അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പരിപാലനത്തില്‍ ഇന്ത്യ പുതിയ ചക്രവാളങ്ങളിലേക്ക് വികസിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് സൊസൈറ്റി ഓഫ് മിഡ് വൈഫ്‌സ് ഓഫ് ഇന്ത്യ(SOMI)യുടെ ത്രിദിന ദേശീയ സമ്മേളനം സമാപിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പൂര്‍ണമായും സൂം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലായിരുന്നു സമ്മേളനം. ‘മിഡ് വൈഫറിയിലെ പ്രായോഗിക വിദ്യാഭ്യാസപദ്ധതികള്‍- അമ്മമാരുടെയും മിഡ് വൈഫുമാരുടെയും അനുഭവങ്ങളും പ്രതീക്ഷകളും’ എന്ന സന്ദേശമായിരുന്നു സമ്മേളനത്തിലെ മുഖ്യചര്‍ച്ചാവിഷയം.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ അഡീഷണല്‍ കമ്മീഷണര്‍ ഡോ. എസ്.കെ. സിക്ദര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ‘സോമി’ ദേശീയ അധ്യക്ഷ മിതാലി അധികാരി ചടങ്ങില്‍ അധ്യക്ഷയായി. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. ടി. ദിലീപ്കുമാര്‍, ടെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡണ്ട് ഡോ. റോയ് കെ. ജോര്‍ജ്ജ്, ഇന്ത്യന്‍ നഴ്‌സിങ് എജുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. ജോളി ജോസ്, നഴ്‌സിങ് സര്‍വ്വീസസ് അഡീഷണല്‍ ഡയറക്ടര്‍ എം.ജി.ശോഭന, കേരള നഴ്‌സിങ് ആന്റ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രാര്‍ ഡോ. സെലീന ഷാ, സോമി കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. എം.സിന്ധുദേവി എന്നിവര്‍ സമ്മേളനത്തിന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

പ്ലീനറി സെഷനുകള്‍, സെമിനാറുകള്‍, പാനല്‍ സംവാദങ്ങള്‍, സ്‌കില്‍ സ്റ്റേഷനുകള്‍, വിവിധ ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം എന്നിവയും മൂന്നു ദിവസത്തെ സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണീയതയായിരുന്നു.