Categories
kerala

റാങ്ക്‌ലിസ്റ്റുകാരുടെ സമരത്തിലെ രാഷ്ട്രീയം:
ഇടതുപക്ഷം പ്രതിരോധത്തിലാകുന്നുവോ…

സമരം രാഷ്ട്രീയമാണ് എന്ന നിലയിലല്ല കാണേണ്ടത് രാഷ്ട്രീയമാനമുള്ളതാണ് എന്നു വേണം കാണാനെന്ന് സി.പി.എമ്മിലെ പലര്‍ക്കും അഭിപ്രായമുണ്ട്

Spread the love

അന്ന് ശബരിമല, ഇന്ന് യുവജനങ്ങളുടെ തൊഴില്‍ നിഷേധം…അന്ന് വിശ്വാസികള്‍, ഇന്ന് യുവജനങ്ങള്‍… കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവേ പുകയുന്ന പ്രതിഷേധത്തിന് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഉണ്ടായ രാഷ്ട്രീയാന്തരീക്ഷവുമായി ചില സമാനതകള്‍ കല്‍പിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. രണ്ട് അന്തരീക്ഷങ്ങളും സമാനം എന്ന് പറയാന്‍ കഴിയില്ലെങ്കിലും ഭരണത്തിനെതിരായി കിട്ടിയ വികാരപ്രകടന സന്ദര്‍ഭം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കമാണ് ശ്രദ്ധേയമാകുന്നത്. അതു പോലെ തന്നെ പ്രതിഷേധം തണുപ്പിക്കുന്നതിനു നയപരമായി നീങ്ങാതെ കടുംപിടുത്തിലൂടെ നേരിടുന്ന രീതിയും വിമര്‍ശനവിധേയമാകുന്നുണ്ട്.
ശബരിമല വിഷയത്തില്‍ ഇന്ന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നിലപാട്- വിധി വന്നാല്‍ എല്ലാവരുമായി ആലോചിച്ച് നടപ്പാക്കാന്‍ മാര്‍ഗം കണ്ടെത്തും എന്ന പ്രഖ്യാപനം-അന്ന് സ്വീകരിച്ചിരുന്നെങ്കില്‍ അന്ന് ആദ്യം വിധിയെ അനുകൂലിക്കുകയും പിന്നീട് രാഷ്ട്രീയലാഭം നോക്കി കളം മാറ്റിച്ചവിട്ടുകയും ചെയ്ത രാഷ്ട്രീയ-ജാതി-സമുദായ സംഘടനകളെ മുഴുവന്‍ കുരുക്കിലാക്കാനും അവരുടെ തലയിലേക്ക് കാര്യങ്ങള്‍ വെച്ചുകൊടുക്കാനും കഴിയുമായിരുന്നു എന്ന് ചിന്തിക്കുന്നവര്‍ സി.പി.എമ്മിന്റെ നേതൃനിരയില്‍ തന്നെ ധാരാളമുണ്ട്. എന്നാല്‍ മുഖ്യമന്ത്രി സ്വീകരിച്ച കര്‍ക്കശമായ നിലപാട് പാര്‍ടിയുടെതുമായി മാറുകയായിരുന്നു അന്ന്.
ഇന്ന് തലസ്ഥാനം കണ്ടുകൊണ്ടിരിക്കുന്ന യുവജന പ്രതിഷേധം വെറും രാഷ്ട്രീയ നാടകമാണെന്ന് പരിഹസിച്ചും ആക്ഷേപപിച്ചും സൈബര്‍ ആക്രമണങ്ങള്‍ നടത്തിയും സി.പി.എം. ചെറുതാക്കി കാണിക്കുമ്പോള്‍ സമരത്തെ യു.ഡി.എഫ്. ഏറ്റെടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അതു കൊണ്ടുതന്നെ സമരം രാഷ്ട്രീയമാണ് എന്ന നിലയിലല്ല കാണേണ്ടത് രാഷ്ട്രീയമാനമുള്ളതാണ് എന്നു വേണം കാണാനെന്ന് സി.പി.എമ്മിലെ പലര്‍ക്കും അഭിപ്രായമുണ്ട്.

മുന്നണിയില്‍ കാണുന്ന കുറച്ചു ചെറുപ്പക്കാരല്ല, പകരം കേരളത്തിലെ തൊഴില്‍ അന്വേഷകരുടെ മാനസികാവസ്ഥയാണ് പ്രതിപക്ഷം ചൂഷണം ചെയ്യാന്‍ പോകുന്നത് എന്ന കാര്യം ഇടതുപക്ഷം തിരിച്ചറിയണമെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ പലരും നിരീക്ഷിക്കുന്നത്.
താല്‍ക്കാലിക നിയമനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഇടതു ഭരണക്കാലത്തെ മാത്രം അനുഭവമല്ല എന്ന് അറിയാത്തവരല്ല കേരളീയര്‍. ഇന്ന് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകാരുടെ സമരത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം 2001 മുതല്‍ 2006 വരെയും 2011 മുതല്‍ 2016 വരെയും ചെയ്തതും മറ്റൊന്നല്ല. അതിനാല്‍ പ്രതിപക്ഷം പറയുന്ന ന്യായങ്ങള്‍ വോട്ടര്‍മാരില്‍ സ്വാധീനമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. എന്നാല്‍ കേരളത്തിലെ തൊഴിലന്വേഷകരുടെ സമൂഹം ഈ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന രീതിയോട് വിമര്‍ശനം ഉള്ളവരാണ് എന്ന കാര്യം പുറത്തു കാണുകയില്ലെങ്കിലും ശക്തമാണ്. താല്‍ക്കാലിക ജീവനക്കാരില്‍ വളരെ ന്യൂനപക്ഷം മാത്രമാണ് മെറിറ്റ് അടിസ്ഥാനത്തില്‍ ജോലിയില്‍ കയറുന്നത് എന്നതാണ് അതിനു കാരണം.

thepoliticaleditor

ഒരു പാട് സ്വാധീനങ്ങളുടെ മേഖലയാണ് താല്‍ക്കാലികനിയമനലോകം. അഭ്യസ്ഥ വിദ്യരുടെ വലിയ സമൂഹം പുറത്ത് കാത്തുനില്‍ക്കുമ്പോള്‍ എതിര്‍പ്പ് ഉയരുമെന്നത് ഉറപ്പാണ്. അതില്‍ രാഷ്ട്രീയം ഇല്ല. പുറത്തു പറയാത്ത ഒരു നീരസം ആയിരിക്കും ഉണ്ടാവുക. ഇത് ഒരു പക്ഷേ പ്രകടിപ്പിക്കുക ഒരു തിരഞ്ഞെടുപ്പ് മുന്നിലെത്തിയ സമയമാണെങ്കില്‍ ബാലറ്റിലൂടെ ആയിരിക്കും. വനിതാമതിലില്‍ അണിനിരന്ന ലക്ഷക്കണക്കിന് ഇടതുപക്ഷക്കാര്‍ തന്നെയാണ് ഇടതുമുന്നണിക്കെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതും.


ലാസ്റ്റ് ഗ്രേഡ് പട്ടികക്കാരുടെ സമരത്തോട് ആദ്യ ദിനം മുതല്‍ സര്‍ക്കാരും സി.പി.എം. സാമൂഹ്യമാധ്യമ ഗ്രൂപ്പുകളും സ്വീകരിച്ച നയം ഏറെ വിമര്‍ശിക്കപ്പെടുകയുണ്ടായി. കടുത്ത പരിഹാസമായിരുന്നു ആദ്യദിനമായ ഫെബ്രുവരി എട്ട് മുതല്‍. തൃശ്ശൂര്‍ സ്വദേശിയായ ലയ രാജേഷ് എന്ന യുവതി കരയുന്നത് തനി അഭിനയമാണെന്ന് സോഷ്യല്‍മീഡിയ വഴി സി.പി.എം.അനുഭാവികള്‍ പരിഹസിച്ചു. മന്ത്രിമാരായ തോമസ് ഐസകും, ഇ.പി. ജയരാജനും ഇതേ അഭിനയത്തെക്കുറിച്ച് കൂടുതല്‍ ഉറക്കെ വ്യാഖ്യാനിച്ചു. എന്നാല്‍ ഇടതുപക്ഷക്കാരായ ധാരാളം റാങ്ക്പട്ടികക്കാരെ പിറ്റേന്ന് അണിനിരത്തിക്കൊണ്ടാണ് സമരക്കാര്‍ അതിന് മറുപടി നല്‍കിയത്. ഇതോടെ ഡി.വൈ.എഫ്.ഐ. മധ്യസ്ഥറോളില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ ഉത്തരവാദിത്വത്തോടെ തന്നെ സമരക്കാരുമായി ചര്‍ച്ച നടത്തി. സര്‍ക്കാരുമായി അവരുടെ ചര്‍ച്ച ഫലപ്രദമായിരുന്നോ എന്നത് വ്യക്തമല്ല. കാരണം അവര്‍ സര്‍ക്കാരിനു വേണ്ടിയാണ് പലയിടത്തും സംസാരിച്ചത്. ചര്‍ച്ചയില്‍ ചില ധാരണകളുടെ പുറത്ത് സമരം തീര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും സമരക്കാര്‍ പിന്‍മാറിയില്ല. അതില്‍ രാഷ്ട്രീയം ഉണ്ടെന്ന് പറഞ്ഞാല്‍ തെറ്റല്ല. എന്നാല്‍ ലാസ്റ്റ് ഗ്രേഡുകാര്‍ മുന്നോട്ടു വെച്ച ഒരു ആവശ്യത്തില്‍ തട്ടിയാണ് ചര്‍ച്ച പൊളിഞ്ഞ് സമരക്കാര്‍ വഴങ്ങാതെയിരുന്നത് എന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹീം പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി.

ലാസ്റ്റ് ഗ്രേഡുകാര്‍ക്ക് പരമാവധി നിയമനം നല്‍കാനായി കുറച്ച് തസ്തിക സൃഷ്ടിക്കണം എന്നതായിരുന്നു സമരക്കാരുടെ ഡിമാന്റ്. ഇത് സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് എന്ന് റഹിം പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യം പൂര്‍ണമായും നിഷേധിക്കുന്നതിനു പകരം കാര്യം പരിശോധിക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷേ സമരത്തിന്റെ പരിണാമം മറ്റൊന്നായേനെ. അതിനു പകരം സമരക്കാര്‍ പുറത്ത് വെയില്‍ കൊള്ളുകയും അകത്ത് സെക്രട്ടറിയറ്റില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരജീവനക്കാരായി നിയമിക്കുന്ന തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നത് അവഹേളനപരമായി കേരളത്തിലെ തൊഴിലന്വേഷകര്‍ മനസ്സിലെടുത്താല്‍ അത് സര്‍ക്കാരിനുള്ള നിശ്ശബ്ദമായ എതിര്‍മനോഭാവമായി മാറാം. ഇതാണ് പ്രതിപക്ഷം മുതലെടുക്കാന്‍ ശ്രമിക്കുന്നതും.

യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും സംസ്ഥാനയാത്രകള്‍ നടന്നുവരികയാണിപ്പോള്‍. അത് അവലോകനം ചെയ്താല്‍ ഒരു കാര്യം തിരിച്ചറിയാം. എല്ലാ വേദികളിലും ഇടതുനേതാക്കള്‍ തൊഴില്‍സമരക്കാര്‍ക്കും യു.ഡി.എഫിനും മറുപടി പറഞ്ഞുകൊണ്ടിരിക്കയാണ്. മുന്‍പ് എല്‍.ഡി.എഫ്. ചില പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും യു.ഡി.എഫുകാരെ പ്രതിരോധത്തിലാക്കി മറുപടി പറയിക്കുകയുമാണ് ചെയ്തു വരാറുള്ളത്. ഇത്തവണം അത് നേരെ തിരിച്ചാണ് സംഭവിക്കുന്നതായി കാണുന്നത്. ഇത് തീര്‍ച്ചയായും എല്‍.ഡി.എഫിനെ സമ്മര്‍ദ്ദത്തിലാക്കിയരിക്കയാണ് എന്നതിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
2020 ഏപ്രില്‍ മുതല്‍ ഉയര്‍ന്നുവന്ന വിവാദങ്ങളൊന്നും വോട്ടാക്കി മാറ്റാന്‍ കഴിയാതിരുന്ന യു.ഡി.എഫിനും ബി.ജെ.പി.ക്കും തൊഴില്‍ രഹിതരുടെ സമരത്തില്‍ നിന്ന് ഒന്നും കിട്ടില്ല എന്ന് കരുതുന്നവരാണ് സി.പി.എം. ഉന്നത നേതൃത്വം. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം ഇത്തരം ചിന്തകളെ നിരാകരിക്കുന്ന കണക്കുകളാണ് മുന്നോട്ടുവെക്കുന്നത്. റദ്ദായ പൊലീസ് റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണം എന്ന ആവശ്യം ഉയര്‍ത്തിയത് പോലും ന്യായമാണെന്ന് പറഞ്ഞ് വൈകാരിക ചൂഷണത്തിന് യു.ഡി.എഫ് ശ്രമിക്കുന്നുണ്ട്. ഉദ്യോഗാര്‍ഥികളുടെ കണ്ണീര്‍ വീണ് എന്റെ കാല്‍ പൊള്ളി എന്നൊക്കെ ഫേസ്ബുക്കില്‍ ഉമ്മന്‍ചാണ്ടി എഴുതിവിടുമ്പോള്‍ അദ്ദേഹത്തിന്റെ തന്നെ വിശ്വാസ്യത തന്നെയാണ് കുറയുന്നത്. അതേസമയം സമരം നീട്ടിക്കൊണ്ടുപോകുമ്പോള്‍ അതിനെ പ്രതിപക്ഷം പിന്തുണയ്ക്കുന്നതിനെ ദേശീയ തലത്തില്‍ ഇടതുപക്ഷം ഇത്തരം സമരങ്ങളെ പിന്തുണയ്ക്കുന്നില്ലേ എന്ന ചോദ്യം കൊണ്ട് നേരിടാന്‍ കോണ്‍ഗ്രസ് മുന്നോട്ടു വന്നു കഴിഞ്ഞു. പിടിവാശി ഉപേക്ഷിച്ചാല്‍, ചില ഉറപ്പു നല്‍കലുകളിലൂടെ, വിട്ടുവീഴ്ചകളിലൂടെ സമരം അവസാനിപ്പിക്കാന്‍ ഇപ്പോഴും സര്‍ക്കാരിനോ ഇടതു പാര്‍ടികള്‍ക്കോ തന്നെയാണ് മുന്‍കൈ എടുക്കാനാവുക. അതില്‍ ദുരഭിമാനത്തിന്റെ കാര്യമില്ല എന്ന് മനസ്സിലാക്കണമെന്ന് ചിന്തിക്കുന്ന ധാരാളം പേര്‍ സി.പി.എമ്മില്‍ തന്നെയുള്ള തൊഴിലന്വേഷകരാണ്.

Spread the love
English Summary: protest-of-rank-holders-in-front-of-secretariet-becomes-more-political-left under strong pressure?

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick