ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗം വ്യാഴാഴ്ച ലോക്‌സഭയില്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചു. ബജറ്റിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയ രാഹുല്‍ 22 മിനിട്ടില്‍ 20 മിനിട്ടും സംസാരിച്ചത് കര്‍ഷകസമരത്തെക്കുറിച്ചായിരുന്നു. മോദിയുടെ രണ്ട് സുഹൃത്തുക്കളെ നിരന്തരം ബന്ധപ്പെടുത്തി കാര്‍ഷികനിയമങ്ങളില്‍ അദാനി-അംബാനിമാര്‍ക്ക് ഉണ്ടാകാന്‍ പോകുന്ന നേട്ടങ്ങളെ പരിഹസിച്ച് രാഹുല്‍ കത്തിക്കയറി. ബജറ്റിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്ന് മൂന്നു തവണ സ്പീക്കര്‍ മുന്നറിയിപ്പു നല്‍കിയിട്ടും രാഹുല്‍ വീണ്ടും കര്‍ഷകരെപ്പറ്റി മാത്രം സംസാരിച്ചു. മോദിയുടെ നയം നാം രണ്ട്, നമുക്ക് രണ്ട് എന്നാണെന്ന് പറഞ്ഞ് പരഹസിച്ചു.
രാഹുലിന്റെ പ്രസംഗത്തിന്റെ് പ്രസക്തഭാഗം :
ഇന്നലെ പ്രധാനമന്ത്രി കര്‍ഷക മൂവ്‌മെന്റിനെക്കുറിച്ച് പറഞ്ഞു എന്നാല്‍ കര്‍ഷകസമരത്തിന്റെ ഉള്ളടക്കത്തെപ്പറ്റിയും കാര്‍ഷികനിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തെപ്പറ്റിയും മിണ്ടിയില്ല. ഇന്നെങ്കിലും പ്രധാനമന്ത്രി മൂന്ന് കാര്‍ഷിക നിയമത്തെക്കുറിച്ച് പറയുമമെന്ന് വിചാരിച്ചു. യഥാര്‍ഥത്തില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തന്നെയാണ് ബജറ്റിലെ വിഷയങ്ങള്‍.
അതിനാല്‍ ആദ്യം നമുക്ക് കാര്‍ഷികനിയമത്തെ കുറിച്ച് സംസാരിക്കാം. ഏത് വ്യക്തിക്കും കാര്‍ഷിക വിളകള്‍ രാജ്യത്തെവിടെ നിന്നും എത്ര വേണമെങ്കിലും വാങ്ങാം. എങ്കില്‍ പിന്നെ ആരാണ് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും വാങ്ങാനും വിപണിയെ ആശ്രയിക്കുക. മാര്‍ക്കറ്റ് എന്ന സംവിധാനത്തെ ഇല്ലാതാക്കാനാണ് ഒന്നാമത്തെ നിയമം.
രണ്ടാമത്തെ നിയമം അനുസരിച്ച് വന്‍കിട സംരംഭകര്‍ക്ക് കാര്‍ഷകോല്‍പന്നങ്ങള്‍ എത്ര വേണമെങ്കിലും എവിടെ വേണമെങ്കിലും സംഭരിക്കാം. അതിന് അളവോ നിയന്ത്രണമോ ഇല്ല. അതു കൊണ്ടുതന്നെ രാജ്യത്തെ അവശ്യവസ്തുനിയമത്തെ ഇല്ലാതാക്കിയിരിക്കുന്നു രണ്ടാം നിയമം.
മൂന്നാം നിയമം അനുസരിച്ച് കര്‍ഷകന് സ്വന്തം വിളയുടെ വില സംബന്ധിച്ച് ഒരു അവകാശവും ഇല്ല. വന്‍കിടക്കാരന്‍ കുറഞ്ഞ വില നല്‍കിയാല്‍ പോലും അത് ചോദ്യം ചെയ്ത് കോടതിയില്‍ പോകാനോ തര്‍ക്കപരിഹാര ഫോറത്തെ സമീപിക്കാനോ കര്‍ഷകന് അവകാശമില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കുടുംബാസൂത്രണ മുദ്രാവാക്യമുണ്ടായിരുന്നു- നാം രണ്ട് നമുക്കു രണ്ട്. ഇപ്പോള്‍ നാല് വ്യക്തികളാണ് ഇന്ത്യയുടെ ഭരണം നടത്തുന്നത്. അതിനാല്‍ പഴയ മുദ്രാവാക്യം ഇപ്പോഴും ശരിയാണ്- നാം രണ്ട് ,നമുക്ക് രണ്ട്.
( ഇതിനിടെ സ്പീക്കര്‍ രാഹുലിനോട് ബജറ്റിനെപ്പറ്റി സംസാരിക്കാന്‍ ആവശ്യപ്പെടുന്നു. സഭയില്‍ ആരവം.)
രാഹുല്‍ തുടരുന്നു- കാര്‍ഷിക നിയമങ്ങളില്‍ ഒന്നാമത്തെത് നമ്മുടെ രണ്ട് സുഹൃത്തുക്കളില്‍ ഒരാള്‍ക്കു വേണ്ടിയാണ്. രാജ്യവ്യാപകമായി ധ്ാന്യങ്ങളും പഴങ്ങളും പച്ചക്കറികളും വിപണനം ആഗ്രഹിക്കുന്ന ഒരാള്‍ക്കു വേണ്ടി. നഷ്ടമാര്‍ക്കാണ്…മാര്‍ക്കറ്റുകളില്‍ പണിയെടുക്കുന്നവര്‍ക്ക്, ചെറു ബിസിനസ്സുകാര്‍ക്ക്, കടയുടമകള്‍ക്ക്.
രണ്ടാംനിയമം മറ്റൊരു സുഹൃത്തിനു വേണ്ടിയാണ്…രാജ്യമാകെ ധാന്യവും പഴവും പച്ചക്കറിയും സംഭരണത്തിന്റെ കുത്തക ആഗ്രഹിക്കുന്ന ആള്‍ക്കു വേണ്ടി. ഇന്ത്യയിലെ ധാന്യ സംഭരണത്തിന്റെ 40 ശതമാനം ആ സുഹൃത്തിന്റെ കയ്യിലാണിപ്പോള്‍.
( സ്പീക്കര്‍ വീണ്ടും ഇടപെടുന്നു, ബജറ്റിനെ കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെടുന്നു)
പ്രധാനമന്ത്രി പറയുന്നു, കര്‍ഷകര്‍ക്ക് അവസരം നല്‍കിയിരിക്കുന്നു എന്ന്. അതെ, അവര്‍ക്ക് മൂന്ന് നിയമങ്ങളിലൂടെ മൂന്ന് അവസരം നല്‍കിയിരിക്കുന്നു…പട്ടിണി, തൊഴിലില്ലായ്മ, ആത്മഹത്യ എന്നിവയാണവ.
( മൂന്നാമതും സ്പീക്കര്‍ ഇടപെട്ട് ബജറ്റിനെ കുറിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നു, രാഹുല്‍ അനുസരിച്ചില്ല)
രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് കൃഷിയാണ്. 40 ശതമാനം പേര്‍ ജീവിക്കുന്നത് കൃഷിയിലൂടെയാണ്. 40 ലക്ഷം കോടിയുടെ ബിസിനസ്സാണിത്. എന്നാല്‍ രണ്ടാമത്തെ സുഹൃത്ത് എല്ലാം വിലക്കുറവില്‍ വാങ്ങി സംഭരിക്കാന്‍ താല്‍പര്യപ്പെടുന്നു. എന്നിട്ട് കര്‍ഷകന്‍ കൂടുതല്‍ വില കൊടുത്ത് ഇതേ ഉല്‍പന്നം തന്നെ പിന്നീട് വിപണിയില്‍ നി്ന്നും വാങ്ങി വീട്ടാവശ്യത്തിനുപയോഗിക്കേണ്ട സാഹചര്യം വരും, ഒരു ഉപഭോക്താവായി മാറും.
( പാര്‍ലമെന്ററി കാര്യ മന്ത്രി ഈ ഘട്ടത്തില്‍ ഇടപെട്ടു. രാഹുല്‍ ബജറ്റിനെ പറ്റിയാണ് സംസാരിക്കേണ്ടത്. ഇത് സ്പീക്കറെ അവഹേളിക്കലാണ്- മന്ത്രി പറഞ്ഞു. എന്നാല്‍ രാഹുല്‍ തുടര്‍ന്നു)
രാജ്യത്തിന്റെ നട്ടെല്ല് കര്‍ഷകരും, തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമാണ്. സര്‍ക്കാരിന്റെ ലക്ഷ്യം ആ നട്ടെല്ല് രണ്ടായി തകര്‍ത്ത് രണ്ട് സുഹൃത്തുക്കള്‍ക്ക് വീതം വെച്ചു നല്‍കലാണ്.
അദാനി-അംബാനിമാരെ ലക്ഷ്യം വെച്ച് ആഞ്ഞടിച്ച രാഹുല്‍ അക്ഷരാര്‍ഥത്തില്‍ ഭരണപക്ഷത്തെ അസ്വസ്ഥരാക്കുക തന്നെ ചെയ്തു.