മുന്‍ ചീഫ് ജസ്റ്റിസും ഇപ്പോള്‍ ബി.ജെ.പി. നോമിനേറ്റ് ചെയ്ത രാജ്യസഭാ എം.പി.യുമായ രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗികാരോപണകേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. കേസ് അന്വേഷിച്ച എ.കെ.പട്‌നായിക് ഇതുവരെയും ഒരു നിഗമനത്തില്‍ എത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ടു വര്‍ഷം കടന്നു പോയിരിക്കുന്നു. കേസിലെ ഗൂഢാലോചന പരിശോധിക്കാനാവശ്യമായ ഇലക്ട്രോണിക് തെളിവുകള്‍ കാര്യമായി നിലനില്‍ക്കുന്നില്ല-കോടതി വിലയിരുത്തി.
2018-ല്‍ രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ സുപ്രീംകോടതിയിലെ ജീവനക്കാരി തന്നെയാണ് ലൈംഗികാരോപണം ഉന്നയിച്ചത്.
ജീവനക്കാരിയെ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആയി ഗൊഗോയിയുടെ വീട്ടില്‍ നിയമിക്കുകയായിരുന്നു. ഇതിനുള്ള പ്രതിഫലമായി തന്നെ ചൂഷണം ചെയ്തു എന്നായിരുന്നു സ്ത്രീയുടെ പരാതി. അവര്‍ സുപ്രീംകോടതിയിലെ 22 ജഡ്ജിമാര്‍ക്കും പരാതി അയച്ചു. തുടര്‍ന്ന് രാജ്യത്തെ നാല് വെബ് പോര്‍ട്ടലുകള്‍ ഈ ലൈംഗികപരാതി വാര്‍ത്ത പ്രസിദ്ധീകരിച്ചു.
ചീഫ് ജസ്റ്റിസിനും കോടതിക്കും എതിരായ ഗൂഢാലോചനയുണ്ടോ എന്ന കാര്യം അന്വേഷിക്കാന്‍ 2019 ഏപ്രില്‍ 25-ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിന്‍ടന്‍ നരിമാന്‍, ദീപക് ഗുപ്ത എന്നിവരുടെ ബഞ്ച് നിര്‍ദ്ദേശിച്ചു.
ഈ കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന കാര്യം ആരും നിഷേധിച്ചിട്ടില്ലെന്ന് കോടതി പ്രത്യേകം പരിഗണിച്ചു. ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ടും പരിഗണിച്ചു. ആസ്സാമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്ന വിഷയത്തില്‍ രഞ്ജന്‍ ഗൊഗോയിക്കെതിരെ പല ആളുകള്‍ക്കും അസംതൃപ്തി ഉണ്ടായിരുന്നു എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്.