കര്‍ഷകസമരത്തിന് പിന്തുണയുമായി എത്തിയ സെലിബ്രിറ്റികളെ കണ്ട് കേന്ദ്രസര്‍ക്കാര്‍ ഞെട്ടിത്തരിച്ചുപോയപ്പോള്‍ അവര്‍ക്കെതിരെയും പരോക്ഷ ഭീഷണി, തുടര്‍ന്ന് ബോളിവുഡിലെ ചില സെലിബ്രിറ്റികളുടെ പിന്തുണക്കുറിപ്പുകള്‍…പക്ഷേ ലോകമാകെ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് വന്‍ പിന്തുണ കൈവന്നുകൊണ്ടിരിക്കയാണ് പ്രശസ്തരുടെ പിന്തുണ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ.
ലോകത്തെ മൂന്നു പ്രമുഖ വനിതകളുടെ പിന്തുണക്കുറിപ്പുകളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ കോടിക്കണക്കിന് പേരിലേക്ക് പ്രചരിച്ചത്.
- പോപ്പ് താരം റിഹാന്ന
- ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂണ്‍ബര്‍ഗ്
- അമേരിക്കന്‍ വൈസ് പ്രസിഡണ്ട് കമല ഹാരിസിന്റെ സഹോദരീ പുത്രിയും എഴുത്തുകാരിയുമായ മീന ഹാരിസ്.
ട്വിറ്ററില്‍ 110 ലക്ഷം ഫോളോവര്‍മാരുള്ള പോപ്പ് താരം റഹാനയ്ക്ക് കര്‍ഷകര്‍ നന്ദി പറഞ്ഞെ പറ്റൂ. ഇത്രയും വലിയ താരമായിട്ടും ഇന്ത്യന്‍ സര്‍ക്കാരിന്റെ അപ്രിയം ക്ഷണിച്ചുവരുത്തുമെന്ന് അറിഞ്ഞിട്ടും കര്‍ഷകര്‍ക്കു വേണ്ടി അവര്‍ ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍ സമയം ഒന്‍പതിന് ഇട്ട കുറിപ്പ് രണ്ടേകാല്‍ ലക്ഷം പേരാണ് റീട്വീറ്റ് ചെയ്തത്.
എന്തു കൊണ്ടാണ് നമ്മള്‍ ഇതിനെ( ഇന്ത്യയിലെ കര്‍ഷകരുടെ മുന്നേറ്റത്തെ)പറ്റി സംസാരിക്കാത്തത്? എന്നാണ് റിഹാന ട്വിറ്ററില്‍ കുറിച്ചത്.
നമ്മള്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നില്‍ക്കുന്നു എന്നായിരുന്നു ഗ്രേറ്റയുടെ പോസ്റ്റ്.
അമേരിക്കയിലെ കാപ്പിറ്റോള്‍ ആക്രമണത്തെയും ഇന്ത്യയിലെ കര്‍ഷകരുടെ ജനാധിപത്യസമരത്തിനെതിരായുള്ള അസഹിഷ്ണുതയും കേവലം യാദൃച്ഛികമല്ല എന്നാണ് മീനഹാരിസ് എഴുതിയത്. ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യവ്യവസ്ഥയ്ക്കു നേരെ ആക്രമണം ഉണ്ടായിട്ട് ഒരു മാസമാകും മുമ്പേ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിനും ഭീഷണി. ഇവ യാദൃച്ഛികമല്ല. ഇവയ്ക്ക് തമ്മില്‍ ഒരു ബന്ധമുണ്ട്. കര്‍ഷകസമരക്കാരെ പാരാമിലിട്ടറിയെ ഉപയോഗിച്ചും ഇന്റര്‍നെറ്റ് വരെ വിച്ഛേദിച്ചും നേരിടുന്നതിനെ എല്ലാവരും ഒരുമിച്ച് പ്രതിഷേധിക്കുക-മീന ഹാരിസ് കുറിച്ചു.
വന്‍ പ്രതികരണവും പിന്തുണയുമാണ് ഇവരുടെ കുറിപ്പുകള്‍ക്ക് ലോകമാകെ ലഭിച്ചത്. കൂടുതല്‍ പേര്‍ കര്‍ഷകസമരത്തെ പിന്തുണച്ച് രംഗത്തു വന്നുകൊണ്ടിരിക്കുന്നു. അപ്പോഴാണ് കേന്ദ്രസര്‍ക്കാര് പരോക്ഷഭീഷണിയുമായി രംഗത്തു വന്നത്. കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ സെന്‍സേഷണല്‍ ആയ വിഷയങ്ങളില്‍ സെലിബ്രിറ്റികള്‍ അഭിപ്രായം പറയുന്നതിനെതിരെയായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന. കര്‍ഷകനിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയത് പൂര്‍ണമായ സംവാദവു ചര്‍ച്ചയും നടത്തിയാണെന്ന് മന്ത്രാലയം അവകാശപ്പെട്ടു.( ഇത് എത്ര വലിയ കള്ളത്തരമാണെന്ന് ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ നന്നായി അറിയാം!!) ഇന്ത്യയ്‌ക്കെതിരായി നില്‍ക്കുന്ന ശക്തികള്‍ക്ക് പിന്തുണ പകരുന്ന തരം അഭിപ്രായങ്ങള്‍ രാജ്യത്തിന് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നു- ഇതായിരുന്നു വിദേശ കാര്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പ്.
ബിഗ്ബ്രദറിന്റെ ഈ കുറിപ്പ് വന്നതോടെ ബോളിവുഡിലെ ചില സെലിബ്രിറ്റികള്‍ സര്‍ക്കാരിനെ താങ്ങി രംഗത്തിറങ്ങിയിരിക്കയാണ്. കടുത്ത സംഘപരിവാര്‍ അനുയായിയായ കങ്കണ റണൗട്ട് ദേശദ്രോഹം എന്ന സ്ഥിരം പല്ലവിയുമായി റിഹാന്നയ്‌ക്കെതിരെയും ഗ്രേറ്റയ്‌ക്കെതിരെയും രംഗത്തു വന്ന് തന്റെ ബി.ജെ.പി. വിധേയത്വം വ്യക്തമാക്കിയിരുന്നു. ചൈനക്കാരെ സഹായിക്കാനാണേ്രത കര്‍ഷകര്‍ സമരം ചെയ്യുന്നത്-ഇതാണ് കങ്കണയുടെ വാദം!!
സര്‍ക്കാരിനു വേണ്ടി വാദിച്ച് വന്നിരിക്കുന്നവരില്‍ ഏറ്റവും അപ്രതീക്ഷിത വ്യക്തിത്വം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആണ്. ഇന്ത്യയുടെ കാര്യങ്ങള്‍ ഇന്ത്യക്കാര്‍ തീരുമാനിക്കണമെന്നും നമ്മുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും വിദേശ ശക്തികള്‍ പുറത്തു നിന്നു കാണുന്ന പോലല്ല കാര്യങ്ങള്‍ എന്നുമാണ് സച്ചിന്റെ ഉപദേശം.
സച്ചിനു പുറമേ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി, സംവിധായകന്‍ കരണ്‍ ജോഹര്‍, ഏകതാ കപൂര്‍ എന്നിവരാണ് കേന്ദ്രസര്‍ക്കാരിനെ സഹായിക്കാന്‍ രംഗത്തു വന്ന മറ്റ് പ്രമുഖര്‍.
എന്നാല്‍ ലോകത്താകെ ഇന്ത്യന്‍ കര്‍ഷകര്‍ നടത്തുന്ന സമരതത്തിന് വന്‍ പിന്തുണയാണ് റിഹാന്നയുടെയും ഗ്രേറ്റയുടെയും മീനയുടെയും കുറിപ്പുകളോടെ കിട്ടിക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ പേര്‍ സമരത്തിന്റെ വിശദാംശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തിരയുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മുഖം അനുദിനം ലോകത്തിനു മുന്നില്‍ വികൃതമായിക്കൊണ്ടിരിക്കയാണ്.