ലാ മാസവും ഓരോ കുടുംബത്തിലും എത്തിക്കുന്ന സര്‍ക്കാര്‍ ആനുകൂല്യം പ്രായമായവരെ മാത്രമല്ല മറ്റ് കുടുംബാംഗങ്ങളെയും സ്വാധീനിക്കുന്ന ഘടകമാണ്. വീടുകളുമായുള്ള ജൈവബന്ധം സൂക്ഷിക്കാന്‍ കഴിയുന്നു എന്നതിലൂടെ രാഷ്ട്രീയമായ ഒരു സര്‍വ്വേയുടെ ഗുണം തന്നെ ഈ പെന്‍ഷന്‍ വിതരണ പദ്ധതി വഴി സാധിക്കുന്നുണ്ട്.
മദ്യത്തിന് വില കുറയ്ക്കല്‍, പിടിച്ചുവെച്ച ശമ്പളം തിരിച്ചു നല്‍കല്‍
ഇത് രണ്ടും തിരഞ്ഞെടുപ്പിനു മുന്‍പേ ചെയ്യുന്നതിന്റെ നേട്ടം ഈ ആനുകൂല്യം ലഭ്യമാകുന്ന വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുക എന്നതാണ്. ജീവനക്കാരുടെ ശമ്പളം പിടിച്ചത് തിരിച്ചുനല്‍കിയില്ല എന്ന വിമര്‍ശനം തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ കടന്നു വരാതിരിക്കാനുള്ള നീക്കം കൂടിയാണ് സര്‍ക്കാരിന്റെത്. ഐ.ടി-ഐ.ടി. അനുബന്ധ മേഖലകളില്‍ പ്രഖ്യാപിച്ച ക്ഷേമനിധി വളര്‍ന്നു വരുന്ന വലിയൊരു തൊഴില്‍ മേഖലയിലേക്കുള്ള സര്‍ക്കാരിന്റെ ആനുഭാവസമീപനമായി വിലയിരുത്തുന്നത് രാഷ്ട്രീയനേട്ടമായി മാറ്റാന്‍ ഇടതുമുന്നണിക്ക് കഴിയും.
സ്പ്രിന്‍ക്‌ളര്‍ മുതല്‍ ആഴക്കടല്‍ മീന്‍പിടുത്തം വരെയുള്ള വിവാദങ്ങളിലല്ല വികസനപദ്ധതികളിലും ആനുകൂല്യങ്ങളിലുമാണ് സര്‍ക്കാര്‍ അളക്കപ്പെടാന്‍ പോകുന്നത് എന്ന കണക്കു കൂട്ടലാണ് ഇടതുമുന്നണിക്ക്. പ്രതിപക്ഷമാകട്ടെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ആരോപണങ്ങളില്‍ ചിലതെല്ലാം ഊതിവീര്‍പ്പിച്ചതാണെന്നു സംശയം തോന്നുന്ന രീതിയില്‍ പിന്നീട് വേണ്ടത്ര തെളിവില്ലാതെയും മുന്‍പ് പറഞ്ഞത്ര ഗുരുതരമല്ലാതെയും പോയത് ഫലത്തില്‍ സര്‍ക്കാരിന് അനുകൂലമാകുകയാണ് ചെയ്തിരിക്കുന്നത്. വിവാദങ്ങള്‍ക്കു പിറകെ പോകാതെ വികസനത്തെക്കുറിച്ചു മാത്രം സംസാരിക്കുക എന്ന് മുഖ്യമന്ത്രി കര്‍ക്കശമായി കഴിഞ്ഞ ദിവസം പോലും നിര്‍ദ്ദേശിച്ചത് തതന്നെയാണ് ഏപ്രിലില്‍ ഇടതുമുന്നണിയുടെ പ്രചാരണ അജണ്ടയുടെ മര്‍മ്മം എന്നത് വ്യക്തം.
പ്രതിപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്
സ്പ്രിന്‍ക്‌ലര്‍ മുതല്‍ സ്വര്‍ണക്കടത്തു വരെയുള്ള വിവാദപ്പെരുമഴയുടെ ഇടവേളയില്‍ എത്തിയ തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം പ്രതീക്ഷിച്ച യു.ഡി.എഫ്. പക്ഷേ നേരിട്ടത് വന്‍ പരാജയമായിരുന്നു. അതിന്റെ ആഘാതത്തില്‍ നിന്നും ഇപ്പോള്‍ പ്രതിപക്ഷം പുറത്തുകടന്നിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും സംസ്ഥാനത്തേക്കുള്ള വരവ് പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പുതന്ത്രങ്ങളുടെ മുനയ്ക്ക് മൂര്‍ച്ച കാര്യമായി കൂട്ടിയിട്ടുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കര്‍ക്കശ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൂടിയാകുമ്പോള്‍ യു.ഡി.എഫിന്റെ ആക്രമണോല്‍സുകത കൂടും. ഇടതുമുന്നണിക്ക് ഭരണമുള്ളതിനാല്‍ അവര്‍ തന്നെയായിരിക്കും തുടര്‍ഭരണത്തിനായുള്ള ഓട്ടത്തില്‍ മുന്നില്‍. എന്നാല്‍ പിറകെ ഓടി മുന്നിലെത്താനുള്ള തന്ത്രങ്ങളാണ് പ്രതിപക്ഷം ഒരുക്കുന്നത് എന്നാണ് രമേശ് ചെന്നിത്തല തന്റെ കേരളയാത്രയിലുടനീളം സൂചിപ്പിച്ചത്.
എന്തായാലും കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത സാഹചര്യമാണിത്. ഭരിക്കുന്ന മുന്നണി വീണ്ടും തുടര്‍ഭരണം കിട്ടുമെന്ന വലിയ പ്രതീക്ഷയില്‍ നീങ്ങുന്ന ആദ്യത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തിനാണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.