ജീവനും ജലവും തേടി ചുവന്ന ഗ്രഹമായ ചൊവ്വയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ‘പെര്‍സെര്‍വന്‍സ് റോവര്‍ ദൗത്യം’ തുടങ്ങി.. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടു മണിക്ക് ചൊവ്വയിലെ ഏറ്റവും അപകടകരമായ ദൗത്യം എന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പേരിട്ട പദ്ധതിയുടെ ആദ്യഘട്ടം വിജയകരം. ചരിത്രത്തിലെ ഏറ്റവും കൃത്യമായ ലാന്റിങ് എന്നാണ് നാസ വിവരിച്ചിരിക്കുന്നത്.
പെര്‍സിഷന്‍ റോവര്‍ എന്ന് പേരിട്ട വാഹനമാണ് ചൊവ്വയില്‍ ഇറങ്ങിയത്, ഒപ്പം ഒരു എന്‍ജിനിയര്‍ ഹെലികോപ്റ്ററും ഉണ്ട്. റോവറിന് 1000 കിലോ ഭാരമുണ്ട്. ആണവ ഊര്‍ജ്ജം കൊണ്ടാണ് ഇത് പ്രവര്‍ത്തിക്കുക. പത്ത് വര്‍ഷം ഇതിന് ചൊവ്വയില്‍ പ്രവര്‍ത്തിക്കാനുള്ള ആയുസ്സുണ്ട്. ഏഴ് യന്ത്രക്കൈകളും 23 ക്യാമറകളും പ്രതലം കുഴിക്കാനുള്ള ഡ്രില്ലിങ് യന്ത്രവും ഉള്‍പ്പെടെ റോവറിലുണ്ട്.
ആറ് ചക്രങ്ങളുള്ള റോബോട്ട് 47 മില്യന്‍ കിലോമീറ്ററുകള്‍ ഏഴു മാസം എടുത്ത് താണ്ടിയാണ് ചൊവ്വയില്‍ ഇറങ്ങിയത്. ഇറങ്ങാന്‍ എടുത്തത് ഏഴു മിനിറ്റ്. ഏറ്റവും അപകടകരവും സാഹസികവുമായതായിരുന്നു ആ ഏഴു മിനിറ്റുകള്‍ എന്നാണ് നാസയുടെ വിവരണം. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ തന്റെ ഓഫീസിലിരുന്ന് റോവറിന്റെ വിജയകരമായ ലാന്റിങ് വീക്ഷിച്ചു.
പെര്‍സിഷന്‍ മാര്‍സ് റോവര്‍ എന്ന വാഹനം ചൊവ്വയിലെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡില്‍ നിന്നും ഓക്‌സിജന്‍ വേര്‍തിരിച്ചുണ്ടാക്കും. ചൊവ്വയുടെ പ്രതലം കുഴിച്ച് ജീവന്റെയും ജലത്തിന്റെയും സാന്നിധ്യം വിശദ ഗവേഷണത്തിനായി സാമ്പിളുകള്‍ ശേഖരിക്കും. റോവറിലെ കാലാവസ്ഥാ വിശകലന ഉപകരണം ചൊവ്വയിലെ കാലാവസ്ഥയും പരിസ്ഥിതിയും പഠിക്കും.
റോവര്‍ ഇറങ്ങിയ ജാസിറോ ക്രേറ്റര്‍ ഒരിക്കല്‍ വലിയ തടാകം ഉണ്ടായിരുന്ന ഇടമാണെന്ന് നാസ ശാസ്ത്രജ്ഞര്‍ വിലയിരുത്തിയിട്ടുണ്ട്. അതിനാല്‍ വെള്ളം അവിടെ പ്രതലത്തിനടിയില്‍ ഉറപ്പായും ഉണ്ടാകും എന്നാണ് നിഗമനം. പ്രതലത്തിന്റെ അടിത്തട്ടിലെ ഫോസിലുകള്‍ ശേഖരിച്ച് പഠിച്ചാല്‍ ജീവന്റെ സാധ്യത ലഭ്യമാകും.