മെട്രോമാന്‍ ഇ.ശ്രീധരന്റെ വിവാദ പ്രതികരണങ്ങളില്‍ പരിഹാസവുമായി പ്രശസ്ത കഥാകാരന്‍ വി.എസ്.അനില്‍കുമാര്‍. അങ്കമാലിയിലെ പ്രധാനമന്ത്രിയാവാന്‍ പോകുന്ന ശ്രീധരന് സസ്യാഹാരികളുടെ വോട്ട് കൊണ്ട് മാത്രം ജയിക്കാനാവില്ലെന്നും ഭൂരിപക്ഷവും ഇറച്ചി ഭക്ഷിക്കുന്നവരാണെന്നും അനില്‍കുമാര്‍ നര്‍മമധുരമായി ഓര്‍മിപ്പിക്കുന്നു.
നിങ്ങള്‍ കാരണം ഞാന്‍ ഇന്ന് ബീഫും പൊറോട്ടയും വാങ്ങിക്കഴിച്ചു. നിങ്ങളുടെ വെറുപ്പ് സമ്പാദിക്കുന്നതില്‍ തനിക്ക് ലേശം പോലും വിഷമം ഇല്ല എന്നു പറഞ്ഞു കൊണ്ടാണ് അനില്‍കുമാര്‍ തന്റെ കുറിപ്പ് തുടങ്ങുന്നത്.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം.:
പ്രിയ ഇ.ശ്രീധരൻ എഞ്ചിനീയർ,
നിങ്ങൾ കാരണം ഇന്ന് ബീഫും പൊറോട്ടയും പാർസൽ വാങ്ങിച്ച് കഴിച്ചു. നിങ്ങളുടെ വെറുപ്പു സമ്പാദിക്കുന്നതിൽ എനിക്ക് ലേശം പോലും വിഷമമില്ല.
മാംസാഹാരികളെ നിങ്ങൾക്ക് ഇഷ്ടമില്ല എന്നു പറഞ്ഞല്ലോ. വിവരമുള്ളവരിൽ നിന്ന് ഉണ്ടാകാവുന്ന പറച്ചിൽ അല്ലത്. നിങ്ങൾക്ക് മാംസാഹാരം ഇഷ്ടമല്ല എന്നു പറയാം. മറ്റുള്ളവർ നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് കഴിക്കുന്നതിൻ്റെ പേരിൽ അവരെ വെറുക്കുന്നത് സംസ്ക്കാരലക്ഷണമല്ല.
നിങ്ങൾ വരുന്ന തെരഞ്ഞെടുപ്പിൽ ജയിച്ച് “അങ്കമാലിയിലെ പ്രധാനമന്ത്രി ” ആകാൻ പോവുകയാണല്ലോ.ബഹുത് അച്ഛാ…
തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ ഭൂരിപക്ഷം കിട്ടണം. ഒരു കണക്കു പറയാം: ലോക ജനസംഖ്യ 800 കോടിയാണെന്നു കരുതുക.അതിൽ 80 % മുതൽ 90% വരെ നോൺ വിജിറ്റേറിയൻസ് അഥവാ മാംസാഹാരികളാണ്. എന്നു വെച്ചാൽ 640 മുതൽ 720 വരെ കോടി ജനങ്ങൾ നിങ്ങളുടെ മറുപക്ഷത്താണ്.
ഇന്ത്യയിലും കേരളത്തിലും നിങ്ങൾ മത്സരിക്കാൻ പോകുന്ന ” അങ്കമാലി ” യിലും ഇതൊക്കെത്തന്നെയാണ് അവസ്ഥ. ഏതാണ്ട് ഒരു 1.45 ലക്ഷമാണ് ഒരോ നിയോജക മണ്ഡലത്തിലേയും വോട്ടർമാരുടെ കണക്ക്.സസ്യാഹാരികൾ 29,000 നും 14500 നും ഇടയ്ക്കേ വരു. ജയിക്കാൻ അതു പോരല്ലോ മെട്രോമാൻജി.നിങ്ങൾക്ക് ഇഷ്ടമില്ലാത്ത വരുടെ വോട്ടുകൾക്കു കൂടി അപേക്ഷിക്കേണ്ടി വരും.
നാണക്കേടല്ലേ എന്ന് ഞാൻ ചോദിക്കുന്നില്ല. അതിഗംഭീരമായ നിർമ്മാണ പദ്ധതികൾ വിജയിപ്പിച്ച നിങ്ങളുടെ അതിനീചമായ മണ്ടത്തരങ്ങൾ കേട്ട് നാണം കെട്ടിരിക്കുന്ന ഒരു മലയാളിയാണ് ,ഞാൻ.”ഏററം വന്നാലിത്ര വരാമോ ” എന്ന് കുഞ്ചൻ നമ്പ്യാർ ചോദിച്ചിട്ടുണ്ട്. നിരുത്തരവാദം വന്നാൽ ഇ.ശ്രീധരനോളം വരുമോ?
മഹാത്മാഗാന്ധിയെ കൊന്നവരെ ബഹുമാനിക്കുകയും പൂജിക്കുകയും ചെയ്യുന്നവരുടെ കൂടെയാണ് ഇപ്പോൾ ചേർന്നിരിക്കുന്നത് എന്ന് ഓർമ്മിപ്പിച്ചാൽ 88 കാരനായ നിങ്ങൾക്ക് എന്തെങ്കിലും തോന്നുമോ എന്നറിയില്ല.
വി.എസ്.അനിൽകുമാർ