പലതു കൊണ്ടും ബി.ജെ.പി.യുടെ ഇന്ത്യയിലെ പരീക്ഷണശാലയായ ഗുജറാത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കി പുതിയ രാഷ്ട്രീയ താരങ്ങള്‍ ഉയരുന്നത് ശ്രദ്ധേയമാകുന്നു. സംസ്ഥാനത്ത് ഫെബ്രുവരി 21ന് നടന്ന ആറ് മെട്രോ നഗര ഭരണസമിതികളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും ബി.ജെ.പി. തൂത്തുവാരി. ആറ് മെട്രോ നഗരങ്ങളിലും, അതായത് അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ജാംനഗര്‍, ഭവനഗര്‍ എല്ലായിടത്തും ബി.ജെ.പി.യുടെ ആധിപത്യം. ഗുജറാത്തില്‍ രണ്ട് ദശാബ്ദമായി ഗുജറാത്തില്‍ ബി.ജെ.പി.യുടെ സമഗ്രാധിപത്യത്തിനു കീഴിലാണ് രാഷ്ട്രീയം. ഒരിക്കല്‍ കോണ്‍ഗ്രസിന്റെതായിരുന്നു ഈ സംസ്ഥാനം. എന്നാല്‍ ഇന്ന് ആ പാര്‍ടിക്ക് മേല്‍വിലാസം ഇല്ലാത്ത അവസ്ഥയാണ്. നഗരസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയത് വെറും എട്ട് ശതമാനം വോട്ടാണ്. ബി.ജെ.പി.ക്ക് 85 ശതമാനം വോട്ടും. 576 സീറ്റുകളില്‍ ബി.ജെ.പി. നേടിയത് 483 സീറ്റുകള്‍. കോണ്‍ഗ്രസിന് വെറും 46 സീറ്റ്.
എന്നാല്‍ സൂറത്തിലെയും അഹമ്മദാബാദിലെയും വിജയം ഗുജറാത്തിലേക്ക് പുതിയതായി കാല്‍ വെച്ചു വരുന്ന ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഡല്‍ഹിയിലും പിന്നെ പഞ്ചാബിലും മാത്രം കാര്യമായി വേരുകളുള്ള ആം ആദ്മി പാര്‍ടിയും ഒപ്പം അടുത്ത കാലത്ത് ബിഹാറിലേക്കും വേരാഴ്ത്തിയിട്ടുള്ള അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം. എന്ന പാര്‍ടിയും ഗുജറാത്തിലെ രാഷ്ട്രീയ ആകാശത്തിലേക്ക് എത്തിയിരിക്കയാണ്. അഹമ്മദാബാദില്‍ ഒവൈസിയുടെ പാര്‍ടി ഏഴ് സീറ്റില്‍ ജിയിച്ചത് പുതിയൊരു രാഷ്ട്രീയ ധ്രുവീകരണത്തിന്റെ സൂചന നല്‍കുന്നു. അഹമ്മദാബാദില്‍ 192 സീറ്റില്‍ 159 എണ്ണത്തിലും ബി.ജെ.പി.യാണ് ജയിച്ചത്. കോണ്‍ഗ്രസ് 25 സീറ്റില്‍ രക്ഷപ്പെട്ടു. ആദ്യമായി രംഗത്തെത്തിയ ഒവൈസിയുടെ പാര്‍ടിക്ക് ഏഴ് സീറ്റ് കിട്ടി. തീവ്ര ഹിന്ദുത്വത്തിനെതിരെ ഭാവിയില്‍ കൂടുതലായ ധ്രുവീകരിക്കാന്‍ പോകുന്ന പുതിയ ന്യൂനപക്ഷ സ്വത്വ രാഷ്ട്രീയത്തിന്റെ ഉദയമാണ് ഇപ്പോള്‍ അഹമ്മദാബാദിലും ഏതാനും മാസം മുമ്പ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ദൃശ്യമായത്.
സൂറത്തില്‍ കോണ്‍ഗ്രസിനെ തിരസ്‌കരിച്ച മതേതര വോട്ടര്‍മാര്‍ പക്ഷേ ബി.ജെ.പി.യെ അല്ല തിരഞ്ഞെടുത്തത്, ആം ആദ്മിയെ ആയിരുന്നു. 27 സീറ്റിലാണ് ആം ആദ്മി ജയിച്ചത്. ആം ആദ്മിയുടെ ആദ്യത്തെ മല്‍സരവും ആദ്യത്തെ വിജയവും തന്നെ ആവേശകരമായിത്തീര്‍ന്നു. 120 സീറ്റുള്ള സൂറത്തില്‍ ബി.ജെ.പി. ജയിച്ചത് 93 സീറ്റില്‍. ബാക്കി മുഴുവന്‍ ആം ആദ്മിക്ക്. അതായത് കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല. പ്രതിപക്ഷം ആം ആദ്മി. ഇതിലും വലിയ ആഘാതം കോണ്‍ഗ്രസ്സിന് വേറെ എവിടെയുണ്ടാവും.
ഗുജറാത്ത് തിരഞ്ഞെടുപ്പ് നല്‍കുന്ന പൊതു ചിത്രത്തില്‍ ആം ആദ്മിയുടെ എന്‍ട്രിയുടെ പ്രാധാന്യം മനസ്സിലാകണമെങ്കില്‍ ഈ കണക്കു കൂടി നോക്കണം. ആകെ നഗരസഭാ സീറ്റുകള്‍-576, ബി.ജെ.പി.ക്ക്-483, കോണ്‍ഗ്രസിന്-55, ആംആദ്മിക്ക്-27. ആദ്യമായി സംസ്ഥാനത്ത് മല്‍സരിക്കാനെത്തിയ പാര്‍ടിക്ക് കിട്ടിയത് ദശാബ്ദങ്ങളോളം സംസ്ഥാനം ഭരിച്ച ദേശീയ പാര്‍ടിയായ കോണ്‍ഗ്രസിന് കിട്ടിയതിന്റെ കൃത്യം പാതി സീറ്റുകള്‍!!
സൂറത്തില്‍ പട്ടിദാര്‍മാരുടെ പിന്തുണ നേടാനായതാണ് ആം ആദ്മിക്ക് വിജയം നല്‍കിയത് എന്ന് പൊതുവെ പറയുമ്പോഴും പട്ടീദാര്‍മാരുടെ നേതാവായ ഹാര്‍ദിക് പട്ടേലിനെ കോണ്‍ഗ്രസ് നേതാവാക്കിയിട്ട് കോണ്‍ഗ്രസിന് എന്തെങ്കിലും നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞോ എന്ന് ചോദ്യത്തിന് ദേശീയ നേതൃത്വം ഉത്തരം പറയേണ്ടതുണ്ട്. പട്ടീദാര്‍ റിസര്‍വേഷന്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിന്റെ സമരം ഗുജറാത്തിനെ ഇളക്കി മറിച്ചിരുന്നു. ആ വോട്ട് ബാങ്ക് കൈക്കലാക്കാനാണ് ഹാര്‍ദിക് പട്ടേലിനെ കോണ്‍ഗ്രസ് ആകര്‍ഷിച്ചത്. പക്ഷേ തിരഞ്ഞെടുപ്പില്‍ പട്ടീദാര്‍ വിഭാഗത്തിന് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകാതിരുന്നപ്പോള്‍ ആം ആദ്മിയുടെ രാഷ്ട്രീയ നയതന്ത്രം പ്രവര്‍ത്തിച്ചു. ആം ആദ്മി സ്ഥാനാര്‍ഥികളായി പട്ടീദാര്‍ വിഭാഗക്കാര്‍ വന്നു. ഫലം, കോണ്‍ഗ്രസ് തുന്നം പാടി, ആം ആദ്മി എല്ലാ സീറ്റും ജയിച്ചു.
കഴിഞ്ഞ തവണ 36 സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചിടമാണ് സൂറത്ത് എന്നതും ഓര്‍ക്കണം. അന്ന് ബി.ജെ.പി.ക്ക് 80 സീറ്റായിരുന്നു, ഇപ്പോളത് 97 ആയി വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ കോണ്‍ഗ്രസ് ഇത്രയും സമ്പൂര്‍ണ തിരിച്ചടി നേരിട്ടിട്ടില്ല സൂറത്തില്‍.