യൂറോപ്യന്‍ രാജ്യങ്ങളില്‍ ആയിരക്കണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍ ബാറുകളും ഡാന്‍സ് ബാറുകളുമാക്കി മാറ്റിക്കഴിഞ്ഞുവെന്നും ഒരാള്‍ക്കും ഒരു പ്രശ്‌നവുമില്ലല്ലോ എന്നും പ്രസംഗിച്ച ചാണ്ടി ഉമ്മനെതിരെ കെ.സി.ബി.സി. ശക്തമായ പ്രസ്താവനയുമായി രംഗത്തെത്തി. അബദ്ധം പിണഞ്ഞ ചാണ്ടി ഉമ്മന്‍ ഖേദപ്രകടനം നടത്തി വിവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ക്രൈസ്തവ സഭാരോഷം അടങ്ങിയിട്ടില്ല. യുവനേതാക്കള്‍ ചരിത്രമറിയാതെ നടത്തുന്ന പ്രസംഗങ്ങള്‍ വേദനയുണ്ടാക്കുന്നു എന്ന് പേര് സൂചിപ്പിക്കാതെ കെ.സി.ബി.സി. പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
പത്ത് ദിവസം മുമ്പ് യൂത്ത് ലീഗ് സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച ഹലാല്‍ സ്റ്റിക്കര്‍ വിവാദം സംബന്ധിച്ച പരിപാടിയിലായിരുന്നു ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗം. അത് ഇങ്ങനെയായിരുന്നു–ആയിരക്കണക്കിന് പള്ളികളാണ് വെസ്റ്റില്‍, സ്‌പെയിനില്‍, ഇംഗ്ലണ്ടില്‍ ബാറുകളായി മാറുന്നത്. യാതൊരു ബുദ്ധിമുട്ടും ഇവര്‍ക്കില്ലല്ലോ. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ. ആയിരക്കണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഇവിടെ ബാറുകളായി മാറി…ഡാന്‍സ് ബാറുകളായി മാറി….നഷ്ടമുണ്ടായിട്ടുണ്ടോ ആര്‍ക്കെങ്കിലും…
തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളി ഉള്‍പ്പെടെ മുസ്ലീം പള്ളിയാക്കി മാറ്റിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പ്രസംഗിച്ചു.

900 വര്‍ഷം പഴക്കമുള്ള ഹാഗിയ സോഫിയ നിര്‍ബന്ധപൂര്‍വ്വം മുസ്ലീം പള്ളിയാക്കിയ സംഭവത്തെ പിന്തുണച്ച് മുസ്ലീംലീഗ് രംഗത്തു വന്നിരുന്നത് നേരത്തെ കേരളത്തിലെ ക്രിസ്ത്യന്‍ സഭാവിശ്വാസികളില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കിയിരുന്ന കാര്യമാണ്. ലീഗുമായി ക്രൈസ്തവ സഭകള്‍ നീരസത്തില്‍ നില്‍ക്കുകയും ചെയ്തിരുന്നു.
ഇതൊന്നും ചിന്തിക്കാതെയാണ് ചാണ്ടി ഉമ്മന്‍ ആവേശഭരിതനായി ഹാഗിയ സോഫിയയുടെ പരിണാമത്തെ ഉള്‍പ്പെടെ നിസ്സാരമാക്കി ആര്‍ക്കും ഇതു കൊണ്ട് ഒരു പ്രശ്‌നമുണ്ടായിട്ടില്ലെന്ന രീതിയില്‍ പ്രസംഗിച്ചത്. എന്നാല്‍ ഹാഗിയ സോഫിയ പ്രശ്‌നം ക്രിസ്തുമതവിശ്വാസികള്‍ക്ക് അപരിഹാര്യമായ വേദനയാണുണ്ടാക്കിയതെന്നും ചരിത്രമറിയാതെ പ്രസംഗിക്കുന്ന യുവനേതാക്കള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും കെ.സി.ബി.സി. പ്രസ്താവനയില്‍ വിമര്‍ശിക്കുന്നു.
വിവാദത്തില്‍ നിന്നും തലയൂരാന്‍ ചാണ്ടി ഉമ്മന്‍ ക്ഷമാപണ വീഡിയോയുമായി രംഗത്തു വന്നു. തന്റെ പ്രസംഗം 90,000 ആളുകള്‍ യു-ട്യൂബില്‍ കണ്ടിട്ടുണ്ടെന്നും അപ്പോഴൊന്നും വിവാദം ഉണ്ടായില്ലെന്നും ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്തതാണ് പ്രശ്‌നമായതെന്നും ചാണ്ടി ഉമ്മന്‍ വിശദീകരിക്കുന്നു. എന്നാല്‍ തനിക്ക് ചെറിയ പിശക് സംഭവിച്ചതായും അദ്ദേഹം ഏറ്റു പറയുന്നുണ്ട്. വ്യാജ ക്രിസ്ത്യന്‍ ഐഡിയില്‍ നിന്നും എന്നാണ് ഉദ്ദേശിച്ചതെന്നും എന്നാല്‍ പറഞ്ഞു വന്നപ്പോള്‍ ഫെയ്ക്ക് എന്ന പദം വിട്ടുപോയതാണെന്നും ചാണ്ടി ഉമ്മന്‍ മാപ്പു പറയല്‍ വീഡിയോയില്‍ പറയുന്നു.
യു.ഡി.എഫില്‍ നിന്നും ക്രിസ്ത്യന്‍ സഭകള്‍ അകന്നുവെന്ന പ്രചാരണം ശക്തമായ കാലത്ത് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കിയ ചാണ്ടി ഉമ്മന്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.