ബാബാ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയ കൊവിഡ് വാക്‌സിന്‍ ‘കൊറോണില്‍’ -നെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പിന്തുണച്ചതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. ലോകാരോഗ്യ സംഘടനയും പതഞ്ജലിയുടെ അവകാശവാദം നേരത്തെ തളളിക്കളഞ്ഞിരുന്നു. ഫെബ്രുവരി 19-ന് ഇറക്കിയ പ്രസ്താവനയില്‍, തങ്ങള്‍ ഏതെങ്കിലും പാരമ്പര്യ മരുന്ന് പരിശോധിക്കുകയോ, ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.
മരുന്നുകളുടെ ധാര്‍മികത സംബന്ധിച്ച എല്ലാ മാനദണ്ഡങ്ങളും അട്ടിമറിക്കപ്പെട്ട സംഭവം എന്ന നിലയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കാവുന്ന ഒന്നാണ് പതഞ്ജലിയുടെ ഈ പുതിയ കൊവിഢ് മരുന്നിന്റെ അവകാശവാദം. എന്നാല്‍ വിചിത്രമായ വൈരുദ്ധ്യം ഇതിന് കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയ്ക്കുന്നു എന്നതാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ മെഡിസിന്‍ എത്തിക്‌സ് അട്ടിമറിച്ചിരിക്കുന്ന സംഭവമായി മാറുകയാണ് ഇത്.
ഫെബ്രുവരി 19-നാണ് ബാബാ രാംദേവ് കൊറോണില്‍ എന്ന വാക്‌സിന്‍ പുറത്തിറക്കുകയും വാക്‌സിന് ലോകാരോഗ്യസംഘടനയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തത്. ഈ ചടങ്ങില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്ധനും ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും പങ്കെടുത്തിരുന്നു.
എന്നാല്‍ പിന്നീട് പതഞ്ജലിയുടെ ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ കൊറോണിലിന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ സാക്ഷ്യപത്രം കിട്ടിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ലെന്നും തിരുത്തിപ്പറയുകയുണ്ടായി. ക്ലനിക്കല്‍ ട്രയലുകളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും കൊറോണില്‍ മികച്ച ആയുര്‍വേദ മരുന്നാണെന്നും രാംദേവും പ്രഖ്യാപിച്ചു.
