Categories
opinion

അതിനൊരു തുടര്‍ച്ച തന്നെയാണ് അഭികാമ്യം..

മാതൃഭൂമി മുന്‍ സീനിയര്‍ റിപ്പോര്‍ട്ടറും ഇപ്പോള്‍ മാധ്യമ അധ്യാപകനുമായ ബൈജു കോട്ടയില്‍ എഴുതുന്നു

Spread the love

തുടര്‍ച്ച എന്ന വാക്കിന് സൗന്ദര്യവും പലവിധ അര്‍ത്ഥങ്ങളും ഉണ്ടാകുന്നത് ഈ തിരഞ്ഞെടുപ്പുകാലത്ത് അതിന്റെ പ്രയോഗ സാധ്യതയെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുമ്പോഴാണ്.

ആ സാധ്യത ഉപയോഗിക്കുന്നത് അത്ര പരിചിതമല്ലാത്ത ഇടമാണ് കേരളം എന്ന് നമ്മള്‍ കാലങ്ങളായി കരുതിപ്പോരുന്നു.തുടര്‍ച്ച എന്നതിനെ ജനാധിപത്യ വിരുദ്ധമായ ഒന്നായി വ്യാഖ്യാനിക്കുന്നവരുണ്ട്.നിഷ്‌ക്രിയമായ പുതുമകളില്ലാത്ത തുടര്‍ച്ചയാണ് പലപ്പോഴും ഡെമോക്രാറ്റിക്കലല്ലാതായി തീരുന്നത്.പക്ഷേ ആധുനിക ജനാധിപത്യ വ്യവസ്ഥിതിയില്‍ ചില തുടര്‍ച്ചകള്‍ സൗന്ദര്യാത്മകമാണ്. കേരളത്തില്‍ ഒരു ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന് ഇത്ര ആത്മവിശ്വാസത്തോടെ ചര്‍ച്ച ചെയ്യുന്ന ഘട്ടം ഉണ്ടായിട്ടില്ല.ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോഴും മുന്‍വിധികളോടെ മാത്രം തിരഞ്ഞെടുപ്പു പ്രവചനങ്ങള്‍ ഇറങ്ങാറുണ്ട്.മാറ്റത്തിന് സമയമായി എന്ന രീതിയില്‍.എന്നാല്‍ അങ്ങനെയൊരു പ്രവചനത്തിന് നിന്നുകൊടുക്കാന്‍ ആരും തയ്യാറാവുന്നില്ലെന്നുമാത്രമല്ല തുടര്‍ച്ച ഒരു അനിവാര്യതയായി വിലയിരുത്തപ്പെടുകയും ചെയ്യുകയാണ്.കേവലം ഒരു ഭരണത്തുടര്‍ച്ച എന്ന സങ്കല്‍പ്പത്തില്‍ മാത്രം ഒതുക്കേണ്ടതല്ല അതിനെ.പ്രതിരോധത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും കൂടി തുടര്‍ച്ചയാവണമെന്ന ജനാഭിലാഷമാണ് അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളത്.

thepoliticaleditor

ഒരു രാജ്യമാകെ ഭൂരിപക്ഷാമതാധികാരത്തിന്റെയും ബ്രാഹ്മണിക്കല്‍ ഹെജിമണിയുടെയും പ്രത്യയശാസ്ത്രം വിളംബരം ചെയ്യുമ്പോള്‍ രാമക്ഷേത്ര നര്‍മ്മാണത്തിന് സകലസംസ്ഥാനങ്ങളും പ്രതിപക്ഷമെന്നോ ഭരണപക്ഷമെന്നോ വ്യത്യാസമില്ലാതെ പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ മൃദുഹിന്ദുത്വ വഴികള്‍ സ്വീകരിച്ച് വലതുപക്ഷരാഷ്ട്രീയ കക്ഷികള്‍ അതിന് കീഴ്‌പ്പെടുമ്പോള്‍ ചെറുത്തു നില്‍പ്പിന്റെ സ്വരം അല്‍പ്പെങ്കിലും ഉയരുന്നത് ഈ കേരളത്തിലാണെന്ന ബോധ്യമുണ്ട്.

ബൈജു കോട്ടയില്‍

പൗരത്വ നിയമഭേദഗതിക്കെതിരെ ഒരു സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കുന്നതിന് തുടക്കം കുറിച്ചത് നമ്മുടെ സംസ്ഥാനത്തു നിന്നാണ്.ഒരു കാരണവശാലും അതിവിടെ നടപ്പാക്കില്ലെന്ന് അസന്നിഗ്ദ്ധമായി പറയുന്ന മുഖ്യമന്ത്രിയും നമ്മുടേതാണ്.ആശയപരമായി സംഘ് അജണ്ടകളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം കരുത്തരാണ് എന്ന് ഈ കേരള ഭരണം അടിവരയിടുന്നു.സംഘിന്റെ തത്വശാസ്ത്രങ്ങളെ എതിര്‍ക്കാന്‍ കെല്‍പ്പില്ലാത്തവിധം കേരളത്തിലെ പ്രതിപക്ഷം മൃദുസംഘികളുടെ കൂടാരമായി മാറിയെന്നതാണ് വലിയൊരു ദുരന്തം.ആശയതലത്തില്‍ ഒരിക്കലും അവര്‍ക്ക് സംഘപരിവാറിനെ എതിര്‍ക്കാനാവുന്നില്ല.എളുപ്പത്തില്‍ കടന്നുകയറാവുന്ന ഒരു ഭൂമികയായി കേരളത്തെ ഇപ്പോഴും കാണാന്‍ ഹിന്ദുത്വഫാസിസത്തിന് കഴിയുന്നില്ല.കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതുഭരണത്തിലൂടെ കേരളത്തെ നമ്മള്‍ കണ്ടത് ഹിന്ദുത്വക്കെതിരെ കോട്ടകെട്ടുന്ന ഒരു ഇടമായിട്ടുകൂടിയാണ്.അതിനാല്‍ ജനക്ഷേമമെന്ന ഒറ്റക്കളളിയില്‍ മാത്രമൊതുക്കി നിര്‍ത്താനാവില്ല ഈ ഭരണത്തെ.ഒരു പക്ഷേ ഹിന്ദുത്വക്ക് വഴങ്ങുന്ന,അതിനെ ആശയപരമായി ചെറുക്കാന്‍ ശേഷിയില്ലാത്ത സര്‍ക്കാരാണ് ഇവിടെയുണ്ടായിരുന്നതെങ്കില്‍ കഥ മാറിയേനേ.

മൂന്നു വര്‍ഷം മുന്‍പ് അമിത് ഷാ വടക്കന്‍ മലബാറില്‍ ഒരു ഷോ കാണിച്ചിരുന്നു.ആ ഗ്രാമത്തില്‍ കാല്‍നടയാത്രയൊക്കെ നടത്തി വര്‍ഗീയതയുടെ വിത്തുപാകാന്‍ ഒരു ശ്രമം.ഈ മണ്ണ് അതിന് പാകമായിട്ടില്ലെന്ന തിരിച്ചറിവില്‍ ഷാ മടങ്ങുകയും ചെയ്തു.ഇത്രയേ ഇവിടെ സംഭവിക്കൂ എ്ന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ അമിത് ഷാ കേരളത്തെക്കുറിച്ച് പിന്നെ അമിതാവേശമൊന്നും കാട്ടിയിട്ടില്ല.അടുത്തത് കേരളം പിടിക്കും എന്നു പറയാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നു മാത്രം.വലിയൊരു മതേതര സമൂഹത്തിന്റെ പ്രസന്‍സ് കേരളത്തിനുണ്ട്.എന്തൊക്കെ അപകടകരമായ വര്‍ഗ്ഗീയത കളിച്ചാലും നേരിടാന്‍ ഉറച്ച സര്‍ക്കാര്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്.ഇവിടത്തെ പൊതുവിദ്യാഭ്യാസവും പൊതുവിതരണ സമ്പ്രദായവും പൊതുജനാരോഗ്യവും നിലച്ചു പോകാതെ മുന്നോട്ടു പോകണമെന്നാഗ്രഹിക്കുന്നവരുണ്ട്.സ്വന്തമായി വീടുകിട്ടിയതിന്റെ സന്തോഷത്തില്‍ രണ്ടര ലക്ഷം കുടുംബങ്ങള്‍ പുഞ്ചിരിക്കുന്നത് നമ്മള്‍ കണ്ടു.അവര്‍ മാത്രമല്ല,ഇനിയും ഒട്ടേറെപ്പേര്‍ക്കിടിയില്‍ പുഞ്ചിരി വിരിയേണ്ടതുണ്ട്.അഴിമതിയുടെ നിത്യ സ്മാരകമാകുമായിരുന്ന പാലാരിവട്ടം പാലത്തെ പുതുക്കിപ്പണിത ഇച്ഛാശക്തി കെട്ടുപോകാതെയിരിക്കേണ്ടതുണ്ട്.

അതിനൊരു തുടര്‍ച്ച തന്നെയാണ് അഭികാമ്യം….

Spread the love
English Summary: LEFT RULE MUST GET A SECOND TERM IN KERALA SAYS BYJU KOTTAYIL, A PROMINENT MEDIA MAN.

One reply on “അതിനൊരു തുടര്‍ച്ച തന്നെയാണ് അഭികാമ്യം..

തുടർച്ച എന്ന വാക്കിെൻ്റ അർഥം വിപുലമാണ്. പ്രത്യകിച്ച് അതൊരു positive അർഥത്തിലാകുന്ന കാലത്ത്

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick