ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡണ്ട് എസ്.സതീഷിനെയും സെക്രട്ടറി എ.എ. റഹീമിനെയും ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം അഖിലേന്ത്യാ ഭാരവാഹികളായി തിരഞ്ഞെടുത്തതോടെ സംഘടനയ്ക്ക് കേരളത്തില്‍ പുതിയ നേതൃത്വം വരാന്‍ സാധ്യത.
സതീഷിനെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടായും റഹീമിനെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും ആണ് തിരഞ്ഞെടുത്തത്. ഇവര്‍ ഇരുവരും ഒപ്പം സംസ്ഥാന ട്രഷറര്‍ എസ്.കെ.സജീഷും നേരത്തെ തന്നെ കേന്ദ്രകമ്മിറ്റിയില്‍ ഉള്ളവരാണ്. ഇതിനു പുറമേ, കേരളത്തില്‍ നിന്നും അഞ്ച് പേരെ കൂടി പുതിയതായി കേന്ദ്രകമ്മിറ്റിയിലേക്ക് എടുത്തിട്ടുമുണ്ട്.
കോന്നി എം.എല്‍.എ. കൂടിയായ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.യു. ജനീഷ്‌കുമാര്‍, സെക്രട്ടറിയറ്റ് അംഗം വി.കെ. സനോജ്, എസ്.എഫ്.ഐ. മുന്‍ സംസ്ഥാന സെക്രട്ടറി എം.വിജിന്‍, യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, ഗ്രീഷ്മ അജയഘോഷ് എന്നിവരെയാണ് പുതിയതായി കേന്ദ്രക്കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഖിലേന്ത്യാതലത്തില്‍ സംഘടനയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ പുതിയ മാറ്റങ്ങള്‍ക്ക് കഴിയും.
റഹീമും സതീഷും പ്രവര്‍ത്തനം അഖിലേന്ത്യാതലത്തിലേക്ക് കേന്ദ്രീകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മാറ്റങ്ങള്‍ എങ്കില്‍ അവര്‍ സംസ്ഥാനഭാരവാഹി സ്ഥാനം ഒഴിയും. ഇപ്പോള്‍ പുതിയതായി കേന്ദ്രക്കമ്മിറ്റിയിലേക്ക് കൊണ്ടുവന്നിട്ടുള്ള ജനീഷ്‌കുമാര്‍, വിജിന്‍, സനോജ് എന്നിവര്‍ സംസ്ഥാന പ്രസിഡണ്ട് , സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടാനും ഇടയുണ്ട്.
നിലവില്‍ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും ജനറല്‍ സെക്രട്ടറി പശ്ചിമബംഗാളിലെ അഭോയ് മുഖര്‍ജിയും ആണ്. ബല്‍ബിര്‍ പരാശര്‍ ആണ് ട്രഷറര്‍. വൈസ് പ്രസിഡണ്ടുമാരില്‍ കേരളത്തിന് ഇതുവരെ പ്രാതിനിധ്യം ഇല്ലായിരുന്നു. ജോയിന്റ് സെക്രട്ടറിമാരില്‍ മുന്‍ സംസ്ഥാനപ്രസിഡണ്ട് ആയ എം.സ്വരാജ് എം.എല്‍.എ. ഉണ്ട്. കേരളത്തിന്റെ കണക്കില്‍ പെടില്ലെങ്കിലും മലയാളിയായ പ്രീതി ശേഖര്‍ കൂടി ജോയിന്റ് സെക്രട്ടറിയായി ഉണ്ട്. കേന്ദ്രക്കമ്മിറ്റിയിലേക്ക് പുതിയതായി അഞ്ച് പേരെ പുതിയതായി ഉള്‍പ്പെടുത്തിയതോടെ കേരളത്തിന് മൊത്തം വലിയ പ്രാതിനിധ്യമാണ് ലഭിച്ചിരിക്കുന്നത്.